ഒരു യുവതിക്ക് അവളുടെ മനോഹരമായ തവിട്ടു നിറമുള്ള ത്വക്ക് നിറം മങ്ങിത്തുടങ്ങിയപ്പോള്‍, തന്റെ ‘വ്യക്തിത്വം’ നഷ്ടപ്പെടുന്നതായി അവള്‍ ഭയപ്പെട്ടു. എന്റെ ‘പാടുകള്‍’ എന്നവള്‍ വിളിച്ച ഭാഗങ്ങളെ അവള്‍ കനത്ത മേക്കപ്പുകൊണ്ട് മായ്ക്കാന്‍ ശ്രമിച്ചു – അവ യഥാര്‍ത്ഥത്തില്‍ വിറ്റിലിഗോ എന്നു വിളിക്കുന്ന ഒരു അവസ്ഥയായിരുന്നു. ത്വക്കിന് നിറം കൊടുക്കുന്ന മെലാനിന്‍ എന്ന ഘടകം കുറയുമ്പോഴാണതു സംഭവിക്കുന്നത്.

എന്നാല്‍ ഒരു ദിവസം ‘എന്തിന് മറയ്ക്കണം?’ എന്ന് അവള്‍ തന്നോട് തന്നെ ചോദിച്ചു. സ്വയം അംഗീകരിക്കാന്‍ ദൈവിക ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് കനത്ത മേക്കപ്പ് അണിയുന്നത് അവള്‍ നിര്‍ത്തി. താമസിയാതെ അവളുടെ ആത്മവിശ്വാസത്തിന്റെ പേരില്‍ അവള്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങി. പിന്നീട് അവള്‍ ഒരു ആഗോള സൗന്ദര്യ സംവര്‍ദ്ധക ബ്രാന്‍ഡിന്റെ വിറ്റിലിഗോയ്‌ക്കെതിരായ ഒന്നാമത്തെ മോഡല്‍ വക്താവായി.

‘അതൊരു അനുഗ്രഹമാണ്’ തന്റെ വിശ്വാസവും കുടുംബവും സ്‌നേഹിതരുമായിരുന്നു തനിക്കു പ്രോത്സാഹനം നല്‍കിയതെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അവള്‍ വ്യക്തമാക്കി.

ഈ സ്ത്രീയുടെ കഥ, നാമോരോരുത്തരും ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടവരാണ് എന്നോര്‍ക്കുവാന്‍ നമ്മെ ക്ഷണിക്കുന്നു. ‘ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു: ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവനെ സൃഷ്ടിച്ചു” (ഉല്പത്തി 1:27). പുറമെ നമ്മുടെ രൂപം എങ്ങനെയായിരുന്നാലും നാമെല്ലാവരും ദൈവത്തിന്റെ സ്വരൂപ-വാഹികളാണ്. അവന്റെ സൃഷ്ടികളായ വ്യക്തികളെന്ന നിലയില്‍, നാം അവന്റെ തേജസ്സിനെ പ്രതിഫലിപ്പിക്കുന്നു; യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍ അവനെ ലോകത്തില്‍ പ്രതിനിധീകരിക്കുവാനായി നാം രൂപാന്തരപ്പെട്ടിരിക്കുന്നു.

നിങ്ങളുടെ ത്വക്കിനെ ഇഷ്ടപ്പെടുന്ന കാര്യത്തില്‍ നിങ്ങള്‍ പ്രയാസപ്പെടുന്നുണ്ടോ? ഇന്ന്, കണ്ണാടിയില്‍ നോക്കി ദൈവത്തിനുവേണ്ടി പുഞ്ചിരിക്കുക. അവന്‍ തന്റെ സ്വരൂപത്തില്‍ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു.