എന്റെ കോളേജ് പഠനകാലത്ത്, വേനലവധിക്കാലങ്ങളില്‍ മനോഹരമായ കൊളറാഡോ പര്‍വ്വതത്തിലുള്ള ഒരു അതിഥി കൃഷിയിടത്തില്‍ ജോലി ചെയ്യുമായിരുന്നു. ജോലിക്കാര്‍ മാറിമാറി ‘രാത്രി കാവല്‍’ ജോലിക്ക് നിയമിക്കപ്പെടുമായിരുന്നു – അതിഥികള്‍ ഉറങ്ങുമ്പോള്‍ അവരുടെ സംരക്ഷണത്തിനായി, കാട്ടുതീ പടരുന്നുണ്ടോ എന്നു നോക്കുകയായിരുന്നു ആ ജോലി. ആദ്യമൊക്കെ തളര്‍ത്തുന്നതും മുഷിപ്പനുമായി തോന്നിയ ജോലി, ക്രമേണ ശാന്തമായിരിക്കാനും ചിന്തിക്കാനും ദൈവസാന്നിദ്ധ്യത്തിന്റെ മഹത്വത്തില്‍ ആശ്വാസം പ്രാപിക്കാനുമുള്ള അതുല്യ അവസരമായി മാറി.
ദാവീദ് രാജാവ്, തന്റെ കിടക്കയിലും ‘രാത്രിയാമങ്ങളിലും’ ദൈവസാന്നിദ്ധ്യത്തിനായി തീവ്രമായി അന്വേഷിക്കുകയും (വാ. 6) അഭിലഷിക്കുകയും ചെയ്തു (സങ്കീര്‍ത്തനം 63:1). ദാവീദ് അസ്വസ്ഥനായിരുന്നുവെന്ന് സങ്കീര്‍ത്തനത്തില്‍ നിന്നു വ്യക്തമാണ്. തന്റെ മകനായ അബ്ശാലോമിന്റെ മത്സരം നിമിത്തം തന്നെ അലട്ടിയിരുന്ന കഠിനമായ വ്യഥ സങ്കീര്‍ത്തനത്തിലെ വാക്കുകളില്‍ നിഴലിച്ചു കാണാം. എങ്കിലും രാത്രി യാമം, ‘[ദൈവത്തിന്റെ] ചിറകിന് നിഴലില്‍’ (വാ.7) – അവന്റെ ശക്തിയിലും സാന്നിധ്യത്തിലും – സഹായവും യഥാസ്ഥാപനവും കണ്ടെത്താനുള്ള അവസരമായിരുന്നു ദാവീദിന്.
ഒരുപക്ഷേ നിങ്ങള്‍ ജീവിതത്തിലെ ചില പ്രതിസന്ധികളെയോ പ്രയാസങ്ങളെയോ നേരിടുകയോ ആയിരിക്കാം; രാത്രിയാമം ഒരിക്കലും ആശ്വാസദായകമല്ലായിരിക്കാം. ഒരുപക്ഷെ നിങ്ങളുടെ സ്വന്തം ‘അബ് ശാലോം’ നിങ്ങളുടെ ഹൃദയത്തിനും ആത്മാവിനും ഭാരമായി തീര്‍ന്നിട്ടുണ്ടാകാം. അല്ലെങ്കില്‍ കുടുംബത്തിലെയും ജോലിയിലെയും സാമ്പത്തിക വിഷയങ്ങളിലെയും ഭാരങ്ങള്‍ നിങ്ങളെ ബാധിച്ചിരിക്കാം. അങ്ങനെയാണെങ്കില്‍, ഈ നിദ്രാവിഹീന നിമിഷങ്ങള്‍ ദൈവത്തെ വിളിച്ചപേക്ഷിക്കാനും അവനെ മുറുകെപ്പിടിക്കാനുമുള്ള അവസരങ്ങളായി കരുതുക – അവന്റെ സ്നേഹമസൃണ കരം നിങ്ങളെ താങ്ങുവാന്‍ അനുവദിക്കുക (വാ. 8).
പ്രിയ ദൈവമേ, ഓരോ രാത്രിയാമത്തിലും എന്നോടൊപ്പം ഉണര്‍ന്നിരിക്കുന്നതിന് അങ്ങേക്ക് നന്ദി.