താന്‍ ഒത്തിരി വേദന അനുഭവിക്കേണ്ടി വരുമെന്നറിഞ്ഞുകൊണ്ട് ഡാര്‍നെല്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റിന്റെ ഓഫീസിലേക്കു പ്രവേശിച്ചു. തെറാപ്പിസ്റ്റ് അവന്റെ കൈ വലിക്കുകയും നീട്ടുകയും, അപകടത്തിന് ശേഷം മാസങ്ങളോളം സ്ഥാനം തെറ്റിയിരുന്ന കൈ ശരിയായ സ്ഥാനത്ത് പിടിച്ചിടുകയും ചെയ്തു. ചില നിമിഷങ്ങള്‍ കൈ അസ്വസ്ഥജനകമായ നിലയില്‍ പിടിച്ചശേഷം അവള്‍ മൃദുവായി പറഞ്ഞു, ‘ശരി, ഇനി റിലാക്സ് ചെയ്യാം.” ”തെറാപ്പിയുടെ സമയത്ത് കുറഞ്ഞപക്ഷം, അമ്പതു പ്രാവശ്യമെങ്കിലും ‘ശരി, ഇനി റിലാക്സ് ചെയ്യാം’ എന്ന് അവള്‍ പറഞ്ഞു’ ഡാര്‍നെല്‍ പിന്നീട് പറഞ്ഞു.

ഈ വാക്കുകളെക്കുറിച്ചു ചിന്തിച്ചപ്പോള്‍, അവയെ തന്റെ ജീവിതത്തിന്റെ ഇതര കാര്യങ്ങളിലും പ്രായോഗികമാക്കാന്‍ കഴിയും എന്നു ഡാര്‍നെല്‍ മനസ്സിലാക്കി. ആകുലപ്പെടുന്നതിന് പകരം ദൈവത്തിന്റെ നന്മയിലും വിശ്വസ്തതയിലും തനിക്കു വിശ്രമിക്കാന്‍ കഴിയും.

യേശു തന്റെ മരണത്തോടു സമീപിച്ചപ്പോള്‍, ഇക്കാര്യം തന്റെ ശിഷ്യന്മാര്‍ പഠിക്കണമെന്ന് യേശു അറിഞ്ഞു. താമസിയാതെ അവര്‍ പീഡനത്തിന്റെയും യാതനകളുടെയും അവസരത്തെ നേരിടും. അവരെ ധൈര്യപ്പെടുത്തുന്നതിനായി, അവരോടുകൂടെ വസിക്കേണ്ടതിനും താന്‍ അവരെ പഠിപ്പിച്ച കാര്യങ്ങള്‍ അവര്‍ ഓര്‍മ്മിപ്പിക്കേണ്ടതിനുമായി പരിശുദ്ധാത്മാവിനെ അയച്ചുതരും എന്നവന്‍ പറഞ്ഞു (യോഹന്നാന്‍ 14:26). കൂടാതെ അവന്‍ പറഞ്ഞു, ‘സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുപോകുന്നു; എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു;
… നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കുകയും അരുത്’ (വാ. 27).

ദൈനം ദിന ജീവിതത്തില്‍ നമ്മെ വരിഞ്ഞു മുറുക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ദൈവത്തിന്റെ ആത്മാവ് നമ്മില്‍ വസിക്കുന്നു എന്നും അവന്‍ തന്റെ സമാധാനം നമുക്ക് വാഗ്ദാനം ചെയ്യുന്നു എന്നും നമ്മെത്തന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ദൈവത്തിലുള്ള നമ്മുടെ ആശ്രയത്തില്‍ വളരുവാന്‍ നമുക്ക് കഴിയും. അവന്റെ ശക്തി നാം ആര്‍ജ്ജിക്കുമ്പോള്‍ ‘ശരി, ഇനി നിനക്ക് ശാന്തമാകാം’ എന്ന തെറാപ്പിസ്റ്റിന്റെ വാക്കുകളില്‍ അവന്‍ പറയുന്നത് നമുക്ക് കേള്‍ക്കാന്‍ കഴിയും.