മൊജാവ് മരുഭൂമിയില്‍ എല്ലാ മരുഭൂമികളിലും കാണപ്പെടുന്ന മണല്‍ക്കുന്നുകളും വരണ്ട ഗര്‍ത്തങ്ങളും പെട്ടിക്കുന്നുകളും പര്‍വ്വതങ്ങളും കാണാവുന്നതാണ്. എന്നാല്‍ അമേരിക്കന്‍ ജീവശാസ്ത്രകാരനായ എഡ്മണ്ട് ജയ്ഗര്‍, ഓരോ ഇടവിട്ടുള്ള ചില വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന സമൃദ്ധമായ മഴ നിമിത്തം, മരുഭൂമിയുടെ ഓരോ അടി മണലും അല്ലെങ്കില്‍ പാറ മണലും അക്ഷരാര്‍ത്ഥത്തില്‍ ‘പുഷ്പങ്ങളുടെ പുതപ്പുകൊണ്ട് മൂടപ്പെടും’ എന്നു നിരീക്ഷിച്ചു. എങ്കിലും മൊജാവ് വന്യപുഷ്പ പ്രദര്‍ശനം വാര്‍ഷിക പ്രതിഭാസമല്ല. ഉണങ്ങിയ ഭൂമി പേമാരി കൊണ്ട് കുതിര്‍ക്കപ്പെടുകയും സൂര്യനാല്‍ ചുടുപിടിക്കപ്പെടുകയും ചെയ്തു ശരിയായ സമയമാകുമ്പോള്‍ മരുഭൂമി ബഹുവര്‍ണ്ണ പുഷ്പങ്ങള്‍കൊണ്ട് മൂടപ്പെടും എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.

വരണ്ട ഭൂപ്രദേശത്തും ദൈവം ജീവന്‍ ഉല്പാദിപ്പിക്കുന്ന ഈ ചിത്രം, യെശയ്യാ പ്രവാചകന്റെ വചനങ്ങളാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്. സകല രാജ്യങ്ങളുടെമേലും ദൈവിക ന്യായവിധിയുടെ ദൂത് പ്രഖ്യാപിച്ചനന്തരം പ്രത്യാശയുടെ പ്രോത്സാഹജനകമായ ഒരു ദര്‍ശനം അവന്‍ പങ്കുവെച്ചു (യെശയ്യാവ് 35). ദൈവം സകലത്തെയും നേരെയാക്കുന്ന ഭാവികാലത്തെ വിവരിച്ചുകൊണ്ട്, പ്രവാചകന്‍ പറഞ്ഞു, ‘മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിര്‍ജ്ജന പ്രദേശം ഉല്ലസിച്ചു പനിനീര്‍ പുഷ്പം പോലെ പൂക്കും’ (വാ. 1). ദൈവത്തിന്റെ രക്ഷിതജനം അവന്റെ രാജ്യത്തില്‍ ‘ഉല്ലാസഘോഷത്തോടെ വരും; നിത്യാനന്ദം അവരുടെ തലമേല്‍ ഉണ്ടായിരിക്കും; അവര്‍ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീര്‍പ്പും ഓടിപ്പോകും’ (വാ. 10) എന്നവന്‍ പ്രഖ്യാപിക്കുന്നു.

നമ്മുടെ നിത്യമായ ഭാവി ദൈവിക വാഗ്ദത്തങ്ങളാല്‍ ഉറപ്പാക്കപ്പെട്ടിരിക്കയാല്‍, ജീവിതത്തിന്റെ വരള്‍ച്ചയുടെയും പേമാരിയുടെയും കാലഘട്ടങ്ങളില്‍ നമുക്കവനില്‍ ആശ്രയിക്കാന്‍ കഴിയും. അവന്റെ സ്‌നേഹത്തില്‍ ആഴമായി വേരൂന്നി നമുക്ക് വളരാനും അവന്റെ സാദൃശ്യത്തിലേക്കു പൂത്തുലയുവാനും കഴിയും; തക്കസമയത്ത് യേശു മടങ്ങിവരികയും എല്ലാ കാര്യങ്ങളും ശരിയാക്കുകയും ചെയ്യും.