എന്റെ സ്‌നേഹിത എറിന്റെ കൈത്തണ്ടയില്‍, പിന്നുകളെ തട്ടിവീഴ്ത്തുന്ന പന്തിന്റെ ചിത്രം ടാറ്റൂ ചെയ്തിരിക്കുന്നത് എന്നില്‍ കൗതുകമുണര്‍ത്തി. സാറാ ഗ്രോവ്സിന്റെ ‘സെറ്റിംഗ് അപ് ദി പിന്‍സ്’ എന്ന ഗാനം ശ്രവിച്ചതിനെത്തുടര്‍ന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എറിന്‍ ഈ അതുല്യ ടാറ്റൂ അണിഞ്ഞത്. വല്ലവര്‍ക്കും എറിഞ്ഞു വീഴ്ത്താനായി വീണ്ടും വീണ്ടും കൈകൊണ്ട് പിന്നുകള്‍ ഉറപ്പിക്കുന്നതുപോലെയുള്ള അര്‍ത്ഥ ശൂന്യമെന്ന് തോന്നുന്ന ആവര്‍ത്തിച്ചുള്ള പ്രതിദിന ജോലികളില്‍ സന്തോഷം കണ്ടെത്താന്‍ ബുദ്ധിപൂര്‍വ്വമായ ഈ വരികള്‍ ശ്രോതാക്കളെ ഉത്സാഹിപ്പിക്കുന്നു.

തുണി കഴുകല്‍, പാചകം, പുല്‍ത്തകിടി വെട്ടല്‍ എന്നിങ്ങനെ ജീവിതത്തില്‍ നിറയെ ജോലികളാണ് – ഒരിക്കല്‍ പൂര്‍ത്തിയാക്കിയാലും പിന്നെയും പിന്നെയും ആവര്‍ത്തിക്കേണ്ടവ. ഇതൊരു പുതിയ പോരാട്ടമല്ല, പഴയ അസ്വസ്ഥതകളാണ്. പഴയ നിയമ ഗ്രന്ഥമായ സഭാപ്രസംഗിയിലും ഈ പോരാട്ടം കാണാം. ദൈനംദിന മനുഷ്യജീവിതത്തിലെ അന്തമില്ലാത്ത കറക്കത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റി എഴുത്തുകാരന്‍ പരാതിപ്പെട്ടുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത് (1:2-3). ‘ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും ചെയ്തു കഴിഞ്ഞത് ചെയ്യുവാനുള്ളതും ആകുന്നു’ (വാ.9) എന്നതിനാല്‍ അവ അര്‍ത്ഥശൂന്യമാകുന്നു.

എങ്കിലും, എന്റെ സ്‌നേഹിതയെപ്പോലെ, എഴുത്തുകാരനും ‘നാം ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകള്‍ പ്രമാണിക്കുമ്പോള്‍’ (12:13) നമ്മുടെ ആത്യന്തിക സാക്ഷാത്ക്കാരം സംഭവിക്കും എന്ന് ഓര്‍മ്മിച്ചുകൊണ്ട് സന്തോഷവും അര്‍ത്ഥവും കണ്ടെത്തുവാന്‍ കഴിഞ്ഞു. ജീവിതത്തിലെ സാധാരണവും മുഷിപ്പനെന്നു തോന്നുന്നതുമായ കാര്യങ്ങളും ദൈവം വിലമതിക്കുകയും നമ്മുടെ വിശ്വസ്തതയ്ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും (വാ.14) എന്നറിയുന്നത് നമുക്കാശ്വസമാണ്.

നിങ്ങള്‍ തുടര്‍ച്ചയായി ഉറപ്പിച്ചുകൊണ്ടിരിക്കുന്ന ‘പിന്നുകള്‍’ എന്താണ്? ആവര്‍ത്തിക്കുന്ന ജോലികള്‍ നിങ്ങളെ ക്ഷീണിപ്പിക്കുന്ന സമയങ്ങളില്‍, ഓരോ ജോലിയും ദൈവത്തിനുള്ള സ്‌നേഹയാഗമായി സമര്‍പ്പിക്കുവാന്‍ ഒരു നിമിഷം നമുക്ക് മാറ്റി വയ്ക്കാം.