ആബി ഹൈസ്‌കൂളില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍, ഒരു വിമാനാപകടത്തില്‍ മാരകമായി മുറിവേറ്റ ഒരു യുവാവിനെപ്പറ്റിയുള്ള വാര്‍ത്ത അവളും അമ്മയും കേട്ടു – ആ അപകടത്തില്‍ അവന്റെ പിതാവും രണ്ടാനമ്മയും കൊല്ലപ്പെട്ടിരിക്കുന്നു. ആ വ്യക്തിയെ അവര്‍ക്കറിയില്ലെങ്കിലും ആബിയുടെ അമ്മ പറഞ്ഞു, ‘അവനും അവന്റെ കുടുംബത്തിനുവേണ്ടി നാം പ്രാര്‍ത്ഥിക്കേണം,’ അവരങ്ങനെ ചെയ്തു.

ചില വര്‍ഷങ്ങള്‍ക്ക് ശേഷം, ആബി തന്റെ യൂണിവേഴ്സിറ്റിയിലെ ഒരു ക്ലാസ്സിലേക്ക് നടക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥി തന്റെ അരികിലുള്ള കസേരയിലേക്ക് അവളെ ക്ഷണിച്ചു. ആ വിദ്യാര്‍ത്ഥി, ആബിയും മാതാവും പ്രാര്‍ത്ഥിച്ച, വിമാനാപകട ഇരയായ ഓസ്റ്റിന്‍ ഹാച്ച് ആയിരുന്നു. താമസിയാതെ അവര്‍ സൗഹൃദത്തിലാകുകയും 2018 ല്‍ വിവാഹിതരാകുകയും ചെയ്തു.

‘എന്റെ ഭാവി ഭര്‍ത്താവിനുവേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നത് എന്ന കാര്യം വിചിത്രമാണ്’ അവരുടെ വിവാഹത്തിന് തൊട്ടുമുമ്പ് ഒരു അഭിമുഖത്തില്‍ ആബി പറഞ്ഞു. മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ സമയമെടുക്കാതെ നമ്മുടെ പ്രാര്‍ത്ഥനകള്‍ നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായും നമ്മോടടുത്ത ആളുകള്‍ക്കായും പരിമിതപ്പെടുത്തുന്നത് എളുപ്പമാണ്. എന്നാല്‍ എഫെസൊസിലെ ക്രിസ്ത്യാനികള്‍ക്കെഴുതുമ്പോള്‍ പൗലൊസ് അവരോട് പറഞ്ഞത് ‘സകല പ്രാര്‍ത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവില്‍ പ്രാര്‍ത്ഥിച്ചും അതിനായി
ജാഗരിച്ചും കൊണ്ടു, സകല വിശുദ്ധന്‍മാര്‍ക്കും എനിക്കും വേണ്ടി പ്രാര്‍ത്ഥനയില്‍ പൂര്‍ണ്ണസ്ഥിരത കാണിപ്പിന്‍’ എന്നാണ് (എഫെസ്യര്‍ 6:18). 1 തിമൊഥെയൊസ് 2:1 ല്‍ അധികാരികള്‍ ഉള്‍പ്പെടെ ‘ സകല മനുഷ്യര്‍ക്കും’ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമ്മോട് പറയുന്നു.

മറ്റുള്ളവര്‍ക്കുവേണ്ടി, നമുക്ക് പ്രാര്‍ത്ഥിക്കാം – നമുക്ക് പരിചയമില്ലാത്തവര്‍ക്ക് വേണ്ടി പോലും. അത് ‘തമ്മില്‍ തമ്മില്‍ ഭാരങ്ങള്‍ ചുമക്കുന്നതിന്’ ഉള്ള മാര്‍ഗ്ഗങ്ങളിലൊന്നാണ് (ഗലാത്യര്‍ 6:2).