അറുപത്തി രണ്ടു വയസ്സുള്ള ഭവനരഹിതനും മുന്‍പട്ടാളക്കാരനുമായ സ്റ്റീവ്, ചൂടു കാലാവസ്ഥയുള്ള ഒരിടത്തേക്ക് താമസം മാറ്റി. വര്‍ഷത്തിലെല്ലാ സമയത്തും വെളിയില്‍ ഉറങ്ങാന്‍ പറ്റുന്നിടമായിരുന്നു അത്. ഒരു സന്ധ്യയ്ക്ക് അദ്ദേഹം താന്‍ കൈകൊണ്ട് വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ – കുറച്ചു പണം സമ്പാദിക്കാനുള്ള ശ്രമത്തില്‍ – ഒരു യുവതി അടുത്ത് വന്ന് ഒരു പിസ്സായുടെ നിരവധി കഷണങ്ങള്‍ നീട്ടി. ആദ്ദേഹം നന്ദിയോടെ സ്വീകരിച്ചു. നിമിഷങ്ങള്‍ക്കകം സ്റ്റീവ് തനിക്ക് ലഭിച്ച സമൃദ്ധി, വിശക്കുന്ന മറ്റൊരു ഭവനരഹിതനുമായി പങ്കിട്ടു, അദ്ദേഹം തനിക്ക് ലഭിച്ചത് ഔദാര്യപൂര്‍വ്വം പങ്കിട്ടത് മനസ്സിലാക്കിയ ആ യുവതി ഉടനെ തന്നെ മറ്റൊരു പാത്രം ഭക്ഷണവുമായി അവിടെ വന്നു.
സ്റ്റീവിന്റെ കഥ, സദൃശവാക്യങ്ങള്‍ 11:25 ല്‍ കാണുന്ന പ്രമാണത്തെ ചിത്രീകരിക്കുന്നു. നാം മറ്റുള്ളവരോട് ഔദാര്യം കാണിക്കുമ്പോള്‍, നാം ഔദാര്യം തിരികെ അനുഭവിക്കും. എന്നാല്‍ തിരിച്ചുകിട്ടും എന്നു പ്രതീക്ഷിച്ചുകൊണ്ടല്ല നാം ഔദാര്യം കാണിക്കേണ്ടത്; അപൂര്‍വ്വമായി മാത്രമേ നമ്മുടെ ഔദാര്യം അയാള്‍ക്ക് കിട്ടിയതുപോലെ ഉടനടി മടക്കി ലഭിക്കാറുള്ളു. മറിച്ച് നാം അത് ചെയ്യുന്നത് ദൈവിക കല്പനയോടുള്ള സ്നേഹപൂര്‍വ്വമായ പ്രതികരണം നിമിത്തമാണ് (ഫിലിപ്പിയര്‍ 2:3-4; 1 യോഹന്നാന് 3:17). നാം അത് ചെയ്യുമ്പോള്‍, ദൈവം പ്രസാദിക്കുന്നു. നമ്മുടെ പേഴ്സുകളും വയറുകളും നിറയ്ക്കാന്‍ യാതൊരു ബാധ്യതയും ഇല്ലെങ്കില്‍ പോലും, നമ്മെ നിറയ്ക്കാന്‍ – ചിലപ്പോള്‍ ഭൗതികമായും മറ്റു ചിലപ്പോള്‍ ആത്മീകമായും – അവന് വഴി കണ്ടെത്തും.
സ്റ്റീവ് തനിക്ക് ലഭിച്ച രണ്ടാമത്തെ പ്ലേറ്റും പുഞ്ചിരിയോടും തുറന്ന കരങ്ങളോടും കൂടെ പങ്കിട്ടു. തനിക്ക് വരുമാന മാര്‍ഗ്ഗങ്ങളില്ലാതിരുന്നിട്ടും, നമുക്ക് വേണ്ടി ശേഖരിച്ചു വയ്ക്കാതെ നമുക്കുള്ളത് മറ്റുള്ളവരുമായി സന്തോഷത്തോടെ പങ്കിടുവാന്‍ മനസ്സുള്ളവരായി ഔദാര്യമനസ്സോടെ ജീവിക്കുക എന്നാല്‍ എന്തെന്ന്, അദ്ദേഹം മാതൃക കാണിച്ചു. ദൈവം നമ്മെ ശക്തീകരിക്കുകയും നയിക്കുകയും ചെയ്യുന്നതനുസരിച്ച് നമ്മെക്കുറിച്ചും അങ്ങനെ പറയാന്‍ ഇടയാകട്ടെ.
ദൈവം നമുക്ക് നല്കിയിട്ടുള്ളതുകൊണ്ട് ഔദാര്യം കാണിക്കാന്‍ നമുക്ക് കഴിയും.