‘ഡാഡി, സമയമെത്രയായി?’ പിന്‍സീറ്റില്‍ നിന്നും എന്റെ മകന്‍ ചോദിച്ചു. ‘5:30 ആയി.’ അടുത്തതായി അവന്‍ എന്താണ് പറയാന്‍ പോകുന്നതെന്നെനിക്കറിയാമായിരുന്നു, ‘ഇല്ല, 5:28 ആണ്.’ അവന്റെ മുഖം പ്രകാശിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു, ‘തോല്‍പ്പിച്ചേ!’ അവന്റെ തെളിഞ്ഞ ചിരി പറഞ്ഞു. ഞാനും സന്തോഷിച്ചു – ഒരു പിതാവിനു മാത്രം കഴിയുന്ന നിലയില്‍ ഞങ്ങളുടെ പൈതലിനെ അറിയുന്നതില്‍ നിന്നും ഉളവാക്കുന്ന സന്തോഷമായിരുന്നു അത്.

ഏതൊരു ശ്രദ്ധാലുവായ പിതാവിനെയും പോലെ, ഞാന്‍ എന്റെ മക്കളെ അറിയുന്നു. ഞാന്‍ അവരെ ഉണര്‍ത്തുമ്പോള്‍ അവരെങ്ങനെ പ്രതികരിക്കും എന്നെനിക്കറിയാം. ഉച്ചഭക്ഷണത്തിനു അവര്‍ക്കെന്താണ് വേണ്ടതെന്ന് എനിക്കറിയാം. അവരുടെ നിരവധി നിരവധി താല്പര്യങ്ങള്‍, ആഗ്രഹങ്ങള്‍, മുന്‍ഗണനകള്‍ എനിക്കറിയാം.

എങ്കില്‍പ്പോലും, നമ്മുടെ കര്‍ത്താവ് നമ്മെ അറിയുന്നതുപോലെ, അവരെ അകവും പുറവും തികവാര്‍ന്ന നിലയില്‍ എനിക്കറിയില്ല.

യേശുവിനും തന്റെ ജനത്തെക്കുറിച്ചുള്ള ഗാഢമായ അറിവിന്റെ ഒരു സൂചന യോഹന്നാന്‍ 1 ല്‍ നാം കാണുന്നു. നഥനയേല്‍, ഫിലിപ്പൊസിന്റെ നിര്‍ബന്ധപ്രകാരം യേശുവിന്റെ അടുത്തേക്ക് ചെല്ലുമ്പോള്‍ യേശു പറഞ്ഞു, ‘ഇതാ സാക്ഷാല്‍ യിസ്രായേല്യന്‍, ഇവനില്‍ കപടം ഇല്ല’ (വാ. 47). പരിഭ്രമിച്ചുപോയ നഥനയേല്‍ ചോദിച്ചു, ‘എന്നെ എവിടെവെച്ചു അറിയും?’ നിഗൂഢമായിരുന്നു യേശുവിന്റെ മറുപടി, ‘നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു’ (വാ. 48).

ഈ പ്രത്യേക വിശദാംശം പങ്കിടാന്‍ എന്തുകൊണ്ട് യേശു തിരഞ്ഞെടുത്തു എന്നു നമുക്കറിയില്ല.
എങ്കിലും നഥനയേലിന് അതറിയാമായിരുന്നു എന്നു തോന്നുന്നു. അത്ഭുതപ്പെട്ടു പോയ അവന്‍ പ്രതികരിച്ചതിങ്ങനെ, ‘റബ്ബീ, നീ ദൈവപുത്രന്‍!’ (വാ. 49).

നമ്മെ ഓരോരുത്തരെയും യേശു ഇതുപോലെ അറിയുന്നു – ആത്മാര്‍ത്ഥമായി, പൂര്‍ണ്ണമായി, തികവാര്‍ന്ന രീതിയില്‍ – നാം അറിയപ്പെടാന്‍ ആഗ്രഹിച്ച രീതിയില്‍. അവന്‍ നമ്മെ പൂര്‍ണ്ണമായി സ്വീകരിക്കുന്നു. അവന്റെ അനുയായികള്‍ ആകാന്‍ മാത്രമല്ല, അവന്റെ പ്രിയപ്പെട്ട സ്‌നേഹിതരാകുവാനും നമ്മെ ക്ഷണിക്കുന്നു (യോഹന്നാന്‍ 15:15).