ഞങ്ങളുടെ പുത്രന്മാരിലൊരുവനായ ബ്രിയാന്‍ ഹൈസ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ കോച്ചാണ്. ഒരു വര്‍ഷം, അവന്റെ ടീം, വാഷിങ്ടണ്‍ സ്റ്റേറ്റ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിനു വേണ്ടി മുന്നേറ്റം നടത്തിക്കൊണ്ടിരുന്നപ്പോള്‍, അവരുടെ വിജയം ആഗ്രഹിച്ചിരുന്ന ആളുകള്‍ ചോദിച്ചു, ‘ഈ വര്‍ഷം നിങ്ങള്‍ വിജയിക്കുമോ?’ കളിക്കാരും കോച്ചും സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ടിരുന്നതിനാല്‍ ബ്രിയാന്‍ ഒരു മുദ്രാവാക്യം രൂപപ്പെടുത്തി, ‘സന്തോഷത്തോടെ കളിക്കുക!’

എഫെസൊസിലെ മൂപ്പന്മാരോടുള്ള അപ്പൊസ്തലനായ പൗലൊസിന്റെ അന്ത്യവാക്കുകള്‍ ഞാന്‍ ഓര്‍ത്തു: ‘എന്റെ ഓട്ടം … സന്തോഷത്തോടെ പൂര്‍ത്തിയാക്കണം എന്നേ എനിക്കുള്ളൂ’ (പ്രവൃത്തികള്‍ 20:24 NKJV). യേശു തനിക്ക് നല്‍കിയ ദൗത്യം പൂര്‍ത്തിയാക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം. ഞാന്‍ ആ വാക്കുകള്‍ എന്റെ ലക്ഷ്യവും മുദ്രാവാക്യവും ആക്കി മാറ്റി: ‘ഞാന്‍ എന്റെ ഓട്ടം സന്തോഷത്തോടെ ഓടി പൂര്‍ത്തിയാക്കട്ടെ.’ അഥവാ ബ്രിയാന്‍ പറഞ്ഞതുപോലെ ‘ഞാന്‍ സന്തോഷത്തോടെ കളിക്കട്ടെ.’ അതിനിടയില്‍ പറയട്ടെ, ആ വര്‍ഷം ബ്രിയാന്റെ ടീം സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി.

നമുക്കെല്ലാം നിരാശപ്പെട്ടുപോകാനുള്ള നല്ല കാരണങ്ങളുണ്ട് – ലോകവാര്‍ത്തകള്‍, ദൈനംദിന സമ്മര്‍ദ്ദങ്ങള്‍, ശാരീരിക പ്രശ്‌നങ്ങള്‍. എന്നിരുന്നാലും നാം അവനോട് ചോദിച്ചാല്‍ ഈ പ്രശ്‌നങ്ങളെയെല്ലാം അതിജീവിക്കുന്ന സന്തോഷം നമുക്ക് നല്‍കാന്‍ ദൈവത്തിനു കഴിയും. ‘എന്റെ സന്തോഷം’ എന്ന് യേശു പറഞ്ഞത് നമുക്ക് പ്രാപിക്കാന്‍ കഴിയും (യോഹന്നാന്‍ 15:11).

യേശുവിന്റെ ആത്മാവിന്റെ ഫലമാണ് സന്തോഷം (ഗലാത്യര്‍ 5:22). അതിനാല്‍ ഓരോ പ്രഭാതത്തിലും നമ്മെ സഹായിക്കുന്നതിനായി അവനോടപേക്ഷിക്കാന്‍ നമുക്കോര്‍ക്കാം: ‘ഞാന്‍ സന്തോഷത്തോടെ കളിക്കട്ടെ!’ എഴുത്തുകാരനായ റിച്ചാര്‍ഡ് ഫോസ്റ്റര്‍ പറഞ്ഞു, ‘പ്രാര്‍ത്ഥിക്കുക എന്നാല്‍ മാറ്റം വരിക എന്നാണര്‍ത്ഥം. ഇതൊരു മഹത്തായ കൃപയാണ്. നമ്മുടെ ജീവിതം സന്തോഷത്താല്‍ നിറയപ്പെടുന്ന ഒരു പന്ഥാവ് ദൈവം നമുക്ക് നല്‍കുന്നതെത്ര നല്ലതാണ്!’