ക്ഷമയുടെ സൗഖ്യദായക സ്വഭാവത്തെ പ്രചരിപ്പിക്കുകയാണ് ഒരു ക്രിസ്തീയ സംഘടന ദൗത്യമായി ഏറ്റെടുത്തിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഒന്ന് ഒരു സ്‌കിറ്റ് ആണ്. അതില്‍ ദ്രോഹിക്കപ്പെട്ട ഒരു വ്യക്തിയെ ദ്രോഹിച്ച വ്യക്തിയുമായി പുറത്തോടു പുറം ചേര്‍ത്ത് കയറുകൊണ്ട് വരിഞ്ഞു മുറുക്കുന്നതായി ചിത്രീകരിക്കുന്നു. ദ്രോഹിക്കപ്പെട്ട വ്യക്തിക്കു മാത്രമേ കയര്‍ അഴിക്കാന്‍ കഴിയൂ. അവള്‍ എന്ത് ചെയ്താലും അവളുടെ പുറത്ത് മറ്റൊരാളുണ്ട്. ക്ഷമിക്കാതെ – കയര്‍ അഴിക്കാതെ – അവള്‍ക്ക് രക്ഷപെടാന്‍ കഴിയില്ല.

തങ്ങള്‍ ചെയ്ത തെറ്റിനെക്കുറിച്ചു പശ്ചാത്താപത്തോടെ നമ്മെ സമീപിക്കുന്ന വ്യക്തിയോട് ക്ഷമിക്കുന്നതിലൂടെ, നാം അനുഭവിച്ച ദ്രോഹം നിമിത്തം നമ്മോട് പറ്റിച്ചേര്‍ന്നിരിക്കുന്ന കൈപ്പില്‍ നിന്നും വേദനയില്‍ നിന്നും നമ്മെയും അവരെയും സ്വതന്ത്രമാക്കുന്ന പ്രക്രിയ ആരംഭിക്കുകയാണ് ചെയ്യുന്നത്. ഉല്പത്തി പുസ്തകത്തില്‍, യാക്കോബ് ഏശാവിന്റെ ജന്മാവകാശം തട്ടിയെടുത്തതിനു ശേഷം, ഇരുവരും ഇരുപത് വര്‍ഷം വേര്‍പെട്ടിരുന്നതായി നാം കാണുന്നു. ഈ നീണ്ട കാലത്തിനു ശേഷം, സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ ദൈവം യാക്കോബിനോട് കല്പിക്കുന്നു (ഉല്പത്തി 31:3). അവന്‍ അനുസരിച്ചു, തുടര്‍ന്ന് ചാഞ്ചല്യത്തോടെ ഏശാവിനു സമ്മാനമായി കന്നുകാലികളെ കൊടുത്തയച്ചു (32:13-15). സഹോദരന്മാര്‍ കണ്ടുമുട്ടിയപ്പോള്‍, യാക്കോബ് താഴ്മയോടെ ഏശാവിന്റെ പാദങ്ങളില്‍ ഏഴുതവണ വീണു നമസ്‌കരിച്ചു (33:3). ഏശാവ് അവനെ ആലിംഗനം ചെയ്യാന്‍ ഓടിവന്നപ്പോള്‍ അവനുണ്ടായ അതിശയം സങ്കല്പിച്ചു നോക്കൂ. പരസ്പരം നിരപ്പ് പ്രാപിച്ച് ഇരുവരും പൊട്ടിക്കരഞ്ഞു (വാ. 4). യാക്കോബ് തന്റെ സഹോദരനോട് ചെയ്ത പാപം പിന്നെ ഒരിക്കലും അവനെ മഥിച്ചില്ല.

ക്ഷമയില്ലായ്മയുടെ തടവില്‍ കിടക്കുന്നതായും കോപം, ഭയം, ലജ്ജ എന്നിവയാല്‍ മൂടപ്പെട്ടിരിക്കുന്നതായും നിങ്ങള്‍ക്കനുഭവപ്പെടുന്നുണ്ടോ? നിങ്ങള്‍ സഹായം തേടുമ്പോള്‍ തന്റെ പുത്രനും പരിശുദ്ധാത്മാവും മുഖാന്തരം നിങ്ങളെ സ്വതന്ത്രമാക്കാന്‍ ദൈവത്തിനു കഴിയുമെന്നറിയുക.