എന്റെ മൂന്ന് വയസ്സുള്ള കൊച്ചുമകന്റെ ദിവസം ആരംഭിച്ചത് നല്ല രീതിയിലായിരുന്നില്ല. തന്റെ ഇഷ്ട ഷര്‍ട്ട് അവനു കണ്ടെത്താനായില്ല. അവന് ധരിക്കാനിഷ്ടപ്പെട്ട ഷൂസ് ചൂട് കൂടിയതായിരുന്നു. അവന് മുത്തശ്ശിയുടെ നേരെ കോപിക്കുകയും പിറുപിറുക്കുകയും ചെയ്തിട്ട് ഇരുന്നു കരയുവാന്‍ തുടങ്ങി.
‘നീയെന്താ ഇത്ര അസ്വസ്ഥനായിരിക്കുന്നത്?’ ഞാന്‍ ചോദിച്ചു. ഞങ്ങള്‍ അല്പനേരം സംസാരിച്ച ശേഷം, അവന് ശാന്തനായപ്പോള്‍ ഞാന്‍ സൗമ്യമായി ചോദിച്ചു ‘നീ മുത്തശ്ശിയോട് നന്നായിട്ടാണോ പെരുമാറിയത്?’ അവന് തന്റെ ഷൂസിലേക്ക് ചിന്താപൂര്‍വ്വം നോക്കിയിട്ട് പ്രതികരിച്ചു, ‘ഇല്ല ഞാന്‍ മോശമായിരുന്നു, ഞാന്‍ ഖേദിക്കുന്നു.’
എന്റെ ഹൃദയം അവനിലേക്ക് ചാഞ്ഞു. താന്‍ ചെയ്ത കാര്യം നിഷേധിക്കുന്നതിന് പകരം അവന് സത്യസന്ധനായിരുന്നു. അടുത്ത ചില നിമിഷങ്ങളില്‍, ഞങ്ങള്‍ തെറ്റ് ചെയ്യുമ്പോള്‍ ഞങ്ങളോട് ക്ഷമിക്കാനും നന്നായി ചെയ്യുന്നതിനു ഞങ്ങളെ സഹായിക്കാനും ഞങ്ങള്‍ യേശുവിനോടു പ്രാര്‍ത്ഥിച്ചു.
യെശയ്യാവ് 1 ല്‍, തങ്ങള്‍ ചെയ്ത പാപങ്ങളെക്കുറിച്ചു ദൈവം തന്റെ ജനത്തോട് ഇടപെടുന്നു. കോടതികളില്‍ അഴിമതിയും അനീതിയും അരങ്ങു വാഴുന്നു, ഭൗതിക നേട്ടങ്ങള്‍ക്കായി അനാഥരെയും വിധവമാരെയും പീഡിപ്പിക്കുന്നു. എന്നിട്ടും ദൈവം കരുണയോടെ പ്രതികരിക്കുകയും, തങ്ങള്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചു പശ്ചാത്തപിച്ചു മടങ്ങി വരാന്‍ യെഹൂദാ ജനത്തോടാവശ്യപ്പെടുകയും ചെയ്യുന്നു: ‘വരുവിന്‍, നമുക്കു തമ്മില്‍ വാദിക്കാം … നിങ്ങളുടെ പാപങ്ങള്‍ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും’ (യെശയ്യാവ് 1:18).
നമ്മുടെ പാപങ്ങളെക്കുറിച്ചു നാം ദൈവത്തോട് തുറന്നു പറയാന്‍ ദൈവം ആഗ്രഹിക്കുന്നു. അവന് സത്യസന്ധതയെയും മനസാന്തരത്തെയും ദയയോടെ സ്വീകരിക്കുന്നു – ‘നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന് നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കുവാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു’ (1 യോഹന്നാന് 1:9). നമ്മുടെ ദൈവം കരുണയുള്ളവനാകയാല്‍ പുതിയ തുടക്കം നമുക്കായി കാത്തിരിക്കുന്നു!
ദൈവത്തോട് സത്യസന്ധത പുലര്‍ത്താത്ത എന്ത് പാപമാണ് നിങ്ങള്‍ക്കുള്ളത്? അവ അവനോട് ഏറ്റുപറയുന്നതില്‍ നിന്നും നിങ്ങളെ വിലക്കുന്നത് എന്താണ്?
അബ്ബാ, പിതാവേ, ഇന്ന് എന്റെ ജീവിതത്തിലെ പാപത്തെ വിട്ടു തിരിഞ്ഞു, അങ്ങയോടൊത്ത് ഒരു പുതുജീവിതം ആരംഭിക്കാന്‍ എന്നെ സഹായിക്കേണമേ.