‘സമാധാനത്തെക്കുറിച്ചുള്ള നിന്റെ ചിന്തയെന്താണ്?’ ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സുഹൃത്ത് എന്നോട് ചോദിച്ചു. ‘സമാധാനം?’ ചിന്താക്കുഴപ്പത്തിലായ ഞാന്‍ ചോദിച്ചു. ‘എനിക്കുറപ്പില്ല – എന്തുകൊണ്ടാണ് നീ ചോദിച്ചത്?’
‘സഭാരാധനയില്‍ വെച്ച് നീ കാലുകള്‍ ചലിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ നീ എന്തിനെക്കുറിച്ചോ അസ്വസ്ഥയാണെന്ന് എനിക്ക് തോന്നി. തന്നെ സ്നേഹിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്ന സമാധാനത്തെക്കുറിച്ചു നീ ചിന്തിച്ചിട്ടുണ്ടോ?’ അവള്‍ പറഞ്ഞു.

ചില വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ ദിവസം, എന്റെ സ്നേഹിതയുടെ ചോദ്യം എന്നെ ഒരല്പം മുറിവേല്‍പ്പിച്ചു എങ്കിലും അതെന്റെ യാത്രയുടെ തുടക്കമായിരുന്നു. എങ്ങനെയാണ് ദൈവത്തിന്റെ ജനം പ്രതിസന്ധിയുടെ നടുവിലും ഈ ക്ഷേമത്തിന്റെയും സമാധാനത്തിന്റെയും ദാനത്തെ ആശ്ലേഷിച്ചതെന്നറിയാന്‍ ഞാന്‍ ബൈബിള്‍ പരിശോധിക്കാനാരംഭിച്ചു. കൊലൊസ്യര്‍ക്ക് പൗലൊസ് എഴുതിയ ലേഖനം ഞാന്‍ വായിച്ചപ്പോള്‍ ‘ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ’ എന്ന അപ്പൊസ്തലന്റെ കല്പന ഞാന്‍ വീണ്ടും വീണ്ടും അയവിറക്കി (കൊലൊസ്യര്‍ 3:15).

താനൊരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു സഭയ്ക്കാണ് പൗലൊസ് എഴുതിയത്. എങ്കിലും തന്റെ സ്നേഹിതനായ എപ്പഫ്രാസില്‍ നിന്നും അവരെക്കുറിച്ചു കേട്ടിരുന്നു. ദുരുപദേശങ്ങളുടെ കടന്നുകയറ്റം അവരിലെ ക്രിസ്തുവിന്റെ സമാധാനത്തെ നഷ്ടപ്പെടുത്തുന്നതില്‍ അവന്‍ ഉത്കണ്ഠാകുലനായിരുന്നു. എങ്കിലും അവരെ ഉപദേശിക്കുന്നതിനു പകരം, അവര്‍ക്ക് ഉറപ്പും പ്രത്യാശയും നല്‍കുന്ന ക്രിസ്തുവില്‍ ആശ്രയിക്കാന്‍ പൗലൊസ് അവരെ ഉത്സാഹിപ്പിച്ചു (വാ.15).

നമ്മുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിന്റെ സമാധാനം വാഴുന്നത് തിരഞ്ഞെടുക്കാനോ അല്ലെങ്കില്‍ നിരസിക്കാനോ പ്രേരിപ്പിക്കപ്പെടുന്ന സമയങ്ങള്‍ നാമെല്ലാം നേരിടേണ്ടി വരും. നാം ക്രിസ്തുവിങ്കലേക്കു തിരിഞ്ഞു നമ്മില്‍ വസിക്കാന്‍ അവനോടാവശ്യപ്പെടുമ്പോള്‍, നമ്മെ തളര്‍ത്തിക്കളയുന്ന ഉത്ക്കണ്ഠയില്‍ നിന്നും ആകുല ചിന്തയില്‍ നിന്നും അവന്‍ നമ്മെ സൗമ്യമായി വിടുവിക്കും. നാം അവന്റെ സമാധാനം അന്വേഷിക്കുമ്പോള്‍ അവന്‍ തന്റെ സ്നേഹം കൊണ്ടു നമ്മെ എതിരേല്‍ക്കുമെന്ന് നമുക്കവനില്‍ ആശ്രയിക്കാം.