Month: ആഗസ്റ്റ് 2019

ഇടുങ്ങിയ വൃത്തങ്ങള്‍

എന്റെ സഹപാഠി എന്റെ കുടുംബത്തിന് ഒരു രജിസ്റ്റേര്‍ഡ് കോളിയെ (കാവല്‍ നായ)തന്നു, വളരെ പ്രായം ചെന്നതായിരുന്നതിനാല്‍ അത് ഇനി പ്രസവിക്കുമായിരുന്നില്ല. ഈ സുന്ദരിയായ നായ പക്ഷേ ജീവിതകാലം മുഴുവനും ഒരു ചെറിയ കൂട്ടില്‍ അടയ്ക്കപ്പെട്ടിരുന്നതായി ഞങ്ങള്‍ മനസ്സിലാക്കി. ഇടുങ്ങിയ വൃത്തത്തിനുള്ളില്‍ മാത്രമേ അവള്‍ നടന്നിരുന്നുള്ളു. നേരെ ശരീരം നിവിര്‍ക്കാനോ, നേര്‍ പാതയില്‍ ഓടാനോ അതിനു കഴിഞ്ഞില്ല. കളിക്കാന്‍ വിശാലമായ മുറ്റം ഉണ്ടായിട്ടും താന്‍ അടയ്ക്കപ്പെട്ടിരിക്കുകയാണെന്നാണ് അതു കരുതിയത്.

ആദ്യ ക്രിസ്ത്യാനികള്‍ - അവരിലധികം പേരും യെഹൂദരായിരുന്നു - മോശൈക ന്യാപ്രമാണത്തിന്‍ കീഴില്‍ അടയ്ക്കപ്പെട്ടിരുന്നവരായിരുന്നു. ന്യാപ്രമാണം നല്ലതും പാപത്തെക്കുറിച്ചു ബോധം വരുത്തുവാനും അവരെ യേശുവിങ്കലേക്കു നയിക്കുവാനുമായി ദൈവത്താല്‍ നല്‍കപ്പെട്ടതായിരുന്നുവെങ്കിലും (ഗലാത്യര്‍ 3:19-25), ദൈവകൃപയിലും ക്രിസ്തുവിലെ സ്വാതന്ത്ര്യത്തിലും അടിസ്ഥാനപ്പെട്ട അവരുടെ പുതിയ വിശ്വാസത്തിനനുസരിച്ചു ജീവിക്കേണ്ട സമയമായിരുന്നു ഇത്. അവര്‍ മടിച്ചുനിന്നു. ഈ സമയത്തും അവര്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരായിരുന്നുവോ?

നമുക്കും ഇതേ പ്രശ്‌നം ഉണ്ടായിരിക്കാം. നമ്മെ വേലിക്കെട്ടിനുള്ളില്‍ നിര്‍ത്തുന്ന കര്‍ക്കസ നിയമങ്ങള്‍ ഉള്ള സഭകളിലായിരിക്കാം നാം വളര്‍ന്നു വന്നത്. അല്ലെങ്കില്‍ കൂടുതല്‍ സ്വാതന്ത്ര്യം ഉള്ള വീട്ടിലായിരിക്കാം നാം ജനിച്ചത്, ഇപ്പോള്‍ നിയമങ്ങളുടെ സുരക്ഷിതത്വം നമ്മെ വരിഞ്ഞുമുറുക്കുന്നുണ്ടാകാം. രണ്ടായാലും, ക്രിസ്തുവിലുള്ള നമ്മുടെ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള സമയമാണിത് (ഗലാത്യര്‍ 5:1).

സ്‌നേഹത്തില്‍ അവനെ അനുസരിക്കുന്നതിനും (യോഹന്നാന്‍ 14:21) 'സ്‌നേഹത്താല്‍ അന്യോന്യം സേവിക്കുവാനും' (ഗലാ. 5:13) യേശു നമ്മെ സ്വതന്ത്രരാക്കി. 'പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍, നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും' (യോഹന്നാന്‍ 8:36) എന്നതു മനസ്സിലാക്കുന്നവര്‍ക്കായി സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും വിശാലമായ വയല്‍ തുറന്നുകിടക്കുന്നു.

മഹത്തായ കാര്യങ്ങള്‍!

1989 നവംബര്‍ 9 ന് ബെര്‍ലിന്‍ മതില്‍ തകര്‍ന്ന വാര്‍ത്ത കേട്ട് ലോകം വിസ്മയിച്ചു. ജര്‍മ്മനിയിലെ ബെര്‍ലിനെ വിഭജിച്ച മതില്‍ തകരുകയും ഇരുപത്തിയെട്ടു വര്‍ഷമായി വിഭജിക്കപ്പെട്ടിരുന്ന നഗരം വീണ്ടും ഒന്നാകുകയും ചെയ്തു. സന്തോഷത്തിന്റെ പ്രഭവകേന്ദ്ര ജര്‍മ്മനിയായിരുന്നെങ്കിലും വീക്ഷിച്ചുകൊണ്ടിരുന്ന ലോകം ആവേശം പങ്കിട്ടു. മഹത്തായ ഒന്നു സംഭവിച്ചു.

ഏതാണ്ട് എഴുപതു വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ചശേഷം ബി.സി.538 ല്‍ യിസ്രായേല്‍ സ്വദേശത്തു മടങ്ങിയെത്തിയപ്പോള്‍, അതു സുപ്രധാനമായിരുന്നു. യിസ്രായേലിന്റെ ചരിത്രത്തിലെ സന്തോഷപൂരിതമായ ഒരു സമയത്തിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ടാണ് സങ്കീര്‍ത്തനം 126 ആരംഭിക്കുന്നത്. ആ അനുഭവം ചിരിയും സന്തോഷപൂര്‍ണ്ണമായ സംഗീതവും ദൈവം തന്റെ ജനത്തിനുവേണ്ടി മഹത്തായ കാര്യം ചെയ്തു എന്ന ലോകവ്യാപക അംഗീകരണവും കൊണ്ട് ശ്രദ്ധേയമായിരുന്നു (വാ. 2). അവന്റെ രക്ഷാകരമായ കരുണ ലഭിച്ച ജനത്തിന്റെ പ്രതികരണം എന്തായിരുന്നു? ദൈവത്തില്‍ നിന്നുള്ള മഹത്തായ കാര്യങ്ങള്‍ മഹത്തായ സന്തോഷം ഉളവാക്കി (വാ. 3). അതു കൂടാതെ, കഴിഞ്ഞ കാലങ്ങളിലെ അവന്റെ പ്രവൃത്തി, വര്‍ത്തമാനകാലത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെയും ഭാവിക്കുവേണ്ടിയുള്ള തിളക്കമാര്‍ന്ന പ്രത്യാശയുടെയും അടിസ്ഥാനമായി മാറി (വാ. 4-6).

നിങ്ങളും ഞാനും ദൈവത്തില്‍ നിന്നുള്ള മഹത്തായ കാര്യങ്ങളുടെ ഉദാഹരണങ്ങള്‍ക്കായി നമ്മുടെ അനുഭവത്തിലേക്ക് ഒത്തിരി ദൂരേക്കു നോക്കണമെന്നില്ല, വിശേഷിച്ചുംഅവന്റെ പുത്രനായ യേശുവിലൂടെ ദൈവത്തില്‍ വിശ്വസിക്കുന്നവരാണു നാമെങ്കില്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ ഗാനരചയിതാവായ ഫാനി ക്രോസ്ബി ആ വികാരം തന്റെ ഗാനത്തില്‍ ഇപ്രകാരം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്: 'മഹത്തായ കാര്യങ്ങള്‍ അവന്‍ നമ്മെ പഠിപ്പിച്ചു, മഹത്തായ കാര്യങ്ങള്‍ അവന്‍ ചെയ്തു, പുത്രനായ യേശുവിലൂടെ നമ്മുടെ സന്തോഷം മഹത്തായതാണ്.' അതേ, ദൈവത്തിനു മഹത്വം, അവന്‍ മഹത്തായ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.

നിങ്ങളുടെ ശബ്ദം ഉപയോഗിക്കുക

ലോകപ്രശസ്തനായ ഒരു പിയാനിസ്റ്റിനെ കാണാന്‍ എനിക്കു ക്ഷണം ലഭിച്ചു. സംഗീതത്തില്‍ മുഴുകി ഞാന്‍ വളര്‍ന്നു വന്നതിനാല്‍ - വയലിനും പിയോനോയും വായിച്ചും പള്ളിയിലും മറ്റു പ്രോഗ്രാമുകളിലും ഗാനം ആലപിച്ചും - ആ അവസരം എന്നെ ആവേശം കൊള്ളിച്ചു.

പിയാനിസ്റ്റിനെ കാണാന്‍ ഞാന്‍ എത്തിയപ്പോള്‍, അദ്ദേഹത്തിനു ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയില്ലെന്നു മനസ്സിലായി. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം എനിക്കൊരു ചെലോ വായിക്കാന്‍ തന്നു.-ഞാന്‍ ഒരിക്കലും തൊട്ടിട്ടില്ലാത്ത വാദ്യോപകരണമായിരുന്നു അത്. ഞാന്‍ അതു വായിക്കണമെന്നദ്ദേഹം നിര്‍ബന്ധിച്ചു, അദ്ദേഹവും എന്നോടൊപ്പം വായിക്കുമത്രേ. എന്റെ വയലിന്‍ പരിശീലനം അനുകരിച്ചുകൊണ്ട് ഞാന്‍ ചില നോട്ടുകള്‍ നോക്കി. ഒടുവില്‍ പരാജയം സമ്മതിച്ച് ഞാന്‍ പിന്‍വാങ്ങി.

ഞാന്‍ ഉണര്‍ന്നു, ആ രംഗം ഒരു സ്വപ്‌നമാണെന്നു മനസ്സിലായി. എങ്കിലും എന്റെ സ്വപ്‌നത്തില്‍ അവതരിപ്പിക്കപ്പെട്ട സംഗീത പശ്ചാത്തലം സത്യമായിരുന്നതിനാല്‍, നിനക്കു പാടാന്‍ കഴിയില്ല എന്ന് എന്തുകൊണ്ട് അദ്ദേഹത്തോടു പറഞ്ഞില്ല? എന്ന ചോദ്യം എന്റെ മനസ്സില്‍ ഉയര്‍ന്നു.
മറ്റുള്ളവര്‍ക്കുവേണ്ടി നമ്മുടെ സ്വാഭാവിക കഴിവുകളും ആത്മിക വരങ്ങളും നാം വികസിപ്പിച്ചെടുക്കുന്നതിനായി ദൈവം നമ്മെ പ്രാപ്തരാക്കിയിരിക്കുന്നു (1 കൊരി. 12:7). ബൈബിളിന്റെ പ്രാര്‍ത്ഥനാപൂര്‍വ്വമായ വായനയിലൂടെയും മറ്റുള്ളവരുടെ വിവേകപൂര്‍വ്വമായ ഉപദേശങ്ങളിലൂടെയും നമ്മുടെ മാത്രമുള്ള ആത്മിക വരത്തെ (വരങ്ങളെ) നന്നായി മനസ്സിലാക്കുവാന്‍ നമുക്കു കഴിയും. നമുക്കു ലഭിച്ച ആത്മിക വരം എന്തായിരുന്നാലും, ്പരിശുദ്ധാത്മാവാണ് 'താന്‍ ഇച്ഛിക്കുംപോലെ'' വരങ്ഹള്‍ വിഭജിച്ചു നല്‍കുന്നത് എന്നറിഞ്ഞ് അതു മനസ്സിലാക്കുവാനും ഉപയോഗിക്കുവാനും നാം സമയമെടുക്കണമെന്ന് അപ്പൊസ്തലനായ പൗലൊസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു (വാ. 11).

പരിശുദ്ധാത്മാവു നമുക്കു നല്‍കിയ 'ശബ്ദങ്ങളെ' ദൈവത്തെ മഹത്വപ്പെടുത്തുവാനും യേശുവിലുള്ള മറ്റു വിശ്വാസികളെ ശുശ്രൂഷിക്കുവാനും നമുക്കുപയോഗിക്കാം.

ജീവിക്കുക. പ്രാര്‍ത്ഥിക്കുക. സ്‌നേഹിക്കുക

യേശുവിലുള്ള ശക്തമായി വിശ്വാസത്തിനുടമകളായ മാതാപിതാക്കളുടെ സ്വാധീനത്താല്‍ ഓട്ടക്കാരനായ ജെസ്സി ഓവന്‍സ് ധൈര്യശാലിയായ ഒരു വിശ്വാസ മനുഷ്യനായി ജീവിച്ചു. 1936 ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സിന്റെ സമയത്ത്, യുഎസ് ടീമിലെ ചുരുക്കം ആഫ്രിക്കന്‍-അമേരിക്കന്‍ കളിക്കാരില്‍ ഒരുവനായിരുന്നു ഓവന്‍സ്, പക നിറഞ്ഞ നാസികളുടെയും അവരുടെ നേതാവായ ഹിറ്റ്‌ലറുടെയും സാന്നിധ്യത്തില്‍ നാലു സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കി. ജര്‍മ്മന്‍കാരനായ സഹ കായികതാരം ലുസ് ലോംഗുമായി അദ്ദേഹം ചങ്ങാത്തത്തിലാകുകയും ചെയ്തു.

നാസി പ്രചാരണത്തിന്റെ നടുവില്‍ തന്റെ വിശ്വാസം ജീവിച്ചു കാണിക്കുന്ന ഓവന്‍സിന്റെ ലളിതമായ പ്രവൃത്തികള്‍ ലൂസിന്റെ ജീവിതത്തെ സ്വാധീനിച്ചു. പിന്നീട് ലുസ് ഓവന്‍സിനെഴുതി, 'ബെര്‍ലിനില്‍വെച്ച് ഞാന്‍ നിന്നോട് ആദ്യമായി സംസാരിച്ച ആ സമയത്ത്, നീ തറയില്‍ മുട്ടുകുത്തി നിന്ന സമയത്ത്, നീ പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു....ഞാന്‍ ദൈവത്തില്‍ വിശ്വസിക്കണം എന്നു ഞാന്‍ ചിന്തിക്കുന്നു.'

'തീയതിനെ വെറുത്തു' 'സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു' (റോമര്‍ 12:9-10) ജീവിക്കണം എന്ന അപ്പൊസ്തലനായ പൗലൊസിന്റെ കല്പനയ്ക്ക് വിശ്വാസികള്‍ക്ക് എങ്ങനെ ഉത്തരം നല്‍കാന്‍ കഴിയും എന്ന് ഓവന്‍സ് പ്രദര്‍ശിപ്പിച്ചു. തനിക്കു ചുറ്റും കാണുന്ന തിന്മയോട് വെറുപ്പോടെ പ്രതികരിക്കാന്‍ അവനു കഴിയുമായിരുന്നു എങ്കിലും ഓവന്‍സ് വിശ്വാസത്താല്‍ ജീവിക്കുന്നതു തിരഞ്ഞെടുക്കുകയും ഒരു മനുഷ്യനോട് സ്‌നേഹത്തോടെ ഇടപെടുകയും ചെയ്തു. അയാള്‍ പിന്നീട് അവന്റെ സ്‌നേഹിതനാകുകയും ക്രമേണ ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്തു.

'പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കുന്ന' (വാ. 13) ദൈവജനം എന്ന നിലയില്‍, 'തമ്മില്‍ ഐകമത്യമുള്ളവരായി' (വാ. 16) ജീവിക്കുവാന്‍ അവന്‍ നമ്മെ ശക്തീകരിക്കുന്നു.

നാം പ്രാര്‍ത്ഥനയില്‍ ആശ്രയിക്കുമ്പോള്‍, നമ്മുടെ വിശ്വാസം ജീവിച്ചു കാണിക്കുവാനും ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട എല്ലാവരെയും സ്‌നേഹിക്കുവാനും സമര്‍പ്പിതരാകാന്‍ നമുക്കു കഴിയും. നാം ദൈവത്തോടു നിലവിളിക്കുമ്പോള്‍, മതിലുകളെ തകര്‍ക്കുവാനും നമ്മുടെ അയല്‍ക്കാരുമായി സമാധാനത്തിന്റെ പാലങ്ങള്‍ പണിയുവാനും അവന്‍ നമ്മെ സഹായിക്കും.

പാടുവാന്‍ ഒരു കാരണം

ഒരു പ്രമാണമനുസരിച്ചു ജീവിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ച് അതൊരു വലിയ പരാജയമായിരുന്നു. ഞാനെന്താണു ചെയ്തതെന്നോ? ഞാന്‍ ഉറങ്ങിപ്പോയി. ഞങ്ങളുടെ കുട്ടികള്‍ പുറത്തുപോകുമ്പോള്‍ ഇത്ര മണിക്ക് വീട്ടിലെത്തണം എന്ന നിശാനിയമം ബാധകമായിരുന്നു. അവര്‍ നല്ല കുട്ടികളാണ്, എങ്കിലും അവര്‍ മുന്‍വാതിലിന്റെ നോബ് തുറക്കുന്ന ശബ്ദം കേള്‍ക്കുന്നതുവരെ കാത്തിരിക്കുക എന്നതായിരുന്നു എന്റെ ശീലം.

അവര്‍ സുരക്ഷിതരായി വീട്ടിലെത്തി എന്നെനിക്കറിയണമായിരുന്നു. ഞാനിതു ചെയ്യേണ്ടതില്ലായിരുന്നു: ഞാനതു തിരഞ്ഞെടുത്തു. എങ്കിലും ഒരു രാത്രി, മകള്‍ ചിരിച്ചുകൊണ്ട് ഇപ്രകാരം പറയുന്നതു കേട്ടാണു ഞാനുണര്‍ന്നത്: 'ഡാഡി ഞാന്‍ സുരക്ഷിതയാണ്. ഡാഡി പോയി ഉറങ്ങിക്കൊള്ളു.' നമ്മുടെ നല്ല ഉദ്ദേശ്യങ്ങളുടെ നടുവിലും ചിലപ്പോഴൊക്കെ പിതാക്കന്മാര്‍ അവരുടെ ഉത്തരവാദിത്വങ്ങളില്‍ ഉറങ്ങിപ്പോകാറുണ്ട്. അതു വളരെ ലജ്ജിപ്പിക്കുന്നതും ഒപ്പം തികച്ചും മനുഷികവുമാണ്.

എന്നാല്‍ ദൈവത്തെ സംബന്ധിച്ച് അതൊരിക്കലും സംഭവിക്കുകയില്ല. തന്റെ മക്കളുടെ കാവല്‍ക്കാരനും സംരക്ഷകനും എന്ന നിലയില്‍ ദൈവത്തെക്കുറിച്ചു നമ്മെ ഉറപ്പിക്കുന്ന ഗീതമാണ് 121-ാം സങ്കീര്‍ത്തനം. നമ്മെ പരിപാലിക്കുന്ന ദൈവം 'മയങ്ങുകയില്ല' എന്നു സങ്കീര്‍ത്തനക്കാരന്‍ പ്രഖ്യാപിക്കുന്നു (വാ. 3). ഊന്നലിനായി അവന്‍ ആ സത്യം വാക്യം 4 ലും ആവര്‍ത്തിക്കുന്നു, അവന്‍ 'മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.'

നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയുമോ? ദൈവം തന്റെ ജോലിയില്‍ ഒരിക്കലും ഉറങ്ങുന്നില്ല. അവന്‍ എപ്പോഴും നമ്മെ - പുത്രന്മാരെയും പുത്രിമാരെയും, ആന്റിമാരെയും അങ്കിള്‍മാരെയും അമ്മാരെയും, എന്തിന് പിതാക്കന്മാരെ പോലും - പരിപാലിച്ചുകൊണ്ടിരിക്കുന്നു. അവന്‍ ഇതു ചെയ്യേണ്ട കാര്യമൊന്നുമില്ല, മറിച്ച് തന്റെ മഹാസ്‌നേഹത്തില്‍ അവന്‍ അതു ചെയ്യാന്‍ തിരഞ്ഞെടുക്കുന്നു. ആ വാഗ്ദത്തം നിശ്ചയമായും പാടേണ്ട ഒന്നുതന്നെയാണ്.