എന്റെ സഹപാഠി എന്റെ കുടുംബത്തിന് ഒരു രജിസ്റ്റേര്‍ഡ് കോളിയെ (കാവല്‍ നായ)തന്നു, വളരെ പ്രായം ചെന്നതായിരുന്നതിനാല്‍ അത് ഇനി പ്രസവിക്കുമായിരുന്നില്ല. ഈ സുന്ദരിയായ നായ പക്ഷേ ജീവിതകാലം മുഴുവനും ഒരു ചെറിയ കൂട്ടില്‍ അടയ്ക്കപ്പെട്ടിരുന്നതായി ഞങ്ങള്‍ മനസ്സിലാക്കി. ഇടുങ്ങിയ വൃത്തത്തിനുള്ളില്‍ മാത്രമേ അവള്‍ നടന്നിരുന്നുള്ളു. നേരെ ശരീരം നിവിര്‍ക്കാനോ, നേര്‍ പാതയില്‍ ഓടാനോ അതിനു കഴിഞ്ഞില്ല. കളിക്കാന്‍ വിശാലമായ മുറ്റം ഉണ്ടായിട്ടും താന്‍ അടയ്ക്കപ്പെട്ടിരിക്കുകയാണെന്നാണ് അതു കരുതിയത്.

ആദ്യ ക്രിസ്ത്യാനികള്‍ – അവരിലധികം പേരും യെഹൂദരായിരുന്നു – മോശൈക ന്യാപ്രമാണത്തിന്‍ കീഴില്‍ അടയ്ക്കപ്പെട്ടിരുന്നവരായിരുന്നു. ന്യാപ്രമാണം നല്ലതും പാപത്തെക്കുറിച്ചു ബോധം വരുത്തുവാനും അവരെ യേശുവിങ്കലേക്കു നയിക്കുവാനുമായി ദൈവത്താല്‍ നല്‍കപ്പെട്ടതായിരുന്നുവെങ്കിലും (ഗലാത്യര്‍ 3:19-25), ദൈവകൃപയിലും ക്രിസ്തുവിലെ സ്വാതന്ത്ര്യത്തിലും അടിസ്ഥാനപ്പെട്ട അവരുടെ പുതിയ വിശ്വാസത്തിനനുസരിച്ചു ജീവിക്കേണ്ട സമയമായിരുന്നു ഇത്. അവര്‍ മടിച്ചുനിന്നു. ഈ സമയത്തും അവര്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരായിരുന്നുവോ?

നമുക്കും ഇതേ പ്രശ്‌നം ഉണ്ടായിരിക്കാം. നമ്മെ വേലിക്കെട്ടിനുള്ളില്‍ നിര്‍ത്തുന്ന കര്‍ക്കസ നിയമങ്ങള്‍ ഉള്ള സഭകളിലായിരിക്കാം നാം വളര്‍ന്നു വന്നത്. അല്ലെങ്കില്‍ കൂടുതല്‍ സ്വാതന്ത്ര്യം ഉള്ള വീട്ടിലായിരിക്കാം നാം ജനിച്ചത്, ഇപ്പോള്‍ നിയമങ്ങളുടെ സുരക്ഷിതത്വം നമ്മെ വരിഞ്ഞുമുറുക്കുന്നുണ്ടാകാം. രണ്ടായാലും, ക്രിസ്തുവിലുള്ള നമ്മുടെ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള സമയമാണിത് (ഗലാത്യര്‍ 5:1).

സ്‌നേഹത്തില്‍ അവനെ അനുസരിക്കുന്നതിനും (യോഹന്നാന്‍ 14:21) ‘സ്‌നേഹത്താല്‍ അന്യോന്യം സേവിക്കുവാനും’ (ഗലാ. 5:13) യേശു നമ്മെ സ്വതന്ത്രരാക്കി. ‘പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍, നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും’ (യോഹന്നാന്‍ 8:36) എന്നതു മനസ്സിലാക്കുന്നവര്‍ക്കായി സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും വിശാലമായ വയല്‍ തുറന്നുകിടക്കുന്നു.