1989 നവംബര്‍ 9 ന് ബെര്‍ലിന്‍ മതില്‍ തകര്‍ന്ന വാര്‍ത്ത കേട്ട് ലോകം വിസ്മയിച്ചു. ജര്‍മ്മനിയിലെ ബെര്‍ലിനെ വിഭജിച്ച മതില്‍ തകരുകയും ഇരുപത്തിയെട്ടു വര്‍ഷമായി വിഭജിക്കപ്പെട്ടിരുന്ന നഗരം വീണ്ടും ഒന്നാകുകയും ചെയ്തു. സന്തോഷത്തിന്റെ പ്രഭവകേന്ദ്ര ജര്‍മ്മനിയായിരുന്നെങ്കിലും വീക്ഷിച്ചുകൊണ്ടിരുന്ന ലോകം ആവേശം പങ്കിട്ടു. മഹത്തായ ഒന്നു സംഭവിച്ചു.

ഏതാണ്ട് എഴുപതു വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ചശേഷം ബി.സി.538 ല്‍ യിസ്രായേല്‍ സ്വദേശത്തു മടങ്ങിയെത്തിയപ്പോള്‍, അതു സുപ്രധാനമായിരുന്നു. യിസ്രായേലിന്റെ ചരിത്രത്തിലെ സന്തോഷപൂരിതമായ ഒരു സമയത്തിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ടാണ് സങ്കീര്‍ത്തനം 126 ആരംഭിക്കുന്നത്. ആ അനുഭവം ചിരിയും സന്തോഷപൂര്‍ണ്ണമായ സംഗീതവും ദൈവം തന്റെ ജനത്തിനുവേണ്ടി മഹത്തായ കാര്യം ചെയ്തു എന്ന ലോകവ്യാപക അംഗീകരണവും കൊണ്ട് ശ്രദ്ധേയമായിരുന്നു (വാ. 2). അവന്റെ രക്ഷാകരമായ കരുണ ലഭിച്ച ജനത്തിന്റെ പ്രതികരണം എന്തായിരുന്നു? ദൈവത്തില്‍ നിന്നുള്ള മഹത്തായ കാര്യങ്ങള്‍ മഹത്തായ സന്തോഷം ഉളവാക്കി (വാ. 3). അതു കൂടാതെ, കഴിഞ്ഞ കാലങ്ങളിലെ അവന്റെ പ്രവൃത്തി, വര്‍ത്തമാനകാലത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെയും ഭാവിക്കുവേണ്ടിയുള്ള തിളക്കമാര്‍ന്ന പ്രത്യാശയുടെയും അടിസ്ഥാനമായി മാറി (വാ. 4-6).

നിങ്ങളും ഞാനും ദൈവത്തില്‍ നിന്നുള്ള മഹത്തായ കാര്യങ്ങളുടെ ഉദാഹരണങ്ങള്‍ക്കായി നമ്മുടെ അനുഭവത്തിലേക്ക് ഒത്തിരി ദൂരേക്കു നോക്കണമെന്നില്ല, വിശേഷിച്ചുംഅവന്റെ പുത്രനായ യേശുവിലൂടെ ദൈവത്തില്‍ വിശ്വസിക്കുന്നവരാണു നാമെങ്കില്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ ഗാനരചയിതാവായ ഫാനി ക്രോസ്ബി ആ വികാരം തന്റെ ഗാനത്തില്‍ ഇപ്രകാരം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്: ‘മഹത്തായ കാര്യങ്ങള്‍ അവന്‍ നമ്മെ പഠിപ്പിച്ചു, മഹത്തായ കാര്യങ്ങള്‍ അവന്‍ ചെയ്തു, പുത്രനായ യേശുവിലൂടെ നമ്മുടെ സന്തോഷം മഹത്തായതാണ്.’ അതേ, ദൈവത്തിനു മഹത്വം, അവന്‍ മഹത്തായ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.