ഒരു പ്രമാണമനുസരിച്ചു ജീവിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ച് അതൊരു വലിയ പരാജയമായിരുന്നു. ഞാനെന്താണു ചെയ്തതെന്നോ? ഞാന്‍ ഉറങ്ങിപ്പോയി. ഞങ്ങളുടെ കുട്ടികള്‍ പുറത്തുപോകുമ്പോള്‍ ഇത്ര മണിക്ക് വീട്ടിലെത്തണം എന്ന നിശാനിയമം ബാധകമായിരുന്നു. അവര്‍ നല്ല കുട്ടികളാണ്, എങ്കിലും അവര്‍ മുന്‍വാതിലിന്റെ നോബ് തുറക്കുന്ന ശബ്ദം കേള്‍ക്കുന്നതുവരെ കാത്തിരിക്കുക എന്നതായിരുന്നു എന്റെ ശീലം.

അവര്‍ സുരക്ഷിതരായി വീട്ടിലെത്തി എന്നെനിക്കറിയണമായിരുന്നു. ഞാനിതു ചെയ്യേണ്ടതില്ലായിരുന്നു: ഞാനതു തിരഞ്ഞെടുത്തു. എങ്കിലും ഒരു രാത്രി, മകള്‍ ചിരിച്ചുകൊണ്ട് ഇപ്രകാരം പറയുന്നതു കേട്ടാണു ഞാനുണര്‍ന്നത്: ‘ഡാഡി ഞാന്‍ സുരക്ഷിതയാണ്. ഡാഡി പോയി ഉറങ്ങിക്കൊള്ളു.’ നമ്മുടെ നല്ല ഉദ്ദേശ്യങ്ങളുടെ നടുവിലും ചിലപ്പോഴൊക്കെ പിതാക്കന്മാര്‍ അവരുടെ ഉത്തരവാദിത്വങ്ങളില്‍ ഉറങ്ങിപ്പോകാറുണ്ട്. അതു വളരെ ലജ്ജിപ്പിക്കുന്നതും ഒപ്പം തികച്ചും മനുഷികവുമാണ്.

എന്നാല്‍ ദൈവത്തെ സംബന്ധിച്ച് അതൊരിക്കലും സംഭവിക്കുകയില്ല. തന്റെ മക്കളുടെ കാവല്‍ക്കാരനും സംരക്ഷകനും എന്ന നിലയില്‍ ദൈവത്തെക്കുറിച്ചു നമ്മെ ഉറപ്പിക്കുന്ന ഗീതമാണ് 121-ാം സങ്കീര്‍ത്തനം. നമ്മെ പരിപാലിക്കുന്ന ദൈവം ‘മയങ്ങുകയില്ല’ എന്നു സങ്കീര്‍ത്തനക്കാരന്‍ പ്രഖ്യാപിക്കുന്നു (വാ. 3). ഊന്നലിനായി അവന്‍ ആ സത്യം വാക്യം 4 ലും ആവര്‍ത്തിക്കുന്നു, അവന്‍ ‘മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.’

നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയുമോ? ദൈവം തന്റെ ജോലിയില്‍ ഒരിക്കലും ഉറങ്ങുന്നില്ല. അവന്‍ എപ്പോഴും നമ്മെ – പുത്രന്മാരെയും പുത്രിമാരെയും, ആന്റിമാരെയും അങ്കിള്‍മാരെയും അമ്മാരെയും, എന്തിന് പിതാക്കന്മാരെ പോലും – പരിപാലിച്ചുകൊണ്ടിരിക്കുന്നു. അവന്‍ ഇതു ചെയ്യേണ്ട കാര്യമൊന്നുമില്ല, മറിച്ച് തന്റെ മഹാസ്‌നേഹത്തില്‍ അവന്‍ അതു ചെയ്യാന്‍ തിരഞ്ഞെടുക്കുന്നു. ആ വാഗ്ദത്തം നിശ്ചയമായും പാടേണ്ട ഒന്നുതന്നെയാണ്.