ഞങ്ങളുടെ അടുത്തുള്ള സെക്കന്റ്് ചാന്‍സ് ബൈക്ക് ഷോപ്പില്‍, ഉപേക്ഷിച്ചുകളഞ്ഞ ബൈസൈക്കിളുകള്‍ സന്നദ്ധസേവകര്‍ പുനര്‍നിര്‍മ്മിച്ച് നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സംഭാവന ചെയ്യുന്നു. കടയുടമയായ എര്‍നി ക്ലാര്‍ക്കും നിര്‍ദ്ധനരായ പ്രായമുള്ളവര്‍ക്കും സൈക്കിളുകള്‍ സംഭാവന ചെയ്യുന്നു. അവരില്‍ ഭവനരഹിതരും അംഗവൈകല്യമുള്ളവരും സൈനിക സേവനം അവസാനിപ്പിച്ചു മടങ്ങിവന്ന സൈനികരും ഉള്‍പ്പെടുന്നു.

സൈക്കിളുകള്‍ക്ക് ഒരു രണ്ടാം അവസരം ലഭിക്കുന്നു എന്നു മാത്രമല്ല, ചിലപ്പോഴൊക്കെ സ്വീകര്‍ത്താക്കള്‍ക്കും ഒരു പുതിയ ആരംഭം അതു നല്‍കുന്നു. ഒരു മുന്‍സൈനികന്‍ ഒരു പുതിയ ജോലിക്കുള്ള ഇന്റര്‍വ്യൂവില്‍ സംബന്ധിക്കുവാന്‍ ഈ സൈക്കിള്‍ ഉപയോഗിക്കുകയുണ്ടായി.
രണ്ടാം അവസരം ഒരു വ്യക്തിയുടെ ജീവിതത്തെ ചിലപ്പോള്‍ രൂപാന്തരപ്പെടുത്തും, രണ്ടാം അവസരം ദൈവത്തില്‍ നിന്നു വരുന്നതാണെങ്കില്‍ പ്രത്യേകിച്ചും. യിസ്രായേല്‍ രാജ്യം കൈക്കൂലിയിലും വഞ്ചനയിലും ദൈവം വെറുക്കുന്ന മറ്റു പാപങ്ങളിലും മുഴുകി അധഃപതിച്ച സമയത്ത് അത്തരത്തിലുള്ള കൃപയെക്കുറിച്ച് പ്രവാചകനായ മീഖാ പ്രസ്താവിച്ചു. മീഖാ വിലപിക്കുന്നു, ‘ഭക്തിമാന്‍ ഭൂമിയില്‍നിന്നു നശിച്ചുപോയി, മനുഷ്യരുടെ ഇടയില്‍ നേരുള്ളവന്‍ ആരുമില്ല’ (മീഖാ 7:2).

ദൈവം തിന്മയെ ശിക്ഷിക്കുമെന്ന് മീഖായ്ക്ക് അറിയാം. എങ്കിലും സ്‌നേഹവാനായ ദൈവം അനുതപിക്കുന്നവര്‍ക്ക് രണ്ടാമതൊരു അവസരം നല്‍കും. മീഖാ ചോദിക്കുന്നു, ‘അകൃത്യം ക്ഷമിക്കുകയും തന്റെ അവകാശത്തില്‍ ശേഷിപ്പുള്ളവരോട് അതിക്രമം മോചിക്കുകയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളൂ?” (വാ. 18).

നാം ക്ഷമയ്ക്കായി യാചിക്കുന്നുവെങ്കില്‍ നമ്മുടെ പാപം നിമിത്തം ദൈവം നമ്മെ ഉപേക്ഷിച്ചു കളയുകയില്ല എന്നതില്‍ നമുക്കും സന്തോഷിക്കാം. ദൈവത്തെക്കുറിച്ചു മാഖാ പറഞ്ഞതുപോലെ, ‘അവന്‍ നമ്മോടു വീണ്ടും കരുണ കാണിക്കും; നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്റെ ആഴത്തില്‍ ഇട്ടുകളയും’ (വാ. 19).

അവനെ അന്വേഷിക്കുന്ന എല്ലാവര്‍ക്കും ദൈവം രണ്ടാമതൊരവസരം നല്‍കുന്നു.