ഞാന്‍ കുട്ടികള്‍ക്കുള്ള സചിത്ര ബൈബിള്‍ തുടര്‍ന്ന് എന്റെ കൊച്ചുമകനെ വായിച്ചു കേള്‍പ്പിക്കാന്‍ തുടങ്ങി. ദൈവത്തിന്റെ സ്നേഹത്തെയും കരുതലിനെയും കുറിച്ചുള്ള കഥകളില്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ വശീകരിക്കപ്പെട്ടു. ആ ഭാഗം അടയാളപ്പെടുത്തിയ ശേഷം ഞാന്‍ പുസ്തകം അടച്ച് തലക്കെട്ട് ഒന്നുകൂടെ വായിച്ചു: ‘യേശുവിന്റെ കഥാപുസ്തക ബൈബിള്‍: ഓരോ കഥയും അവന്റെ നാമം മന്ത്രിക്കുന്നു.’
ഓരോ കഥയും അവന്റെ നാമം മന്ത്രിക്കുന്നു. ഓരോ കഥയും.
സത്യസന്ധമായി പറഞ്ഞാല്‍, ബൈബിള്‍ ചിലപ്പോള്‍, പ്രത്യേകിച്ച് പഴയ നിയമം, മനസ്സിലാക്കാന്‍ പ്രയാസമാണ്. ദൈവത്തെ അറിയാത്ത ആളുകള്‍ എന്തുകൊണ്ടാണ് ദൈവജനത്തിന്മേല് വിജയം നേടുന്നത്? ദൈവത്തിന്റെ സ്വഭാവം നിര്‍മ്മലവും നമുക്കുവേണ്ടിയുള്ള അവന്റെ ഉദ്ദേശ്യങ്ങള്‍ നന്മയ്ക്കായിട്ടുള്ളതും ആയിരിക്കുമ്പോള്‍ എങ്ങനെ അത്തരം ക്രൂരതകള്‍ അനുവദിക്കാന്‍ ദൈവത്തിന് കഴിയും?
തന്റെ പുനരുത്ഥാനത്തിനു ശേഷം, എമ്മവൂസ്സിലേക്കു പോയ രണ്ടു ശിഷ്യന്മാരെ യേശു കണ്ടുമുട്ടി. അവര്‍ അവനെ തിരിച്ചറിഞ്ഞില്ല; മാത്രമല്ല മശിഹാ എന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നവന്റെ മരണത്തിലുള്ള നിരാശയാല്‍ അവര്‍ കലങ്ങുകയുമായിരുന്നു (ലൂക്കൊസ് 24:19-24), ‘അവന് യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവന്‍ എന്ന് അവര്‍ ആശിച്ചിരുന്നു’ (വാ. 21). യേശു അവരെ എങ്ങനെ ഉറപ്പിച്ചുവെന്ന് ലൂക്കൊസ് രേഖപ്പെടുത്തുന്നു: ‘മോശെ തുടങ്ങി സകല പ്രവാചകന്മാരില്നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു’ (വാ. 27).
ഓരോ കഥയും അവന്റെ നാമം മന്ത്രിക്കുന്നു, കഠിന കഥകള്‍ പോലും, കാരണം നമ്മുടെ ലോകത്തിന്റെ വ്യാപകമായ തകര്‍ച്ചയും രക്ഷകനുവേണ്ടിയുള്ള നമ്മുടെ ആവശ്യകതയെയും അത് വെളിപ്പെടുത്തുന്നു. ഓരോ പ്രവൃത്തിയും ഓരോ സംഭവവും ഓരോ ഇടപെടലും, വഴിതെറ്റിപ്പോയ തന്റെ സ്നേഹഭാജനങ്ങളുടെ മടങ്ങിവരവിനായി ദൈവം രൂപപ്പെടുത്തിയ വീണ്ടെടുപ്പിലേക്കു വിരല്‍ ചൂണ്ടുന്നു.
ദൈവത്തിന്റെ രക്ഷ നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെയാണ് പ്രാവര്‍ത്തികമാകുന്നത്? എന്ത് കഥയാണ് ഇന്ന് നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നത്? ഏതെല്ലാം വഴികളിലാണ്, എത്ര തന്നെ ചെറുതായിരുന്നാലും, ദൈവം അവയുടെമേല്‍ പ്രവര്‍ത്തിക്കുന്നതായി നിങ്ങള്‍ കാണുന്നത്?
പ്രിയ ദൈവമേ, തിരുവചനത്തിലെ കഥകളിലൂടെ അങ്ങ് അങ്ങയുടെ നാമത്തെ മന്ത്രിക്കുന്നത് ശ്രദ്ധിക്കുവാന്‍ എന്നെ സഹായിക്കേണമേ. ഓരോ കഥയും.