ഡെനീസ് അവളുടെ ബോയ്ഫ്രണ്ടുമായി ഡേറ്റിംഗ് ആരംഭിച്ചപ്പോള്‍, അവള്‍ മെലിഞ്ഞ ശരീരപ്രകൃതിയും സ്റ്റൈലായ വസ്ത്രധാരണവും നിലനിര്‍ത്താന്‍ ശ്രമിച്ചു. ആ നിലയില്‍ അവന്റെ മുമ്പില്‍ താന്‍ കൂടുതല്‍ ആകര്‍ഷകയായിരിക്കും എന്നവള്‍ കരുതി. മാത്രമല്ല, എല്ലാ സ്ത്രീ മാസികകളും ഉപദേശിക്കുന്നതും അതാണ്. വളരെ നാളുകള്‍ കഴിഞ്ഞാണ് യഥാര്‍ത്ഥത്തില്‍ അവന്‍ ചിന്തിച്ചിരുന്നതെന്താണ് എന്നവള്‍ കണ്ടുപിടിച്ചത്: ‘നീ കുറച്ചു തടിച്ചിരുന്നാലും നിന്നെ ഞാനിഷ്ടപ്പെടും, നീ എന്ത് ധരിക്കുന്നു എന്നതെനിക്ക് വിഷയവുമല്ല!’

അപ്പോഴാണ് ‘സൗന്ദര്യം’ വ്യക്തിയധിഷ്ഠിതമാണെന്നു ഡെനീസ് മനസ്സിലാക്കിയത്. നമ്മുടെ സൗന്ദര്യ വീക്ഷണം എളുപ്പത്തില്‍ മറ്റുള്ളവരാല്‍ സ്വാധീനിക്കപ്പെടാറുണ്ട്. മിക്കപ്പോഴും അത് ബാഹ്യരൂപത്തില്‍ കേന്ദ്രീകരിക്കപ്പെടുകയും ആന്തരിക സൗന്ദര്യം വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ദൈവം നമ്മെ കാണുന്നത് ഒറ്റ നിലയിലാണ് – അവന്റെ സൗന്ദര്യമുള്ള പ്രിയ മക്കള്‍ എന്ന നിലയില്‍. ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോള്‍, ഏറ്റവും നല്ലതിനെ – നമ്മള്‍ – സൃഷ്ടിക്കുന്നത് അവന്‍ അവസാനത്തേക്കു മാറ്റിവച്ചു എന്ന് ചിന്തിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അവന്‍ സൃഷ്ടിച്ചതെല്ലാം നല്ലതായിരുന്നു എന്നാല്‍ നാം എക്സ്ട്രാ സ്പെഷ്യല്‍ ആണ് കാരണം ദൈവത്തിന്റെ സ്വരൂപത്തില്‍ ആണ് നാം സൃഷ്ടിക്കപ്പെട്ടത് (ഉല്പത്തി 1:27).

ദൈവം നമ്മെ സൗന്ദര്യമുള്ളവരായി കരുതുന്നു! സങ്കീര്‍ത്തനക്കാരന്‍ പ്രകൃതിയെ മനുഷ്യരുമായി താരതമ്യം ചെയ്യുമ്പോള്‍ അവന്‍ വിസ്മയാധീനനാകുന്നതില്‍ അത്ഭുതമില്ല: ‘മനുഷ്യനെ ഓര്‍ക്കേണ്ടതിന് അവന്‍ എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന്‍ എന്തുമാത്രം?’ (സങ്കീര്‍ത്തനം 8:4). എങ്കിലും മറ്റൊന്നിനുമില്ലാത്ത തേജസും ബഹുമാനവും മര്‍ത്യനു നല്‍കുവാന്‍ ദൈവം തിരഞ്ഞെടുത്തു (വാ. 5).

ഈ സത്യം, അവനെ സ്തുതിക്കുന്നതിനുള്ള ഒരു ഉറപ്പും കാരണവും നമുക്ക് നല്‍കുന്നു (വാ.9). നമ്മെക്കുറിച്ച് മറ്റുള്ളവര്‍ എന്തു ചിന്തിച്ചാലും – അല്ലെങ്കില്‍ നാം നമ്മെക്കുറിച്ച് എന്ത് ചിന്തിച്ചാലും – ഇതറിയുക: നാം ദൈവത്തിനു സൗന്ദര്യമുള്ളവരാണ്.