‘ലുക്ക് & സി: എ പോര്‍ട്രെയ്റ്റ് ഓഫ് വെന്‍ഡല്‍ ബെറി’ എന്ന ഡോക്യുമെന്ററിയില്‍, എങ്ങനെയാണ് വിവാഹമോചനം നമ്മുടെ ലോകത്തെ നിര്‍വചിക്കുന്നതെന്ന് എഴുത്തുകാരനായ ബെറി പറയുന്നു. നാം അന്യോന്യവും, ചരിത്രത്തില്‍ നിന്നും, ദേശത്തു നിന്നും മോചനം നേടിയിരിക്കുന്നു. പൂര്ണ്ണതയുള്ളതായിരിക്കേണ്ട കാര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ ദുഃഖകരമായ കാര്യത്തെ സംബന്ധിച്ച് നാം എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍, ബെറി പറഞ്ഞു, ‘നമുക്ക് എല്ലാത്തിനെയും തിരികെ ഒന്നിച്ചാക്കാന്‍ കഴികയില്ല. നാം രണ്ടു വസ്തുക്കള്‍ എടുത്ത് അവയെ ഒന്നിപ്പിക്കുകയാണ് വേണ്ടത്.’ പൊട്ടിപ്പോയ രണ്ടു വസ്തുക്കളെ എടുത്ത് അവയെ വീണ്ടും ഒന്നാക്കുക.
‘സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്’ യേശു നമ്മോട് പറയുന്നു (മത്തായി 5:9). സമാധാനം ഉണ്ടാക്കുക എന്നാല്‍ ഷാലോം കൊണ്ടുവരിക എന്നാണ്. ഷാലോം സൂചിപ്പിക്കുന്നത് ശരിയായ നിലയിലുള്ള ലോകം എന്നാണ്. ഒരു വേദശാസ്ത്രജ്ഞന്‍ ഷാലോമിനെ നിര്‍വചിച്ചിരിക്കുന്നത്, ‘സാര്‍വ്വലൗകിക അഭിവൃദ്ധി, പൂര്‍ണ്ണത, സന്തോഷം… കാര്യങ്ങള്‍ ആയിരിക്കേണ്ട അവസ്ഥയില്‍ ആയിരിക്കുക’ എന്നാണ്. തകര്‍ന്നുപോയതിനെ എടുത്ത് അതിനെ ശരിയായ നിലയിലാക്കുന്നതാണു ഷാലോം. യേശു നയിക്കുന്നതനുസരിച്ച് നാം കാര്യങ്ങളെ നേരെയാക്കാന്‍ ഉത്സാഹിക്കണം. സമാധാനം ഉണ്ടാക്കുന്നവരാകാനും ‘ഭൂമിയുടെ ഉപ്പ്’ ആകുവാനും ‘ലോകത്തിന്റെ വെളിച്ചം’ ആകുവാനും അവന് നമ്മെ വിളിച്ചിരിക്കുന്നു (വാ.13-14).
ലോകത്തില്‍ സമാധാനം ഉണ്ടാക്കുന്നവരായിരിക്കാന്‍ അനേക വഴികളുണ്ട്, എങ്കിലും നാം തകര്‍ച്ചകള്‍ക്കു കീഴ്പ്പെടുന്നതിനു പകരം അതില്‍ ഇടപെടുകയാണ് വേണ്ടത്. ദൈവത്തിന്റെ ശക്തിയില്‍, ഒരു സൗഹൃദം നശിച്ചുപോകാതിരിക്കാന്‍ അല്ലെങ്കില്‍ കഷ്ടപ്പെടുന്ന ഒരു അയല്പക്കം തളരാതിരിക്കാന്‍, അല്ലെങ്കില്‍ നിര്വികാരതക്കോ ഒറ്റപ്പെടലിനോ കീഴ്പെടാതിരിക്കാന്‍, ശ്രമിക്കുക. തകര്‍ന്ന സ്ഥലങ്ങളെ അന്വേഷിച്ച് അവയെ വീണ്ടും പൂര്ണ്ണതയുള്ളതാക്കുവാന് നമുക്ക് ജ്ഞാനം നല്കുവാന് നമുക്ക് ദൈവത്തിലാശ്രയിക്കാം.
തിരികെ ഒരുമിച്ചു കൊണ്ടുവരേണ്ടതായ ആവശ്യമുള്ള ഏത് രണ്ടു കാര്യങ്ങളെക്കുറിച്ചാണ് നമുക്ക് ബോധ്യമുള്ളത്? അവയെ പൂര്ണ്ണതയുള്ളതാക്കുന്ന ശുശ്രൂഷയില്‍ പങ്കാളിയാകുവാന്‍ ദൈവം നിങ്ങളെ എങ്ങനെയാണ് വിളിക്കുന്നത്?
ദൈവമേ, എനിക്ക് ചുറ്റും തകര്‍ന്ന അനേക കാര്യങ്ങളുണ്ട്. എവിടെ ആരംഭിക്കണമെന്ന് എനിക്കറിഞ്ഞുകൂടാ, എവിടെ ആരംഭിക്കണമെന്ന് അങ്ങ് എനിക്കു കാണിച്ചുതരുമോ?