ഐറിസ് കവി ഒസ്കാര്‍ വൈല്‍ഡ് പറഞ്ഞു, ‘ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ പണമാണ് ജീവിതത്തിലെ ഏറ്റവും പ്രധാന വസ്തുവെന്നു ചിന്തിച്ചു; ഇപ്പോള്‍ പ്രായമായപ്പോള്‍ അതുതന്നെയാണെന്നു ഞാന്‍ മനസ്സിലാക്കി.’ അദ്ദേഹത്തിന്റെ അഭിപ്രായം അല്പം അതിശയോക്തിപരമാണ്. നാല്‍പ്പത്തിയാറു വയസ്സുവരെയേ അദ്ദേഹം ജീവിച്ചുള്ളു, അതിനാല്‍ അദ്ദേഹത്തിനു ‘പ്രായം’ ആയിരുന്നില്ല. ജീവിതം പണത്തെ ചുറ്റിയുള്ളതല്ല എന്നു വൈല്‍ഡ് മനസ്സിലാക്കിയിരുന്നു.
പണം താല്ക്കാലികമാണ്; അതും വരികയും പോകുകയും ചെയ്യും. അതിനാല്‍ ജീവിതം പണത്തെക്കാളും അതുകൊണ്ടു വാങ്ങാന്‍ കഴിയുന്നവയെക്കാളുമുപരി ഒന്നാണ്. തന്റെ തലമുറയിലെ ജനത്തെ – ധനവാന്മാരെയും ദരിദ്രരെയും ഒരുപോലെ – മൂല്യ സംവിധാനത്തെ അഴിച്ചുപണിയാന്‍ യേശു വെല്ലുവിളിച്ചു. ലൂക്കൊസ് 12:15 ല്‍ യേശു പറഞ്ഞു, ‘സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ച് ഒഴിഞ്ഞുകൊള്‍വിന്‍; ഒരുത്തനു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത്.’ നമ്മുടെ സംസ്കാരത്തില്‍, എവിടെ കൂടുതല്‍, പുതിയത്, മികച്ചത് എന്നിവയുടെമേല്‍ ശ്രദ്ധ വയ്ക്കുന്നുവോ, അവിടെ, സംതൃപ്തി സംബന്ധിച്ചും പണവും സമ്പാദ്യങ്ങളും സംബന്ധിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാടു സംബന്ധിച്ചു ചിലതു പറയേണ്ടിയിരിക്കുന്നു.
യേശുവിനെ കണ്ടുമുട്ടിയ ഒരു ധനിക പ്രമാണി ദുഃഖിച്ചു മടങ്ങിപ്പോയി, കാരണം അവന്റെ സമ്പത്ത് നഷ്ടപ്പെടുത്താന്‍ അവനു മനസ്സില്ലായിരുന്നു (ലൂക്കൊസ് 18:18-25 കാണുക). എന്നാല്‍ ചുങ്കം പിരിവുകാരനായ സക്കായി തന്റെ ജീവിതകാലം മുഴുവനും ചിലവഴിച്ചു സമ്പാദിച്ച ധനത്തിന്റെ ഏറിയ പങ്കും നഷ്ടപ്പെടുത്താന്‍ തയ്യാറായി (ലൂക്കൊസ് 19:8). ക്രിസ്തുവിന്റെ മനസ്സിനെ ആശ്ലേഷിക്കുന്നതിലാണ് വ്യത്യാസം നിലകൊള്ളുന്നത്. അവന്റെ കൃപയില്‍ നമുക്ക് നമ്മുടെ സമ്പത്തിനെ സംബന്ധിച്ച് ആരോഗ്യകരമായ ഒരു കാഴ്ചപ്പാട് നിലനിര്‍ത്താന്‍ കഴിയും – അവ നമ്മെ കീഴ്പ്പെടുത്തുന്ന വസ്തുക്കളായി മാറുകയില്ല.
പിതാവേ, ജീവിതത്തിലെ കാര്യങ്ങളെ ശരിയായ കാഴ്ചപ്പാടില്‍ സൂക്ഷിക്കാനുള്ള ജ്ഞാനം - നിത്യതയെ പ്രതിഫലിപ്പിക്കുന്ന മൂല്യബോധവും - എനിക്കു നല്കിയാലും.