1900-കളുടെ ആരംഭത്തില്‍, പാക്കാര്‍ഡ് മോട്ടോര്‍ കാര്‍ കമ്പനി ഉപഭോക്താക്കളെ വശീകരിക്കാനായി ഒരു മുദ്രാവാക്യം കണ്ടെത്തി. ‘ഒരെണ്ണം സ്വന്തമാക്കിയ മനുഷ്യനോടു ചോദിക്കുക’ എന്നത് ശക്തമായ ടാഗ്്ലൈന്‍ ആയിമാറുകയും, ആ കാലഘട്ടത്തിലെ മികച്ച ആഢംബരവാഹനം നിര്‍മ്മിക്കുന്ന കമ്പനി എന്ന ബഹുമതി കമ്പനിക്കു നേടിക്കൊടുക്കുകയും ചെയ്തു. വ്യക്തിപരമായ സാക്ഷ്യം കേഴ്വിക്കാരനെ കൂടുതല്‍ നിര്‍ബന്ധിക്കും എന്ന യാഥാര്‍ത്ഥ്യം കമ്പനി മനസ്സിലാക്കി; ഒരു ഉല്പന്നത്തെ സംബന്ധിച്ച ഒരു സുഹൃത്തിന്റെ സംതൃപ്തി ശക്തമായ ഒരു സാക്ഷ്യപത്രമാണ്.
നമ്മോടുള്ള ദൈവത്തിന്റെ നന്മയെ സംബന്ധിച്ച നമ്മുടെ വ്യക്തിപരമായ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഒരു സ്വാധീനം ഉളവാക്കും. നമ്മുടെ നന്ദിയും സന്തോഷവും ദൈവത്തോടു മാത്രമല്ല നമുക്കു ചുറ്റുമുള്ളവരോടും പങ്കുവയ്ക്കുവാന്‍ ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു (സങ്കീര്‍ത്തനം 66:1). സങ്കീര്ത്തനക്കാരന് തന്റെ പാപത്തില്‍ നിന്നും മാനസാന്തരപ്പെട്ടപ്പോള് ദൈവം തനിക്കു നല്കിയ പാപക്ഷമയെ തീക്ഷ്ണതയോടെ തന്റെ ഗാനത്തിലൂടെ പങ്കുവച്ചു (വാ. 18-20).
ചരിത്രത്തില്‍ ദൈവം, ചെങ്കടലിനെ വിഭാഗിച്ചതുപോലെയുള്ള അതിശയകരമായ കാര്യങ്ങളെ പ്രവര്‍ത്തിച്ചിട്ടുണ്ട് (വാ. 6). നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ജീവിതത്തിലും അവന് അത്ഭുതങ്ങള്‍ ചെയ്്തിട്ടുണ്ട്; കഷ്ടതയുടെ നടുവില്‍ നമുക്കു പ്രത്യാശ നല്‍കുകയും, അവന്റെ വചനം മനസ്സിലാക്കുവാന്‍ തന്റെ പരിശുദ്ധാത്മാവിനെ നല്‍കുകയും, നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തു. നമ്മുടെ ജീവിതത്തിലെ ദൈവിക പ്രവൃത്തികളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ മറ്റുള്ളവരുമായി നാം പങ്കുവയ്ക്കുമ്പോള്‍, ഒരു പ്രത്യേക വാങ്ങലിനെ സംബന്ധിച്ച് ഒരു സാക്ഷ്യപത്രം നല്കുന്നതിനെക്കാള് ഉന്നതമായ ഒന്നാണ് നാം അവര്‍ക്കു നല്‍കുന്നത് – നാം ദൈവത്തിന്റെ നന്മയെ പ്രകീര്‍ത്തിക്കുകയും ജീവിതയാത്രയില്‍ അന്യോന്യം ധൈര്യപ്പടുത്തുകയും ചെയ്യുകയാണ്.
ദൈവമേ, അങ്ങ് എന്റെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനേക അത്ഭുത പ്രവൃത്തികളെക്കുറിച്ചു പ്രസ്താവിക്കാന്‍ എന്നെ സഹായിക്കണമേ.