റോണിന്റെയും നാന്‍സിയുടെയും വിവാഹജീവിതം അതിവേഗം തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ക്കൊരു അവിഹിത ബന്ധമുണ്ടായിരുന്നു, എങ്കിലും കുറെക്കഴിഞ്ഞ് അവള്‍ തന്റെ പാപം ദൈവത്തോടേറ്റുപറഞ്ഞു. താന്‍ എന്തുചെയ്യണമെന്നാണവന്‍ ആഗ്രഹിക്കുന്നതെന്ന് അവള്‍ക്കറിയാമായിരുന്നു, എങ്കിലും അതു പ്രയാസകരമായിരുന്നു. അവള്‍ റോണിനോടു സത്യം പറഞ്ഞു. റോണ്‍ വിവാഹമോചനത്തിനാവശ്യപ്പെടാതെ, അവള്‍ക്കു മാറ്റമുണ്ടായി എന്നു തെളിയിച്ചുകൊണ്ട് അവന്റെ വിശ്വാസം നേടിയെടുക്കുന്നതിന് ഒരു അവസരം നാന്‍സിക്കു നല്‍കി. അതിശയകരമായ വിധത്തില്‍ ദൈവം അവരുടെ ബന്ധത്തെ യഥാസ്ഥാനപ്പെടുത്തി.

റോണിന്റെ പ്രവൃത്തി, പാപികളായ എന്നോടും നിങ്ങളോടും ദൈവം കാണിക്കുന്ന സ്‌നേഹത്തിന്റെയും ക്ഷമയുടെയും ഒരു ചിത്രമാണ്. പ്രവാചകനായ ഹോശേയാ ഇതു നന്നായി മനസ്സിലാക്കിയിരുന്നു. ദൈവത്തിന്റെ മുമ്പില്‍ യിസ്രായേല്‍ അവിശ്വസ്തരാണ് എന്ന് അവര്‍ക്കു കാണിച്ചുകൊടുക്കുന്നതിനുള്ള ഒരു വഴി എന്ന നിലയില്‍ അവിശ്വസ്തയായ ഒരു സ്ത്രീയെ വിവാഹം ചെയ്യുവാന്‍ ദൈവം ഹോശേയായോടു കല്പിക്കുന്നു (ഹോശേയ 1). അത്രയും ഹൃദയഭേദകമായ സ്ഥിതി പോരാഞ്ഞിട്ട്, ഹോശേയയുടെ ഭാര്യ അവനെ ഉപേക്ഷിച്ചു പോയപ്പോള്‍, അവളോടു തിരികെ വരാന്‍ ആവശ്യപ്പെടാന്‍ ദൈവം അവനോടു പറഞ്ഞു. ‘നീ ഇനിയും ചെന്ന് ഒരു ജാരനാല്‍ സ്‌നേഹിക്കപ്പെട്ട് വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്‌നേഹിച്ചുകൊണ്ടിരിക്കുക’ (3:1) എന്നു ദൈവം അവനോടു കല്പിച്ചു. അവരുടെ അനുസരണക്കേടുകളെല്ലാം ഉണ്ടായിട്ടും തന്റെ ജനവുമായി ഒരു ഗാഢ ബന്ധം പുലര്‍ത്തുവാന്‍ ദൈവം ആഗ്രഹിച്ചു. തന്റെ അവിശ്വസ്ത ഭാര്യയെ ഹോശേയാ സ്‌നേഹിക്കുകയും അവളെ പിന്തുടരുകയും, അവള്‍ക്കുവേണ്ടി ത്യാഗം സഹിക്കുകയും ചെയ്തതുപോലെ ദൈവം തന്റെ ജനത്തെ സ്‌നേഹിച്ചു. അവന്റെ ധാര്‍മ്മിക രോഷവും തീക്ഷ്ണതയും അവന്റെ മഹത്തായ സ്‌നേഹത്തിന്റെ പ്രതിഫലനമായിരുന്നു.
ഇതേ ദൈവം ഇന്നു നാമും അവന്റെ സമീപേ ചെല്ലുവാന്‍ ആഗ്രഹിക്കുന്നു. നാം വിശ്വാസത്തോടെ അവന്റെ സമീപേ ചെല്ലുമ്പോള്‍ സമ്പൂര്‍ണ്ണ സാക്ഷാത്കാരം നാം കണ്ടെത്തും.