ബില്ലി ഗ്രഹാം തന്റെ പതിനാറാം വയസ്സില്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിനു വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ, അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ക്രിസ്തുവിനോടുള്ള ഭക്തി വ്യക്തമായിരുന്നു. ഒരു വിശ്വാസ ഭവനത്തില്‍ ജനിച്ചുവളരുമ്പോഴാണ് അവര്‍ വിശ്വാസത്തിലേക്കു വന്നത്. വിവാഹത്തിനുശേഷം, തങ്ങളുടെ മക്കളെ സ്‌നേഹപുരസ്സരം വളര്‍ത്തുകയും അവരോടൊപ്പം പ്രാര്‍ത്ഥിക്കുകയും തിരുവചനം വായിക്കുകയും ആരാധനയില്‍ സംബന്ധിക്കുകയും ചെയ്തുകൊണ്ട് ആ പൈതൃകം നിലനിര്‍ത്തി. ബില്ലിഗ്രഹാമിന്റെ മാതാപിതാക്കള്‍ അവനുവേണ്ടി ഇട്ട ഉറപ്പുള്ള അടിസ്ഥാനം, അവനെ വിശ്വാസത്തിലേക്കു കൊണ്ടുവരുവാനും പിന്നീട് ധൈര്യശാലിയായ സുവിശേഷകനായി വിളിക്കുവാനും ദൈവം ഉപയോഗിച്ച വളക്കൂറുള്ള മണ്ണായിരുന്നു.

അപ്പൊസ്തലനായ പൗലൊസിന്റെ യുവശിഷ്യനായിരുന്ന തിമൊഥെയൊസും ശക്തമായ ആത്മിക അടിത്തറയുടെ നേട്ടം അനുഭവിച്ചവനായിരുന്നു. പൗലൊസ് എഴുതി, ”ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു’ (2 തിമൊഥെയൊസ് 1:5). ക്രിസ്തുവിലുള്ള വിശ്വാസത്തിലേക്കു തിമൊഥെയൊസിന്റെ ഹൃദയത്തെ ഒരുക്കുന്നതിനും തിരിക്കുന്നതിനും ഈ പൈതൃകം സഹായിച്ചു.

നമുക്കു ശക്തി നല്‍കുന്ന പരിശുദ്ധാത്മാവിലൂടെ (വാ. 6-7) അവന്റെ ഉള്ളില്‍ ഉള്ള ‘ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിച്ചുകൊണ്ട്’ (വാ. 6) ഈ പൈതൃകം നിലനിര്‍ത്താന്‍ പൗലൊസ് തിമൊഥെയൊസിനെ ആഹ്വാനം ചെയ്യുന്നു. കാരണം പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ തിമൊഥെയൊസിന് സുവിശേഷത്തിനുവേണ്ടി ഭയമില്ലാതെ ജീവിക്കാന്‍ കഴിയും (വാ. 8). ഒരു ശക്തമായ ആത്മിക പൈതൃകം നാം വിശ്വാസത്തിലേക്കു വരുമെന്നതിന്റെ ഉറപ്പല്ല, എങ്കിലും മറ്റുള്ളവരുടെ മാതൃകയും വഴികാട്ടലും അതിനുള്ള വഴി ഒരുക്കാന്‍ സഹായിക്കും. നാം യേശുവിനെ രക്ഷകനായി സ്വീകരിച്ചുകഴിയുമ്പോള്‍ ആത്മാവു നമ്മെ ശുശ്രൂഷയിലും അവനുവേണ്ടി ജീവിക്കുന്നതിലും മറ്റുള്ളവരുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുന്നതിലും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും.