സഭാ ഓഡിറ്റോറിയം സംഗീത മുഖരിതമാകെ, വര്‍ണ്ണാന്ധതയുള്ള കലാകാരന് ലാന്‍സ് ബ്രൗണ്‍ സ്റ്റേജിലേക്കു വന്നു. സദസ്സിനു പുറംതിരിഞ്ഞ് ഒരു വലിയ വെള്ള ക്യാന്‍വാസിനു മുമ്പില്‍ നിന്നുകൊണ്ട് തന്റെ ബ്രഷ് കറുത്ത പെയിന്റില്‍ മുക്കി. ചില വരകള്കൊണ്ട് ഒരു ക്രൂശ് പൂര്‍ത്തിയാക്കി.തന്റെ കരവും ബ്രഷും വീണ്ടും വീണ്ടും പ്രയോഗിച്ച് യേശുവിന്റെ ക്രൂശീകരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും ചിത്രീകരിച്ചു. വലിയ ക്യാന്‍വാസില്‍ കറുത്ത ചായം കൊണ്ട് തലങ്ങും വിലങ്ങും വരയ്ക്കുകയും നീലയും വെള്ളയും ഉപയോഗിച്ച് രൂപരഹിത പശ്ചാത്തലം മെനയുകയും ചെയ്ത് ആറു മിനിട്ടുകൊണ്ട് ചിത്രം പൂര്‍ത്തിയാക്കി. അദ്ദേഹം ക്യാന്‍വാസ് പൊക്കിയെടുത്ത് തലതിരിച്ച് ഒരു മറഞ്ഞിരുന്ന ചിത്രം കാണിച്ചു-കരുണാര്‍ദ്രമായ ഒരു മുഖം – യേശു.
ഒരു സഭാ ആരാധനയില്‍ അതിവേഗം പെയിന്റു ചെയ്യാന്‍ ഒരു സുഹൃത്ത് നിര്‍ദ്ദേശിച്ചപ്പോള്‍ താന്‍ വിമുഖനായിരുന്നുവെന്ന് ബ്രൗണ്‍ പറഞ്ഞു. എങ്കിലും ഇപ്പോഴദ്ദേഹം ലോകമെമ്പാടും സഞ്ചരിച്ച് പെയിന്റു ചെയ്തും യേശുക്രിസ്തുവിനെക്കുറിച്ചു മറ്റുള്ളവരോടു പറഞ്ഞും ആളുകളെ ആരാധനയിലേക്കു നയിക്കുന്നു.
ദൈവം തന്റെ ജനത്തിനു പകര്‍ന്നുകൊടുത്ത വിവിധങ്ങളായ വരങ്ങളുടെ മൂല്യവും ഉദ്ദേശ്യവും പൗലൊസ് ഊന്നിപ്പറയുന്നു. തന്റെ കുടുംബത്തിലെ ഓരോ അംഗവും കര്‍ത്താവിനെ മഹത്വപ്പെടുത്താനും സ്നേഹത്തില്‍ മറ്റുള്ളവരെ പണിയുവാനും ആയി സജ്ജരാക്കപ്പെട്ടിരിക്കുന്നു (റോമര്‍ 12:3-5). ഉത്സാഹത്തോടെയും സന്തോഷത്തോടെയും മറ്റുള്ളവരെ സേവിച്ചുകൊണ്ട് അവരെ വളര്‍ത്തുവാനും യേശുവിലേക്കു നയിക്കുവാനും നമ്മുടെ വരങ്ങളെ മനസ്സിലാക്കി ഉപയോഗിക്കുവാന്‍ പൗലൊസ് ആഹ്വാനം ചെയ്യുന്നു (വാ. 6-8).
പിന്നണിയില്‍നിന്നുകൊണ്ടോ അല്ലെങ്കില്‍ മുന്‍നിരയില്‍ നിന്നുകൊണ്ടോ പൂര്‍ണ്ണ ഹൃദയത്തോടെ ശുശ്രൂഷ ചെയ്യുന്നതിനായി ദൈവം നമ്മിലോരോരുത്തര്‍ക്കും ആത്മീയ വരങ്ങളും താലന്തുകളും പ്രാപ്തികളും അനുഭവ പരിചയവും നല്‍കിയിട്ടുണ്ട്. നാം അവന്റെ സര്‍ഗ്ഗാത്മകതയെ ആഘോഷിക്കുമ്പോള്‍ സുവിശേഷം വ്യാപിപ്പിക്കുവാനും മറ്റു വിശ്വാസികളെ സ്നേഹത്തില്‍ വളര്‍ത്തിയെടുക്കുവാനും അവന് നമ്മുടെ അതുല്യതയെ ഉപയോഗിക്കും.
ദൈവമേ, ഞങ്ങളെ ഓരോരുത്തരെയും അതുല്യവും മനോഹരവുമായ വരങ്ങളാല്‍ നിറച്ചിരിക്കുന്നതിനായി അങ്ങേക്കു നന്ദി. അങ്ങയുടെ ശുശ്രൂഷയില്‍ ആ വരങ്ങളെ ഉപയോഗിച്ച് അങ്ങയെ മഹത്വപ്പെടുത്തുവാന്‍ ഞങ്ങളെ സഹായിക്കണമേ.