എന്റെ മകന്‍ ജ്യോഫ് അടുത്തെയിടെ ഒരു ‘ഭവനരഹിത സിമുലേഷ’നില്‍ പങ്കെടുത്തു. മൂന്നു പകലും രണ്ടു രാത്രികളിലും അവന്റെ നഗരത്തിലെ തെരുവുകളില്‍ അവന്‍ ജീവിച്ചു, മരവിപ്പിക്കുന്ന തണുപ്പില്‍ വെളിയില്‍ കിടന്നുറങ്ങി. ആഹാരമോ, പണമോ, കിടപ്പാടമോ ഇല്ലാതെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് അപരിചിതരുടെ കാരുണ്യത്തിനു കൈനീട്ടി അവന്‍ ജീവിച്ചു. ആ ദിവസങ്ങളിലൊന്നില്‍ അവന്റെ ആഹാരം സാന്‍ഡ്‌വിച്ച് മാത്രമായിരുന്നു, ഒരു ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ വെച്ച് അവന്‍ ഭക്ഷണത്തിനു കെഞ്ചുന്നതു കണ്ട് ഒരാള്‍ വാങ്ങിക്കൊടുത്തതായിരുന്നു അത്.

താന്‍ ചെയ്തതില്‍ ഏറ്റവും കഠിനമായ കാര്യമായിരുന്നു അത് എന്ന് ജ്യോഫ് പിന്നീടെന്നോടു പറഞ്ഞു, എങ്കിലും മറ്റുള്ളവരെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ അത് അടിസ്ഥാനപരമായി സ്വാധീനിച്ചു എന്നവന്‍ പറഞ്ഞു. തന്റെ ‘സിമുലേഷനു’ ശേഷമുള്ള ദിനങ്ങളില്‍, താന്‍ തെരുവിലായിരുന്ന സമയത്ത് തന്നോടു കരുണ കാണിച്ച ഭവനരഹിതരെ അവന്‍ തിരഞ്ഞു കണ്ടുപിടിച്ച് ചെറിയ ചെറിയ വഴികളിലൂടെ അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തു. അവന്‍ യഥാര്‍ത്ഥത്തില്‍ ഭവനരഹിതനല്ലെന്നു മനസ്സിലായപ്പോള്‍ അവര്‍ അത്ഭുതപ്പെടുകയും അവരുടെ കണ്ണിലൂടെ അവരുടെ ജീവിതത്തെ നോക്കിക്കാണാന്‍ അവന്‍ മനസ്സുവെച്ചതില്‍ നന്ദിപറയുകയും ചെയ്തു.

എന്റെ മകന്റെ അനുഭവം യേശുവിന്റെ വാക്കുകള്‍ മനസ്സിലേക്കു കൊണ്ടുവന്നു: ‘… നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണുവാന്‍ വന്നു; തടവില്‍ ആയിരുന്നു, നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു….എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്‍മാരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു’ (മത്തായി 25:36, 40). നാം കൊടുക്കുന്നത് ഒരു പ്രോത്സാഹന വാക്കായാലും ഒരു ദിവസത്തേക്കുള്ള ആഹാരസാധനങ്ങളായാലും മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ സ്‌നേഹപൂര്‍വ്വം കരുതാന്‍ ദൈവം നമ്മോടാവശ്യപ്പെടുന്നു. മറ്റുള്ളവരോടുള്ള നമ്മുടെ കരുണ അവനോടുള്ള കരുണയാണ്.