ലെയ്ഫ് എംഗറിന്റെ പീ്സ് ലൈക്ക് എ റിവര്‍ എന്ന നോവലിലെ ജെരമിയ ലാന്‍ഡ് മൂന്നു കുട്ടികളുടെ പിതാവും പ്രാദേശിക സ്കൂളിലെ പ്യൂണും ആണ്. ആഴമേറിയതും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നതുമായ വിശ്വാസത്തിനുടമയുമായിരുന്നു അദ്ദേഹം. പുസ്തകത്തിലുടനീളം അദ്ദേഹത്തിന്റെ വിശ്വാസം പരീക്ഷിക്കപ്പെടുന്നതു കാണാം.
ജെരമിയായുടെ സ്കൂള്‍ നടത്തുന്നത് ചെസ്റ്റര്‍ ഹോള്ഡന് എന്ന സൂപ്രണ്ടാണ്. ദുര്‍ഗുണനായ അയാള്‍ക്ക് ത്വക്കുരോഗവുമുണ്ട്. ജെരമിയാ മികച്ച തൊഴില്‍ ധാര്‍മ്മികത ഉള്ള ആളായിരുന്നിട്ടും – പരാതി കൂടാതെ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കിക്കളയുകയും സൂപ്രണ്ട് വലിച്ചെറിയുന്ന പൊട്ടിയ കുപ്പികള്‍ പെറുക്കിക്കളയുകയും ചെയ്തിട്ടും – അയാള്‍ ജോലിയില്‍ തുരുന്നത് ഹോള്ഡന് ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു ദിവസം, ജെരമിയാ മദ്യപിച്ചതായി വിദ്യാര്‍ത്ഥികളുടെയെല്ലാം മുമ്പില്‍ വെച്ച് അയാള്‍ ആരോപിക്കുകയും ജെരമിയായെ പിരിച്ചുവിടുകയും ചെയ്തു. തികച്ചു അപമാനകരമായ ഒരു രംഗമായിരുന്നു അത്.
ജെരമിയ എങ്ങനെയാണ് പ്രതികരിച്ചത്? അന്യായമായ പിരിച്ചുവിടലിനെതിരെ കേസുകൊടുക്കുമെന്ന് അയാള്‍ക്കു ഭീഷണിപ്പെടുത്താമായിരുന്നു അല്ലെങ്കില്‍ ഹോള്‍ഡനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാമായിരുന്നു. അനീതി അംഗീകരിച്ചുകൊണ്ട് തലതാഴ്ത്തി പോകാമായിരുന്നു. നിങ്ങള്‍ എന്തുചെയ്യുമായിരുന്നു എന്ന് ഒരു നിമിഷം ചിന്തിക്കുക.
‘നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍’ യേശു പറയുന്നു, ‘നിങ്ങളെ പകയ്ക്കുന്നവര്‍ക്കു ഗുണം ചെയ്യുവിന്‍. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിന്‍; നിങ്ങളെ ദുഷിക്കുന്നവര്‍ക്കു വേണ്ടി
പ്രാര്‍ത്ഥിപ്പിന്‍’ (ലൂക്കൊസ് 6:27-28). വെല്ലുവിളി ഉയര്‍ത്തുന്ന ഈ വാക്കുകള്‍ അനീതിയെ സാധൂകരിക്കാനോ നീതി നിര്‍വഹിക്കപ്പെടാതിരിക്കുന്നത് തടയുന്നതിനോ ഉദ്ദേശിച്ചുള്ളതല്ല. മറിച്ച്, അടിസ്ഥാനപരമായ ഒരു ചോദ്യം ചോദിച്ചുകൊണ്ട് ദൈവത്തെ അനുകരിക്കാനാണ് (വാ. 36). എന്റെ ശത്രു എങ്ങനെ ആയിത്തീരണമെന്നു ദൈവം ആഗ്രഹിക്കുന്നുവോ അതായിത്തീരുന്നതിന് എനിക്കെങ്ങനെ സഹായിക്കാന്‍ കഴിയും?
ജെരമിയാ ഒരു നിമിഷം ഹോള്‍ഡന്റെ മുഖത്തേക്കു നോക്കി, എന്നിട്ടു കൈനീട്ടി അദ്ദേഹത്തിന്റെ മുഖത്തു സ്പര്‍ശിച്ചു. ഹോള്ഡന് പെട്ടെന്നു പുറകോട്ടു മാറി, എന്നിട്ട് അത്ഭുതത്തോടെ തന്റെ താടിയും കവിളും തൊട്ടുനോക്കി. അയാളുടെ പാടുകള്‍ വീണ മുഖം സുഖപ്പെട്ടിരിക്കുന്നു.
ഒരു ശത്രു കൃപയാല്‍ സ്പര്‍ശിക്കപ്പെട്ടിരിക്കുന്നു.
കര്‍ത്താവേ, അനീതിയും അന്യായവും ദുരുപയോഗവും നേരിടുമ്പോള്‍ ശപിക്കുന്നതില്‍ നിന്ന് എന്റെ അധരത്തെയും മുഷ്ടിചുരുട്ടുന്നതില് നിന്ന് എന്റെ കൈകളെയും തടയണമേ. പകരം അങ്ങയോടു കൂടുതല്‍ അടുത്തുവരുവാന്‍ എന്റെ ശത്രുവിനെ സഹായിക്കുന്നതെങ്ങനെയെന്ന് എനിക്കു കാണിച്ചുതരേണമേ.