കിഴക്കേ ലണ്ടനിലെ ദുഷ്‌കരമായ മേഖലയില്‍ വളര്‍ന്ന സ്റ്റീഫന്‍ പത്താം വയസ്സില്‍ കുറ്റകൃത്യങ്ങളിലേക്കു നിപതിച്ചു. ‘എല്ലാവരും മയക്കുമരുന്നു വില്‍ക്കുകയും മോഷണവും വഞ്ചനയും നടത്തുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങളും അതില്‍ അകപ്പെട്ടുപോകും’ അവന്‍ പറഞ്ഞു. ‘അതൊരു ജീവിത രീതിയാണ്.’ എന്നാല്‍ ഇരുപതാമത്തെ വയസ്സില്‍ അവനുണ്ടായ ഒരു സ്വപ്‌നം അവനെ രൂപാന്തരപ്പെടുത്തി. ‘സ്റ്റീഫന്‍, നീ കൊലപാതകത്തിനു ജയിലില്‍ പോകാന്‍ പോകുകയാണ് എന്നു ദൈവം എന്നോടു പറയുന്നതു ഞാന്‍ കേട്ടു.’ ഈ സ്വപ്‌നം ഒരു മുന്നറിയിപ്പായിരുന്നു. അവന്‍ ദൈവത്തിങ്കലേക്കു തിരിഞ്ഞ് യേശുവിനെ രക്ഷകനായി സ്വീകരിച്ചു – പരിശുദ്ധാത്മാവ് അവന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തി.

നഗരത്തിലെ കുട്ടികളെ സ്‌പോര്‍ട്ട്‌സിലൂടെ അച്ചടക്കം, ധാര്‍മ്മികത, മറ്റുള്ളവരെ ബഹുമാനിക്കല്‍ എന്നിവ അഭ്യസിപ്പിക്കുന്നതിനായി ഒരു സംഘടന സ്റ്റീഫന്‍ രൂപീകരിച്ചു. കുട്ടികളോടൊപ്പം പ്രാര്‍ത്ഥിക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നതില്‍ വിജയം കൈവരിച്ചപ്പോള്‍ അതിനുള്ള മഹത്വം ദൈവത്തിനാണ് സ്റ്റീഫന്‍ നല്‍കിയത്. ‘തെറ്റായി നയിക്കപ്പെട്ട സ്വപ്‌നങ്ങളെ പുനര്‍നിര്‍മ്മിക്കുക’ അവന്‍ പറയുന്നു.

ദൈവത്തെ പിന്തുടരുകയും നമ്മുടെ ഭൂതകാലത്തെ പുറകിലുപേക്ഷിക്കുകയും ചെയ്യുമ്പോള്‍ – സ്റ്റീഫനെപ്പോലെ – പുതിയ ജീവിത രീതി പിന്തുടരാന്‍ എഫെസ്യരോട് പൗലൊസ് പറയുന്ന പ്രബോധനത്തെ അനുസരിക്കുകയാണു നാം ചെയ്യുന്നത്. നമ്മുടെ പഴയ മനുഷ്യന്‍ ”മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാല്‍ വഷളായിപ്പോകുന്നതാണ്’ എങ്കിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട ”പുതുമനുഷ്യനെ’ ധരിക്കുന്നതിനായി ദിനംതോറും ശ്രമിക്കാന്‍ നമുക്കു കഴിയും (എഫെസ്യര്‍ 4:22, 24). നമ്മെ കൂടുതലായി ദൈവത്തോടനുരൂപരാക്കുന്നതിനായി അവന്റെ പരിശുദ്ധാത്മാവിലൂടെ നാം ദൈവത്തോടപേക്ഷിച്ചുകൊണ്ട് ഈ തുടര്‍മാനമായ പ്രക്രിയ നടത്താന്‍ എല്ലാ വിശ്വാസികള്‍ക്കും കഴിയും
.
”എന്റെ ജീവിതം പാടെ രൂപാന്തരപ്പെടുന്നതില്‍ വിശ്വാസം ഒരു നിര്‍ണ്ണായക അടിസ്ഥാനമായിരുന്നു’ സ്റ്റീഫന്‍ പറഞ്ഞു. നിങ്ങളെ സംബന്ധിച്ച് ഇത് എങ്ങനെ ശരിയായിരിക്കുന്നു?