റെസ്റ്റോറന്റ് മനോഹരമായിരുന്നുവെങ്കിലും ഇരുണ്ടതായിരുന്നു. ഓരോ മേശയിലും ഒരു ചെറിയ മെഴുകുതിരി വീതം കത്തിക്കൊണ്ടിരുന്നു. ഭക്ഷണത്തിനു വന്നവര്‍ മെനു വായിക്കുന്നതിനും കൂടെയുള്ളവരുടെ മുഖം കാണുന്നതിനും തങ്ങള്‍ എന്താണു ഭക്ഷിക്കുന്നത് എന്നു കാണുന്നതിനുപോലും വെളിച്ചത്തിനുവേണ്ടി തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കേണ്ടിവന്നു.
ഒടുവില്‍ ഒരു മാന്യദേഹം കസേര പുറകോട്ടു നീക്കിയിട്ട് വെയിറ്ററുടെ അടുത്തു ചെന്ന് ശാന്തമായി ചോദിച്ചു, ‘താങ്കള്‍ക്ക് ലൈറ്റ് ഓണ്‍ ചെയ്യാന്‍ കഴിയുമോ?’ അധികം കഴിയും മുമ്പ് ഒരു സീലിംഗ് ലൈറ്റ് കത്തുകയും കൈയടികൊണ്ട് മുറി മുഖരിതമാകുകയും ചെയ്തു. ഒപ്പം തന്നെ ചിരികളും ഉയര്‍ന്നു. സന്തോഷപ്രദമായ സംസാരവും ഉയര്‍ന്നു. നന്ദി ശബ്ദങ്ങളും. എന്റെ സ്നേഹിതയുടെ ഭര്‍ത്താവ് ഫോണ്‍ ഓഫ് ചെയ്തിട്ട് തന്റെ പാത്രങ്ങള്‍ എടുത്തു, ഞങ്ങളോടെല്ലാം പറഞ്ഞു, ‘വെളിച്ചം ഉണ്ടാകട്ടെ! ഇനി നമുക്കു ഭക്ഷിക്കാം.’
ഞങ്ങളുടെ മൂകത നിറഞ്ഞ സായംകാലം ഒരു സ്വിച്ച് ഓണാക്കിയതോടെ ആഘോഷഭരിതമായി. എങ്കില്‍ യഥാര്‍ത്ഥ വെളിച്ചത്തിന്റെ ഉറവിടത്തെ അറിയുകയെന്നത് എത്രയധികം പ്രാധാന്യമുള്ളതാണ്. പ്രപഞ്ച സൃഷ്ടിയുടെ ആദ്യദിനത്തില്‍ ദൈവം തന്നെയാണ് ആ അതിശയകരമായ വാക്കുകള്‍ പറഞ്ഞത്, ‘വെളിച്ചം ഉണ്ടാകട്ടെ!’ ‘വെളിച്ചം ഉണ്ടായി’ (ഉല്പത്തി 1:3). തുടര്‍ന്ന് ‘വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു’ (വാ. 4).
നമ്മോടുള്ള ദൈവത്തിന്റെ വലിയ സ്നേഹത്തെയാണ് വെളിച്ചം വെളിപ്പെടുത്തുന്നത്. അവന്റെ വെളിച്ചം നമ്മെ ‘ലോകത്തിന്റെ വെളിച്ചവും’ (യോഹന്നാന് 8:12) പാപത്തിന്റെ ഇരുട്ടില്‍നിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശുവിങ്കലേക്കു വഴികാട്ടുന്നു. നാം അവന്റെ വെളിച്ചത്തില്‍ നടക്കുമ്പോള്‍, പുത്രനെ മഹത്വപ്പെടുത്തുന്ന ഒരു ജീവിതത്തിലേക്കുള്ള പ്രകാശപൂരിതമായ പാത നാം കണ്ടെത്തും. അവനാണ് ലോകത്തിനു ലഭിച്ച ഏറ്റവും പ്രകാശപൂരിതമായ സമ്മാനം. അവന് പ്രകാശിക്കുന്നതിനാല്‍ നമുക്ക് അവന്റെ വഴിയില്‍ നടക്കാം.
കര്‍ത്താവേ, ലോകത്തിന്റെ വെളിച്ചമായ യേശുവിനായും അവന്റെ വലിയ സ്നേഹത്തിന്റെ വാഴികാട്ടുന്ന വെളിച്ചത്തിനായും ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുന്നു.