‘ട്രോളുകളെ പോഷിപ്പിക്കരുത്’ എന്ന പ്രയോഗം എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇന്ന് ഡിജിറ്റല്‍ ലോകത്തെ ഒരു പുതിയ പ്രശ്നമാണ് ‘ട്രോള്‍’-വാര്‍ത്തകളെ സംബന്ധിച്ചും സോഷ്യല്‍ മീഡിയായിലെ ചര്‍ച്ചകളെക്കുറിച്ചും മനപ്പൂര്‍വ്വമായി പോസ്റ്റു ചെയ്യുന്ന പരിഹാസദ്യോതകവും മുറിപ്പെടുത്തുന്നതുമായ വിമര്‍ശനങ്ങളെയാണ് ട്രോള്‍ എന്നു വിളിക്കുന്നത്. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെ അവഗണിക്കുന്നത് – ട്രോളിനെ പോഷിപ്പിക്കാതിരിക്കുന്നത് – ട്രോളര്‍മാര്‍ക്ക് മുന്നോട്ടു പോകാന്‍ തടസ്സമായിത്തീരും.
ക്രിയാത്മകമല്ലാത്ത സംഭാഷണങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി താല്പര്യമില്ലാത്ത ആളുകളുമായുള്ള ഏറ്റുമുട്ടല്‍ തീര്‍ച്ചയായും പുതിയ കാര്യമല്ല. ‘ട്രോളുകളെ പോഷിപ്പിക്കരുത്’ എന്ന പ്രയോഗം ഒരുപക്ഷേ സദൃശവാക്യങ്ങള്‍ 26:4 ന്റെ ആധുനിക കാല പതിപ്പായിരിക്കാം. ധിക്കാരിയും കേള്‍ക്കാന്‍ മനസ്സില്ലാത്തവനുമായ ഒരുവനോടു തര്‍ക്കിക്കുന്നത് അവരുടെ നിലവാരത്തിലേക്കു താഴാന്‍ നമ്മെ പ്രേരിപ്പിക്കും എന്നാണ് അവിടെ മുന്നറിയിപ്പു നല്‍കുന്നത്.
എന്നിരിന്നാലും…ഏറ്റവും ധാര്‍ഷ്ട്യക്കാരനെന്നു തോന്നുന്ന വ്യക്തിയും ദൈവത്തിന്റെ സ്വരൂപവാഹിയായ അതുല്യ വ്യക്തിത്വമാണ്. മറ്റുള്ളവരെ അവഗണിക്കുന്നതില്‍ നാം തിടുക്കം കാട്ടുമ്പോള്‍ നാമാണ് ധാര്‍ഷ്ട്യം കാണിക്കുന്നതും ദൈവകൃപ സ്വീകരിക്കുന്നതിനെ നിരസിക്കുവാന്‍ തിടുക്കം കാണിക്കുന്നതും (മത്തായി 5:22 കാണുക). എന്തുകൊണ്ടാണ് സദൃശവാക്യങ്ങള്‍ നേരെ വിപരീതമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത് എന്നതിനുള്ള കാരണങ്ങളിലൊന്നാണിത്. ഓരോ സാഹചര്യത്തിലും മറ്റുള്ളവരോട് ഏറ്റവും നന്നായി സ്നേഹം പ്രദര്‍ശിപ്പിക്കേണ്ടതെങ്ങനെയെന്നു വിവേചിച്ചറിയാന്‍ താഴ്മയോടും പ്രാര്‍ത്ഥനയോടുംകൂടെയുള്ള ദാവാശ്രയം ആവശ്യമാണ് (കൊലൊസ്യര്‍ 4:5-6 കാണുക). ചിലപ്പോള്‍ നാം സംസാരിക്കണം, മറ്റു ചിലപ്പോള്‍ മൗനം പാലിക്കുകയാണുത്തമം.
എങ്കിലും നാം ദൈവത്തോടു മനസ്സു കഠിനപ്പെടുത്തി എതിരായിരുന്ന സമയത്തുപോലും നമ്മെ തന്നോട് അടുപ്പിച്ച ദൈവം ഓരോ വ്യക്തിയുടെ ഹൃദയത്തിലും ശക്തിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു എന്നറിയുന്നത് ഏതു സമയത്തും സമാധാനം കണ്ടെത്താന്‍ നമ്മെ സഹായിക്കും (റോമര്‍ 5:6). ക്രിസ്തുവിന്റെ സ്നേഹം നാം പങ്കുവയ്ക്കുമ്പോള്‍ അവന്റെ ജ്ഞാനത്തില്‍ നമുക്ക് ആശ്രയിക്കാം.
സ്നേഹമുള്ള കരുണാമയനായ രക്ഷകാ, ഞാന്‍ ധാര്‍ഷ്ട്യക്കാരനും നിര്‍ബന്ധബുദ്ധിക്കാരനും ആയിരിക്കുമ്പോഴും, അങ്ങ് എന്നെ സ്നേഹിക്കുന്നതു നിര്‍ത്താതെ എന്നെ അങ്ങയിലേക്കു മടക്കിവരുത്തിയതിനു നന്ദി. ഇന്നും എല്ലാ ദിവസവും എനിക്കു ചുറ്റുമുള്ളവരോട് അങ്ങയുടെ സ്നേഹം പങ്കുവയ്ക്കുവാന്‍ എന്നെ സഹായിക്കണമേ.