‘നീ ഒരു എക്സ്ചേഞ്ച് വിദ്യാര്‍ത്ഥിയാകാന്‍ പോകുകയാണ്!’ ജര്‍മ്മനിയില്‍ പഠിക്കാന്‍ എനിക്കനുമതി കിട്ടി എന്നു കേട്ടപ്പോള്‍ പതിനേഴുകാരനായ എനിക്ക് ആവേശവും ആഹ്ലാദവും ഉണ്ടായി. എന്നാല്‍ യാത്രയ്ക്ക് ഇനി മൂന്നു മാസം മാത്രമേയുള്ളു, ഞാനാണെങ്കില്‍ ജര്‍മ്മന്‍ ഭാഷയുടെ ഒരു ക്ലാസുപോലും സംബന്ധിച്ചിരുന്നില്ല.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞാന്‍ അത്യധ്വാനം ചെയ്തു-മണിക്കൂറുകള്‍ പഠിക്കുകയും എന്റെ കൈവെള്ളയില്‍ പോലും വാക്കുകള്‍ എഴുതി മനഃപാഠമാക്കുകയും ചെയ്തു.
മാസങ്ങള്‍ക്കുശേഷം ഞാന്‍ ജര്‍മ്മനിയിലെ ക്ലാസ്റൂമില്‍ ഇരിക്കുമ്പോള്‍ ഭാഷ നന്നായി അറിയില്ല എന്നത് എന്നെ നിരുത്സാഹപ്പെടുത്തി. അന്ന് ഒരു അധ്യാപകന് എനിക്കൊരു വിവേകപൂര്‍വ്വമായ ഉപദേശം നല്കി: ‘ഭാഷ പഠിക്കുക എന്നത് മണല്‍ക്കൂന കയറുന്നതുപോലെയാണ്. ചിലപ്പോള്‍ നിങ്ങള്‍ എങ്ങും എത്തുന്നില്ല എന്നു നിങ്ങള്‍ക്കു തോന്നും. എന്നാല്‍ മുമ്പോട്ടു തന്നെ പൊയ്ക്കൊണ്ടിരുന്നാല്‍ നിങ്ങള്‍ എത്തും.’
ചിലപ്പോഴൊക്കെ യേശുവിന്റെ ഒരു അനുയായി എന്ന നിലയില്‍ വളര്‍ച്ചയുടെ അര്‍ത്ഥം എന്താണെന്നു ചിന്തിക്കുമ്പോള്‍ ആ ഉള്‍ക്കാഴ്ചയെക്കുറിച്ചു ഞാന്‍ ചിന്തിക്കാറുണ്ട്. അപ്പൊസ്തലനായ പൗലൊസ് പറയുന്നു, ‘ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്’. പൗലൊസിനുപോലും വ്യക്തിപരമായ സമാധാനം ഒറ്റ രാത്രികൊണ്ടു കരഗതമായതല്ല, അത് അവന് വളര്‍ച്ച പ്രാപിച്ച ഒന്നാണ്. ഈ മുന്നേറ്റത്തിന്റെ രഹസ്യം അവന് പങ്കുവയ്ക്കുന്നു – ‘എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു’ (ഫിലിപ്പിയര്‍ 4:11-13).
ജീവിതത്തിന്് അതിന്റേതായ വെല്ലുവിളികളുണ്ട്. എന്നാല്‍ ‘ലോകത്തെ ജയിച്ചവ’നിലേക്കു (യോഹന്നാന് 16:33) നാം തിരിയുമ്പോള്‍ അവന് നമ്മെ പ്രതികൂലങ്ങളെ അതിജീവിക്കുന്നതിന് ശക്തനാക്കുവാന്‍ വിശ്വസ്തന് ആണെന്നു മാത്രമല്ല അവനോട് അടുത്തു ചെല്ലുന്നതിനെക്കാള്‍ പ്രാധാന്യമുള്ളത് മറ്റൊന്നുമില്ല എന്നും നാം കണ്ടെത്തുകയും ചെയ്യും. അവന് നമുക്കു തന്റെ സമാധാനം നല്‍കുകയും ആശ്രയിക്കാന്‍ നമ്മെ സഹായിക്കുകയും അവനോടൊപ്പം നാം നടക്കുമ്പോള്‍ ബഹുദൂരം സഞ്ചരിക്കാന്‍ നമ്മെ ശക്തീകരിക്കുകയും ചെയ്യും.
യേശുവേ ഞാന്‍ അങ്ങയിലേക്കു തിരിയുമ്പോള്‍ അങ്ങെനിക്കു നല്കുന്ന സമാധാനത്തിനു നന്ദി. ഇന്ന് അങ്ങയോടു വളരെയടുത്തു ജീവിക്കുവാന്‍ എന്നെ സഹായിക്കണമേ.