സുരക്ഷിതത്വത്തിന്റെ വ്യാജ ഇടങ്ങള്‍
ഞങ്ങളുടെ നായ റൂപ്പെര്‍ട്ട് കുഞ്ഞായിരിക്കുമ്പോള്‍, വെളിയില്‍ പോകുന്നതിനു ഭയങ്കര പേടിയായിരുന്നതിനാല്‍ ഞാന്‍ അവനെ വലിച്ചുകൊണ്ടാണ് പാര്‍ക്കില്‍ പോയിരുന്നത്. ഒരു ദിവസം പാര്‍ക്കില്‍ എത്തിയശേഷം ഞാന്‍ അവനെ എന്റെ ഭോഷത്വത്തിന് അഴിച്ചു വിട്ടു. ക്ഷണനേരം കൊണ്ട് അവന് വീട്ടിലേക്കോടി അവന്റെ സുരക്ഷിത സ്ഥാനത്തെത്തി.
ആ അനുഭവം എന്നെ വിമാനത്തില്‍ വെച്ചു പരിചയപ്പെട്ട ഒരു മനുഷ്യനെ ഓര്‍മ്മിപ്പിച്ചു. വിമാനം റണ്‍വേയിലൂടെ ഓടിയപ്പോള്‍ ആ മനുഷ്യന് എന്നോടു ക്ഷമാപണം ചെയ്യാന്‍ തുടങ്ങി. 'ഈ യാത്രയില്‍ ഞാന്‍ മദ്യപിക്കാന്‍ പോകയാണ്.' അയാള്‍ പറഞ്ഞു. 'നിങ്ങള്‍ക്കത് താല്പര്യമില്ലെന്നു തോന്നുന്നല്ലോ' ഞാന്‍ പറഞ്ഞു. 'എനിക്കു താല്പര്യമില്ല, പക്ഷേ ഞാന്‍ എല്ലായ്പ്പോഴും വീഞ്ഞിലേക്ക് ഓടിച്ചെല്ലുന്നു.' അയാള്‍ മദ്യപിച്ചു ലക്കുകെട്ടു. ഏറ്റവും ദുഃഖകരമായ ഭാഗം വിമാനത്തില്‍ നിന്നിറങ്ങുമ്പോള്‍ അയാളുടെ ഭാര്യ അയാളെ ആലിംഗനം ചെയ്തു, എന്നാല്‍ അയാളുടെ ശ്വാസത്തിന്റെ മണമറിഞ്ഞപ്പോള്‍ അയാളെ ദൂരേക്കു തള്ളിമാറ്റി. മദ്യപാനം ആയിരുന്നു അയാളുടെ സുരക്ഷിത സ്ഥാനം, പക്ഷേ അതൊരു സുരക്ഷിതസ്ഥാനമേ അല്ലായിരുന്നു.
'കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിപ്പിന്‍' (മര്‍ക്കൊസ് 1:15) എന്ന വാക്കുകളോടെയാണ് യേശു തന്റെ ശുശ്രൂഷ ആരംഭിച്ചത്. 'മാനസാന്തരപ്പെടുക' എന്നു പറഞ്ഞാല്‍ ദിശ നേരെ തിരിക്കുക എന്നാണ്. 'ദൈവരാജ്യം' എന്നത് നമ്മുടെ ജീവിതത്തിന്മേലുള്ള അവന്റെ സ്നേഹമസൃണ ഭരണമാണ്. നമ്മെ കെണിയില്‍പ്പെടുത്തുന്ന സ്ഥലങ്ങളിലേക്ക് ഓടിച്ചെല്ലുന്നതിനു പകരം അല്ലെങ്കില്‍ ഭയവും ആസക്തിയും നമ്മെ ഭരിക്കുന്നതിനു പകരം, നമുക്ക് നമ്മെ പുതു ജീവനിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കുന്ന ദൈവത്താല്‍ നമുക്കു ഭരിക്കപ്പെടുവാന്‍ കഴിയും എന്ന് യേശു പറഞ്ഞു.
ഇന്ന് റൂപ്പെര്‍ട്ട് സന്തോഷത്തോടെ കുരച്ചുകൊണ്ട് പാര്‍ക്കിലേക്ക് ഓടുന്നു. വിമാനത്തില്‍ കണ്ട ആ മനുഷ്യനും സുരക്ഷിതത്വത്തിന്റെ വ്യാജ ഇടം വിട്ട് സന്തോഷവും സ്വാതന്ത്ര്യവും പ്രാപിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ദൈവത്തിന്റെ ദൃഷ്ടിയില് യോഗ്യതയുള്ളവന്
എനിക്ക് കമ്പ്യൂട്ടര്‍ കോഡ് ഒരു വരി പോലും എഴുതാന്‍ അറിയില്ലെങ്കിലും ബിസിനസ് ജ്ഞാനം ഒട്ടുമില്ലാഞ്ഞിട്ടും കോളജ് പഠനത്തിനുശേഷം ഒരു ടെക്നോളജി-കണ്‍സള്‍ട്ടിംഗ് സ്ഥാപനം എന്നെ ജോലിക്കെടുത്തു. എന്റെ എന്‍ട്രി ലെവല്‍ സ്ഥാനത്തിനായുള്ള ഇന്റര്‍വ്യൂവില്‍, കമ്പനി എക്സ്പീരിയന്‍സിനു വലിയ പ്രാധാന്യം നല്‍കുന്നില്ല എന്നു ഞാന്‍ മനസ്സിലാക്കി. പകരം, പ്രശ്നങ്ങളെ ക്രിയാത്മകമായി പരിഹരിക്കാനുള്ള കഴിവ്, നല്ല വിവേചന ശക്തി, ടീമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നിവയ്ക്കായിരുന്നു പ്രാധാന്യം. കമ്പനി അന്വേഷിക്കുന്ന തരത്തിലുള്ള ആളുകളാണ് എങ്കില്‍ പുതിയ ജോലിക്കാരെ അത്യാവശ്യമുള്ള വൈദഗ്ധ്യങ്ങള്‍ പഠിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് കമ്പനി മനസ്സിലാക്കി.
പെട്ടകം പണിക്കാവശ്യമുള്ള ശരിയായ റസ്യൂമെ നോഹയ്ക്കില്ലായിരുന്നു-അവനൊരു ബോട്ടു നിര്‍മ്മാതാവോ, ഒരു ആശാരി പോലുമോ ആയിരുന്നില്ല. നോഹ ഒരു കൃഷിക്കാരനായിരുന്നു, തന്റെ ഉടുപ്പില്‍ മണ്ണു പറ്റാന്‍ താല്പര്യമുള്ളവനും കയ്യില്‍ കലപ്പയുള്ളവനും. എന്നിട്ടും അന്നത്തെ ലോകത്തിന്റെ ദുഷ്ടതയ്ക്ക് അറുതിവരുത്താന്‍ ദൈവം തീരുമാനിച്ചപ്പോള്‍, നോഹയെയാണ് അനുയോജ്യനായി കണ്ടത്, കാരണം അവന് 'ദൈവത്തോടുകൂടെ നടന്നു' (ഉല്പത്തി 6:9). നോഹയുടെ പഠിക്കാന്‍ മനസ്സുള്ള ഹൃദയത്തെ - തനിക്കു ചുറ്റുമുള്ള അധഃപതനത്തെ എതിര്‍ക്കുവാനും ശരിയായ കാര്യം ചെയ്യുവാനും മനസ്സുള്ള ഹൃദയത്തെ - ദൈവം വിലമതിച്ചു.
ദൈവത്തെ സേവിക്കുവാനുള്ള അവസരം നമുക്കു ലഭിക്കുമ്പോള്‍, ആ ജോലിക്കു യോഗ്യതയുള്ളവരാണെന്നു നമുക്കു തോന്നിയേക്കില്ല. എന്നാല്‍ നമ്മുടെ നൈപുണ്യം ദൈവത്തിനു വിഷയമല്ല എന്നതില്‍ ദൈവത്തിനു നന്ദി. അവന് നമ്മുടെ സ്വഭാവത്തെയും അവനോടുള്ള സ്നേഹത്തെയും അവനില്‍ ആശ്രയിക്കാനുള്ള മനസ്സിനെയും വിലമതിക്കുന്നു. ഈ സ്വഭാവങ്ങള്‍ ആത്മാവിനാല്‍ നമ്മുടെ ഉള്ളില്‍ വികസിക്കുമ്പോള്‍, ഭൂമിയിലെ തന്റെ ഹിതം നിവര്‍ത്തിക്കുവാന്‍ അവന് നമ്മെ വലുതോ ചെറുതോ ആയ വഴികളില്‍ ഉപയോഗിക്കും.
എനിക്കു ചുറ്റും ഒരു പരിച
അനേക കഴിവുകളുള്ള ഞങ്ങളുടെ ആരാധനാ ശുശ്രൂഷകന് ഒരു ബോട്ട് അപകടത്തില്‍ മുപ്പത്തൊന്നാം വയസ്സില്‍ മരണമടഞ്ഞപ്പോള്‍ ഞങ്ങളുടെ സഭ ദുഃഖകരമായ അനുഭവത്തിലൂടെ കടന്നുപോയി. പോളിനും ഭാര്യ ഡുറോന്റയ്ക്കും വേദന അപരിചിതമായിരുന്നില്ല; അകാലത്തില്‍ കടന്നുപോയ നിരവധി കുഞ്ഞുങ്ങളെ അവര്‍ അടക്കിയിട്ടുണ്ട്; ഇപ്പോഴിതാ ആ കൊച്ചു കുഴിമാടങ്ങള്‍ക്കരികെ മറ്റൊരു കുഴിമാടം കൂടി. ഈ കുടുംബം അനുഭവിച്ച, ജീവിതത്തെ തകര്‍ത്തുടച്ച പ്രതിസന്ധികള്‍ അവരെ സ്നേഹിച്ചവരെയെല്ലാം തലക്കേറ്റ ആഘാതം പോലെ ഉലച്ചു.
വ്യക്തിപരവും കുടുംബപരവുമായ പ്രതിസന്ധികള്‍ ദാവീദിന് അന്യമായിരുന്നില്ല. സങ്കീര്‍ത്തനം 3 ല്‍ തന്റെ മകന് അബ്ശാലോമിന്റെ മത്സരം നിമിത്തം ദാവീദ് തകര്‍ന്നുപോയി. കൊട്ടാരത്തില്‍ താമസിച്ചു യുദ്ധം ചെയ്യുന്നതിനുപകരം, അവന് തന്റെ ഭവനവും സിംഹാസനവും വിട്ട് ഓടിപ്പോയി (2 ശമുവേല്‍ 15:13-23). അവന് ദൈവത്താല്‍ കൈവിടപ്പെട്ടു എന്ന് 'അനേകര്‍' കരുതിയെങ്കിലും (സങ്കീര്‍ത്തനം 3:2), ദാവീദിന് സത്യം അറിയാമായിരുന്നു, കാരണം അവന് യഹോവയെ തന്റെ ശരണമാക്കിയിരുന്നു (വാ. 3),അതനുസരിച്ച് അവന് യഹോവയെ വിളിച്ചപേക്ഷിച്ചു (വാ. 4). അതുതന്നെയാണ് ഡുറോന്റ ചെയ്തതും. തന്റെ ഭര്‍ത്താവിനെ സ്മരിക്കുവാന് നൂറുകണക്കിനാളുകള്‍ കൂടിവന്നപ്പോള്‍, അവള് തന്റെ അതിദുഃഖത്തിന്റെ നടുവിലും തന്റെ ശാന്തവും മൃദുവുമായ ശബ്ദത്തില്‍ ദൈവത്തിലുള്ള ഉറപ്പ് പ്രഖ്യാപിക്കുന്ന ഒരു പാട്ടു പാടി.
ഡോക്ടറുടെ റിപ്പോര്‍ട്ട് പ്രോത്സാഹജനകമല്ലാതിരിക്കുമ്പോള്‍, സാമ്പത്തിക ഞെരുക്കത്തിന് അയവു വരാതിരിക്കുമ്പോള്‍, ബന്ധങ്ങള്‍ നിരപ്പാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമ്പോള്‍, നമ്മുടെ സ്നേഹഭാജനങ്ങളെ മരണം തട്ടിയെടുക്കുമ്പോള്‍- 'നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയര്‍ത്തുന്നവനും ആകുന്നു' (വാ. 3) എന്ന് പറയാന്‍ നമുക്കും ശക്തി ലഭിക്കട്ടെ.
അറിയുന്നതിനായി വളരുക
'നീ ഒരു എക്സ്ചേഞ്ച് വിദ്യാര്‍ത്ഥിയാകാന്‍ പോകുകയാണ്!' ജര്‍മ്മനിയില്‍ പഠിക്കാന്‍ എനിക്കനുമതി കിട്ടി എന്നു കേട്ടപ്പോള്‍ പതിനേഴുകാരനായ എനിക്ക് ആവേശവും ആഹ്ലാദവും ഉണ്ടായി. എന്നാല്‍ യാത്രയ്ക്ക് ഇനി മൂന്നു മാസം മാത്രമേയുള്ളു, ഞാനാണെങ്കില്‍ ജര്‍മ്മന്‍ ഭാഷയുടെ ഒരു ക്ലാസുപോലും സംബന്ധിച്ചിരുന്നില്ല.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞാന്‍ അത്യധ്വാനം ചെയ്തു-മണിക്കൂറുകള്‍ പഠിക്കുകയും എന്റെ കൈവെള്ളയില്‍ പോലും വാക്കുകള്‍ എഴുതി മനഃപാഠമാക്കുകയും ചെയ്തു.
മാസങ്ങള്‍ക്കുശേഷം ഞാന്‍ ജര്‍മ്മനിയിലെ ക്ലാസ്റൂമില്‍ ഇരിക്കുമ്പോള്‍ ഭാഷ നന്നായി അറിയില്ല എന്നത് എന്നെ നിരുത്സാഹപ്പെടുത്തി. അന്ന് ഒരു അധ്യാപകന് എനിക്കൊരു വിവേകപൂര്‍വ്വമായ ഉപദേശം നല്കി: 'ഭാഷ പഠിക്കുക എന്നത് മണല്‍ക്കൂന കയറുന്നതുപോലെയാണ്. ചിലപ്പോള്‍ നിങ്ങള്‍ എങ്ങും എത്തുന്നില്ല എന്നു നിങ്ങള്‍ക്കു തോന്നും. എന്നാല്‍ മുമ്പോട്ടു തന്നെ പൊയ്ക്കൊണ്ടിരുന്നാല്‍ നിങ്ങള്‍ എത്തും.'
ചിലപ്പോഴൊക്കെ യേശുവിന്റെ ഒരു അനുയായി എന്ന നിലയില്‍ വളര്‍ച്ചയുടെ അര്‍ത്ഥം എന്താണെന്നു ചിന്തിക്കുമ്പോള്‍ ആ ഉള്‍ക്കാഴ്ചയെക്കുറിച്ചു ഞാന്‍ ചിന്തിക്കാറുണ്ട്. അപ്പൊസ്തലനായ പൗലൊസ് പറയുന്നു, 'ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്'. പൗലൊസിനുപോലും വ്യക്തിപരമായ സമാധാനം ഒറ്റ രാത്രികൊണ്ടു കരഗതമായതല്ല, അത് അവന് വളര്‍ച്ച പ്രാപിച്ച ഒന്നാണ്. ഈ മുന്നേറ്റത്തിന്റെ രഹസ്യം അവന് പങ്കുവയ്ക്കുന്നു - 'എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു' (ഫിലിപ്പിയര്‍ 4:11-13).
ജീവിതത്തിന്് അതിന്റേതായ വെല്ലുവിളികളുണ്ട്. എന്നാല്‍ 'ലോകത്തെ ജയിച്ചവ'നിലേക്കു (യോഹന്നാന് 16:33) നാം തിരിയുമ്പോള്‍ അവന് നമ്മെ പ്രതികൂലങ്ങളെ അതിജീവിക്കുന്നതിന് ശക്തനാക്കുവാന്‍ വിശ്വസ്തന് ആണെന്നു മാത്രമല്ല അവനോട് അടുത്തു ചെല്ലുന്നതിനെക്കാള്‍ പ്രാധാന്യമുള്ളത് മറ്റൊന്നുമില്ല എന്നും നാം കണ്ടെത്തുകയും ചെയ്യും. അവന് നമുക്കു തന്റെ സമാധാനം നല്‍കുകയും ആശ്രയിക്കാന്‍ നമ്മെ സഹായിക്കുകയും അവനോടൊപ്പം നാം നടക്കുമ്പോള്‍ ബഹുദൂരം സഞ്ചരിക്കാന്‍ നമ്മെ ശക്തീകരിക്കുകയും ചെയ്യും.
നാമങ്ങളുടെ നാമം
അന്റോണിയോ സ്ട്രാഡിവരി (1644-1737) സംഗീത ലോകത്തെ ഇതിഹാസ സമാനമായ നാമമാണ്. അദ്ദേഹത്തിന്റെ വയലിനും ചെല്ലോയും വയോലാസും ശില്പചാതുരിയിലും ശബ്ദസൗകുമാര്യത്തിലും ഉന്നതമായവയെന്ന നിലയില്‍ നിധിപോലെ പരിഗണിക്കപ്പെടുന്നവയും അവയുടെ സ്വന്തമായ പേരുകള്‍ നല്കപ്പെട്ടവയുമാണ്. ഉദാഹരണത്തിന് അവയില്‍ ഒന്ന് അറിയപ്പെടുന്നത് 'മശിഹ-സലാബു സ്ട്രാഡിവേരിയസ്' എന്നാണ്. വയലിന് വിദ്വാനായ ജോസഫ് ജോയാക്കി (1831-1907) അതു വായിച്ചിട്ട് പറഞ്ഞു, 'സ്ട്രാഡിന്റെ ശബ്ദം, ആ അതുല്യമായ 'മെസ്സി' അതിന്റെ മാധുര്യവും പ്രൗഢിയും കൊണ്ട് എന്റെ ഓര്‍മ്മയില്‍ വിണ്ടു വീണ്ടും ഉയര്‍ന്നു വരുന്നു.'
എന്നിരുന്നാലും സ്ട്രാഡിവേരിയസിന്റെ പേരും ശബ്ദവും പോലും അതിനെക്കാള്‍ ഉന്നതമായ ഒരു പ്രവൃത്തിയോടു താരതമ്യം ചെയ്യാന്‍ പോലും യോഗ്യതയുള്ളതല്ല. മോശെ മുതല്‍ യേശുവരെ, ദൈവാധി ദൈവം സകല നാമത്തിനും മേലായ ഒരു നാമം കൊണ്ട് തന്നെത്തന്നെ പരിചയപ്പെടുത്തി. നമ്മെ പ്രതി, അവന്റെ ജ്ഞാനവും സ്വന്ത കൈകളുടെ പ്രവൃത്തിയും അംഗീകരിക്കപ്പെടുകയും വിലമതിക്കപ്പെടുകയും സംഗീതത്തിന്റെ ശബ്ദത്തോടെ ആഘോഷിക്കപ്പെടുകയും വേണമെന്നവന്‍ ആഗ്രഹിച്ചു (പുറ. 6:1; 15:1-2).
എങ്കിലും കഷ്ടതയനുഭവിക്കുന്ന ജനത്തിന്റെ ഞരക്കത്തിനുള്ള പ്രതികരണമായ ഈ ശക്തിയുടെ വിടുതല്‍ ആരംഭം മാത്രമായിരുന്നു. ക്രൂശിക്കപ്പെട്ട കരങ്ങളുടെ ബലഹീനതയിലൂടെ നിത്യവും അനന്തവുമായ ഒരു പൈതൃകം അവന് നമുക്കായി അവശേഷിപ്പിക്കുമെന്ന് ആരു മുന്‍കണ്ടിരുന്നു? അവന് നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്നു കാണിക്കുന്നതിനായി നമ്മുടെ പാപത്തിന്റെ നിന്ദയും തിരസ്കരണവും വഹിച്ചുകൊണ്ട് മരണം വരിച്ച ഒരുവന്റെ നാമത്തെ സ്തുതിച്ചുകൊണ്ട് ആലപിക്കുന്ന സംഗീതം ഉളവാക്കുന്ന വിസ്മയവും പ്രൗഢിയും ആര്‍ക്കു പ്രവചിക്കുവാന്‍ കഴിയുമായിരുന്നു?