എനിക്ക് കമ്പ്യൂട്ടര്‍ കോഡ് ഒരു വരി പോലും എഴുതാന്‍ അറിയില്ലെങ്കിലും ബിസിനസ് ജ്ഞാനം ഒട്ടുമില്ലാഞ്ഞിട്ടും കോളജ് പഠനത്തിനുശേഷം ഒരു ടെക്നോളജി-കണ്‍സള്‍ട്ടിംഗ് സ്ഥാപനം എന്നെ ജോലിക്കെടുത്തു. എന്റെ എന്‍ട്രി ലെവല്‍ സ്ഥാനത്തിനായുള്ള ഇന്റര്‍വ്യൂവില്‍, കമ്പനി എക്സ്പീരിയന്‍സിനു വലിയ പ്രാധാന്യം നല്‍കുന്നില്ല എന്നു ഞാന്‍ മനസ്സിലാക്കി. പകരം, പ്രശ്നങ്ങളെ ക്രിയാത്മകമായി പരിഹരിക്കാനുള്ള കഴിവ്, നല്ല വിവേചന ശക്തി, ടീമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നിവയ്ക്കായിരുന്നു പ്രാധാന്യം. കമ്പനി അന്വേഷിക്കുന്ന തരത്തിലുള്ള ആളുകളാണ് എങ്കില്‍ പുതിയ ജോലിക്കാരെ അത്യാവശ്യമുള്ള വൈദഗ്ധ്യങ്ങള്‍ പഠിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് കമ്പനി മനസ്സിലാക്കി.

പെട്ടകം പണിക്കാവശ്യമുള്ള ശരിയായ റസ്യൂമെ നോഹയ്ക്കില്ലായിരുന്നു-അവനൊരു ബോട്ടു നിര്‍മ്മാതാവോ, ഒരു ആശാരി പോലുമോ ആയിരുന്നില്ല. നോഹ ഒരു കൃഷിക്കാരനായിരുന്നു, തന്റെ ഉടുപ്പില്‍ മണ്ണു പറ്റാന്‍ താല്പര്യമുള്ളവനും കയ്യില്‍ കലപ്പയുള്ളവനും. എന്നിട്ടും അന്നത്തെ ലോകത്തിന്റെ ദുഷ്ടതയ്ക്ക് അറുതിവരുത്താന്‍ ദൈവം തീരുമാനിച്ചപ്പോള്‍, നോഹയെയാണ് അനുയോജ്യനായി കണ്ടത്, കാരണം അവന്‍ ‘ദൈവത്തോടുകൂടെ നടന്നു’ (ഉല്പത്തി 6:9). നോഹയുടെ പഠിക്കാന്‍ മനസ്സുള്ള ഹൃദയത്തെ – തനിക്കു ചുറ്റുമുള്ള അധഃപതനത്തെ എതിര്‍ക്കുവാനും ശരിയായ കാര്യം ചെയ്യുവാനും മനസ്സുള്ള ഹൃദയത്തെ – ദൈവം വിലമതിച്ചു.

ദൈവത്തെ സേവിക്കുവാനുള്ള അവസരം നമുക്കു ലഭിക്കുമ്പോള്‍, ആ ജോലിക്കു യോഗ്യതയുള്ളവരാണെന്നു നമുക്കു തോന്നിയേക്കില്ല. എന്നാല്‍ നമ്മുടെ നൈപുണ്യം ദൈവത്തിനു വിഷയമല്ല എന്നതില്‍ ദൈവത്തിനു നന്ദി. അവന്‍ നമ്മുടെ സ്വഭാവത്തെയും അവനോടുള്ള സ്നേഹത്തെയും അവനില്‍ ആശ്രയിക്കാനുള്ള മനസ്സിനെയും വിലമതിക്കുന്നു. ഈ സ്വഭാവങ്ങള്‍ ആത്മാവിനാല്‍ നമ്മുടെ ഉള്ളില്‍ വികസിക്കുമ്പോള്‍, ഭൂമിയിലെ തന്റെ ഹിതം നിവര്‍ത്തിക്കുവാന്‍ അവന്‍ നമ്മെ വലുതോ ചെറുതോ ആയ വഴികളില്‍ ഉപയോഗിക്കും.