ഞങ്ങളുടെ നായ റൂപ്പെര്‍ട്ട് കുഞ്ഞായിരിക്കുമ്പോള്‍, വെളിയില്‍ പോകുന്നതിനു ഭയങ്കര പേടിയായിരുന്നതിനാല്‍ ഞാന്‍ അവനെ വലിച്ചുകൊണ്ടാണ് പാര്‍ക്കില്‍ പോയിരുന്നത്. ഒരു ദിവസം പാര്‍ക്കില്‍ എത്തിയശേഷം ഞാന്‍ അവനെ എന്റെ ഭോഷത്വത്തിന് അഴിച്ചു വിട്ടു. ക്ഷണനേരം കൊണ്ട് അവന്‍ വീട്ടിലേക്കോടി അവന്റെ സുരക്ഷിത സ്ഥാനത്തെത്തി.

ആ അനുഭവം എന്നെ വിമാനത്തില്‍ വെച്ചു പരിചയപ്പെട്ട ഒരു മനുഷ്യനെ ഓര്‍മ്മിപ്പിച്ചു. വിമാനം റണ്‍വേയിലൂടെ ഓടിയപ്പോള്‍ ആ മനുഷ്യന്‍ എന്നോടു ക്ഷമാപണം ചെയ്യാന്‍ തുടങ്ങി. ‘ഈ യാത്രയില്‍ ഞാന്‍ മദ്യപിക്കാന്‍ പോകയാണ്.’ അയാള്‍ പറഞ്ഞു. ‘നിങ്ങള്‍ക്കത് താല്പര്യമില്ലെന്നു തോന്നുന്നല്ലോ’ ഞാന്‍ പറഞ്ഞു. ‘എനിക്കു താല്പര്യമില്ല, പക്ഷേ ഞാന്‍ എല്ലായ്പ്പോഴും വീഞ്ഞിലേക്ക് ഓടിച്ചെല്ലുന്നു.’ അയാള്‍ മദ്യപിച്ചു ലക്കുകെട്ടു. ഏറ്റവും ദുഃഖകരമായ ഭാഗം വിമാനത്തില്‍ നിന്നിറങ്ങുമ്പോള്‍ അയാളുടെ ഭാര്യ അയാളെ ആലിംഗനം ചെയ്തു, എന്നാല്‍ അയാളുടെ ശ്വാസത്തിന്റെ മണമറിഞ്ഞപ്പോള്‍ അയാളെ ദൂരേക്കു തള്ളിമാറ്റി. മദ്യപാനം ആയിരുന്നു അയാളുടെ സുരക്ഷിത സ്ഥാനം, പക്ഷേ അതൊരു സുരക്ഷിതസ്ഥാനമേ അല്ലായിരുന്നു.

‘കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിപ്പിന്‍’ (മര്‍ക്കൊസ് 1:15) എന്ന വാക്കുകളോടെയാണ് യേശു തന്റെ ശുശ്രൂഷ ആരംഭിച്ചത്. ‘മാനസാന്തരപ്പെടുക’ എന്നു പറഞ്ഞാല്‍ ദിശ നേരെ തിരിക്കുക എന്നാണ്. ‘ദൈവരാജ്യം’ എന്നത് നമ്മുടെ ജീവിതത്തിന്മേലുള്ള അവന്റെ സ്നേഹമസൃണ ഭരണമാണ്. നമ്മെ കെണിയില്‍പ്പെടുത്തുന്ന സ്ഥലങ്ങളിലേക്ക് ഓടിച്ചെല്ലുന്നതിനു പകരം അല്ലെങ്കില്‍ ഭയവും ആസക്തിയും നമ്മെ ഭരിക്കുന്നതിനു പകരം, നമുക്ക് നമ്മെ പുതു ജീവനിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കുന്ന ദൈവത്താല്‍ നമുക്കു ഭരിക്കപ്പെടുവാന്‍ കഴിയും എന്ന് യേശു പറഞ്ഞു.

ഇന്ന് റൂപ്പെര്‍ട്ട് സന്തോഷത്തോടെ കുരച്ചുകൊണ്ട് പാര്‍ക്കിലേക്ക് ഓടുന്നു. വിമാനത്തില്‍ കണ്ട ആ മനുഷ്യനും സുരക്ഷിതത്വത്തിന്റെ വ്യാജ ഇടം വിട്ട് സന്തോഷവും സ്വാതന്ത്ര്യവും പ്രാപിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.