ടോക്കിയോയിലെ ഷിബുവാ ട്രെയിന്‍ സ്റ്റേഷനു വെളിയിലായി, ഹച്ചിക്കോ എന്നു പേരുള്ള ഒരു അക്കിതാ നായയുടെ ഓര്‍മ്മയ്ക്കായുള്ള ഒരു പ്രതിമയുണ്ട്. അതിന്റെ ഉടമസ്ഥനോടുള്ള അസാധാരണ വിശ്വസ്തതയുടെ പേരിലാണ് ഹച്ചിക്കോ ഓര്‍മ്മിക്കപ്പെടുന്നത്. ആ സ്റ്റേഷനില്‍ നിന്ന് എന്നും യാത്ര പുറപ്പെടുന്ന ഒരു യൂണിവേഴ്സിറ്റി പ്രഫസറായിരുന്നു അതിന്റെ ഉടമസ്ഥന്. രാവിലെ സ്റ്റേഷനിലേക്കുള്ള യാത്രയില്‍ അത് യജമാനന്റെ ഒപ്പം നടക്കുകയും ഉച്ചകഴിഞ്ഞ് ട്രെയിന്‍ എത്തുന്ന സമയത്ത് യജമാനനെ സ്വീകരിക്കാന്‍ വരികയും ചെയ്യുമായിരുന്നു.
ഒരു ദിവസം പ്രൊഫസര്‍ സ്റ്റേഷനിലേക്കു മടങ്ങിവന്നില്ല. ദുഃഖകരമെന്നു പറയട്ടെ, അദ്ദേഹം ജോലിസ്ഥലത്തുവെച്ചു മരിച്ചു. എന്നാല്‍ തന്റെ ജീവിതത്തിന്റെ ശേഷിക്കുന്ന കാലമത്രയും-ഒന്‍പതിലധികം വര്‍ഷങ്ങള്‍-ഉച്ചകഴിഞ്ഞു ട്രെയിന്‍ എത്തുന്ന സമയത്ത് ഹിച്ചിക്കോ സ്റ്റേഷനില്‍ മുടങ്ങാതെ എത്തി. ഓരോ ദിവസവും കാലാവസ്ഥ വകവെയ്ക്കാതെ, തന്റെ യജമാനന്റെ മടങ്ങിവരവിനായി അതു കാത്തുനിന്നു.
തെസ്സലൊനീക്യരുടെ ‘വിശ്വാസത്തിന്റെ വേലയും സ്നേഹപ്രയത്നവും’ ‘യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും’ എടുത്തു പറഞ്ഞുകൊണ്ട് അവരുടെ വിശ്വസ്തതയെ പൗലൊസ് അഭിനന്ദിക്കുന്നു (1 തെസ്സലൊനീക്യര്‍ 1:3). കഠിനമായ എതിര്‍പ്പിന്റെ നടുവിലും ‘ജീവനുള്ള സത്യദൈവത്തെ സേവിക്കുവാനും … യേശു സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നത് കാത്തിരിക്കുവാനും’ (വാ. 9-10) വേണ്ടി അവര്‍ തങ്ങളുടെ പഴയ വഴികളെ ഉപേക്ഷിച്ചു.
തങ്ങളുടെ രക്ഷകനിലും അവരോടുള്ള അവന്റെ സ്നഹത്തിലുമുള്ള സജീവ പ്രത്യാശ ഈ ആദിമ വിശ്വാസികളെ തങ്ങളുടെ കഷ്ടതകള്‍ക്കപ്പുറത്തേക്കു കാണുവാനും ഉത്സാഹത്തോടെ തങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുവാനും പ്രേരിപ്പിച്ചു. യേശുവിനുവേണ്ടി ജീവിക്കുന്നതിനേക്കാളും മെച്ചമായ മറ്റൊന്നുമില്ല എന്നവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. അവരെ ശക്തീകരിച്ച അതേ പരിശുദ്ധാത്മാവ് (വാ. 5) നാം യേശുവിന്റെ വരവിനെ നാം കാത്തിരിക്കുമ്പോള്‍ തന്നേ അവനെ വിശ്വസ്തമായി സേവിക്കുവാനും നമ്മെയും ശക്തീകരിച്ചുകൊണ്ടിരിക്കുന്നു എന്നറിയുന്നത് എത്ര നല്ലതാണ്.
സുന്ദര രക്ഷകാ, അങ്ങയ്ക്കുവേണ്ടി 'പ്രത്യാശവയ്ക്കുവാനും ധൈര്യപ്പെട്ടിരിക്കുവാനും ഹൃദയം ഉറച്ചിരിക്കുവാനും' (സങ്കീര്‍ത്തനം 27:14) എന്നെ സഹായിക്കണമേ.