‘ഗോഡ്‌സ് ലൗ ലെറ്റേഴ്‌സ്’ എന്ന ഗ്രന്ഥത്തില്‍ ഗ്ലെനിസ് നെല്ലിസ്റ്റ്, കര്‍ത്താവിനോട് ആഴമായ നിലയില്‍ ഇടപെടുവാന്‍ കുട്ടികളെ ആഹ്വാനം ചെയ്യുന്നു. ഈ ബാലകൃതികളില്‍ ഓരോ ബൈബിള്‍ കഥയ്ക്കുശേഷവും ദൈവത്തില്‍നിന്നുള്ള ഒരു കുറിപ്പും കുട്ടിയുടെ പേരു എഴുതുവാന്‍ സ്ഥലവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവചന സത്യങ്ങള്‍ വ്യക്തിപരമാക്കുന്നത് കുഞ്ഞു വായനക്കാര്‍ക്ക് ബൈബിള്‍ കേവലം ഒരു കഥാപുസ്തകമല്ല എന്നു മനസ്സിലാക്കാന്‍ സഹായിക്കും.

അവരുമായി ഒരു ബന്ധം ദൈവം ആഗ്രഹിക്കുന്നുവെന്നും തിരുവെഴുത്തിലൂടെ അവന്‍ തന്റെ അതീവ പ്രിയപ്പെട്ട കുഞ്ഞുങ്ങളോടു സംസാരിക്കുന്നുവെന്നും അവരെ പഠിപ്പിക്കുന്നു.

ഞാന്‍ എന്റെ അനന്തരവനുവേണ്ടി ഒരു പുസ്തകം വാങ്ങുകയും ദൈവത്തില്‍നിന്നുള്ള ഓരോ കുറിപ്പിന്റെയും ആദ്യ ഭാഗത്തുള്ള ഭാഗം പൂരിപ്പിക്കുകയും ചെയ്തു. തന്റെ പേരു കണ്ടതിന്റെ സന്തോഷത്തില്‍, എന്റെ അനന്തരവന്‍ പറഞ്ഞു, ‘ദൈവം എന്നെയും സ്‌നേഹിക്കുന്നു!’ സ്‌നേഹവാനായ നമ്മുടെ സ്രഷ്ടാവിന്റെ ആഴമേറിയതും പൂര്‍ണ്ണമായും വ്യക്തിപരമായതുമായ സ്‌നേഹം അറിയുന്നത് എത്ര ആശ്വാസകരമാണ്.

ദൈവം പ്രവാചകനായ യെശയ്യാവിലൂടെ യിസ്രായേലിനോടു നേരിട്ടു സംസാരിച്ചപ്പോള്‍, അവന്‍ അവരുടെ ശ്രദ്ധയെ ആകാശത്തിലേക്കു ക്ഷണിച്ചു. ‘ആകാശത്തിലെ സൈന്യത്തെ” താന്‍ സംഖ്യാക്രമത്തില്‍ നടത്തുന്നുവെന്നും (യെശയ്യാവ് 40:26), നക്ഷത്രങ്ങളുടെ ഓരോന്നിന്റെയും വില കണക്കാക്കുന്നുവെന്നും സ്‌നേഹത്തോടെ ഓരോന്നിനെയും പേരുചൊല്ലി വിളിക്കുന്നുവെന്നും അവന്‍ പ്രസ്താവിക്കുന്നു. ഒരു നക്ഷത്രത്തെയും താന്‍ മറക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും അവന്‍ തന്റെ ജനത്തിന് ഉറപ്പു നല്‍കുന്നു. അഥവാ താന്‍ മനപ്പൂര്‍വ്വമായ ഉദ്ദേശ്യത്തോടെയും അനന്തമായ സ്‌നേഹത്തോടെയും രൂപപ്പെടുത്തിയ ഒരു പ്രിയ കുഞ്ഞിനെയും മറക്കുന്നില്ല.

തിരുവെഴുത്തില്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ സ്‌നേഹമസൃണ വാഗ്ദത്തത്തെയും സ്‌നേഹത്തിന്റെ പ്രഖ്യാപനങ്ങളെയും നാം ആഘോഷിക്കുമ്പോള്‍, നമ്മുടെ പേരുകളും നമുക്കു പൂരിപ്പിക്കാം. നമുക്ക് ആശ്രയിക്കുകയും ശിശുതുല്യമായ സന്തോഷത്തോടെ ‘ദൈവം എന്നെയും സ്‌നേഹിക്കുന്നു!’ എന്നു പ്രഖ്യാപിക്കുകയും ചെയ്യാം.