സാമുവേല്‍ മില്‍സും നാലു കൂട്ടുകാരും, യേശുവിന്റെ സുവിശേഷം പ്രസംഗിക്കുവാന്‍ കൂടുതല്‍ പേരെ അയ്ക്കുന്നതിനു ദൈവത്തോടു പ്രാര്‍ത്ഥിക്കുവാന്‍ പലപ്പോഴും ഒരുമിച്ചു കൂടിയിരുന്നു. 1806 ലെ ഒരു ദിവസം, പ്രാര്‍ത്ഥനാ മീറ്റിംഗ് കഴിഞ്ഞു മടങ്ങിയപ്പോള്‍, പെട്ടെന്ന്് ഇടിയും മഴയും വരികയും അവര്‍ ഒരു വൈക്കോല്‍ത്തുറുവിനു കീഴില്‍ അഭയം തേടുകയും ചെയ്തു. അങ്ങനെ അവരുടെ ആഴ്ചതോറുമുള്ള പ്രാര്‍ത്ഥനാ കൂടിവരവ് വൈക്കോല്‍ത്തുറു പ്രാര്‍ത്ഥനാ മീറ്റിംഗ് എന്നറിയപ്പെട്ടു. അതൊരു ആഗോള മിഷനറി പ്രസ്ഥാനമായി മാറ്റപ്പെട്ടു. ഇന്ന്, പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന് എന്തുചെയ്യാന്‍ കഴിയും എന്നതിന്റെ ഓര്‍മ്മപ്പെടുത്തലായി, അമേരിക്കയിലെ വില്യംസ് കോളജില്‍ ഹേസ്റ്റാക്ക് പ്രാര്‍ത്ഥനാ സ്മാരകം നിലകൊള്ളുന്നു.
തന്റെ മക്കള്‍ ഒരു പൊതു ആവശ്യവുമായി തന്നെ സമീപിക്കുമ്പോള്‍ നമ്മുടെ സ്വര്‍ഗ്ഗീയ പിതാവു സന്തോഷിക്കുന്നു. ഒരു പൊതു ഭാരം പങ്കിട്ടുകൊണ്ട് ഉദ്ദേശ്യത്തില്‍ ഐക്യപ്പെടുന്ന ഒരു കുടുംബ കൂട്ടായ്മയാണ് അത്.
കഠിനമായ കഷ്ടതയുടെ നടുവില്‍ മറ്റുള്ളവരുടെ പ്രാര്‍ത്ഥനയാല്‍ എങ്ങനെയാണ് ദൈവം തന്നെ സഹായിച്ചതെന്ന് അപ്പൊസ്തലനായ പൗലൊസ് പ്രസ്താവിക്കുന്നു. ‘അവന് മേലാലും വിടുവിക്കും എന്ന് ഞങ്ങള്‍ അവനില്‍ ആശവച്ചുമിരിക്കുന്നു. അതിനു നിങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാല്‍ തുണയ്ക്കുന്നുണ്ടല്ലോ’ (2 കൊരിന്ത്യര്‍ 1:10-11). ലോകത്തില്‍ തന്റെ പ്രവൃത്തി നിവര്‍ത്തിക്കുന്നതിനു നമ്മുടെ പ്രാര്‍ത്ഥനയെ -പ്രത്യേകിച്ചു നമ്മുടെ കൂട്ടായ പ്രാര്‍ത്ഥനയെ – ഉപയോഗിക്കുന്നതു ദൈവം തിരഞ്ഞെടുത്തു. ആ വാക്യം ഇങ്ങനെ തുടരുന്നതില്‍ അത്ഭുതമില്ല: ‘പലര് മുഖാന്തരം ഞങ്ങള്‍ക്കു കിട്ടിയ കൃപയ്ക്കു വേണ്ടി പലരാലും ഞങ്ങള്‍ നിമിത്തം സ്തോത്രം
ഉണ്ടാകുവാന്‍ ഇടവരും.’
ദൈവത്തിന്റെ നന്മയില് നമുക്കൊരുമിച്ചു സന്തോഷിക്കുവാന്‍ കഴിയേണ്ടതിന് നമുക്കൊരുമിച്ചു പ്രാര്‍ത്ഥിക്കാം. നമുക്കൊരിക്കലും സങ്കല്‍പ്പിക്കാന്‍പോലും കഴിയുന്നതിനും അപ്പുറമായ വഴികളില്‍ നമ്മിലൂടെ പ്രവര്‍ത്തിക്കുവാന്‍ ദൈവത്തിനു കഴിയേണ്ടതിന് നാം അവന്റെ അടുക്കല്‍ ചെല്ലുന്നതിനായി നമ്മുടെ സ്വര്‍ഗ്ഗീയ പിതാവു കാത്തിരിക്കുന്നു.
നാം ഒരുമിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണു ചെയ്യുന്നത്.