ഒമ്പതു വയസ്സുകാരനായ വില്ലിയെ വീട്ടുമുറ്റത്തുനിന്നും തട്ടിക്കൊണ്ടുപോയപ്പോള്‍ അവന് തന്റെ ഇഷ്ട സുവിശേഷ ഗാനമായ എവരി പ്രെയ്സ് വീണ്ടും വീണ്ടും പാടിക്കൊണ്ടിരുന്നു. അടുത്ത മൂന്നു മണിക്കൂറുകള്‍, പാട്ടുനിര്‍ത്താന്‍ അവനെ തട്ടിയെടുത്തവര്‍ ആജ്ഞാപിച്ചിട്ടും അവന് വഴങ്ങിയില്ല. ഒടുവില്‍ അവര്‍ അവനെ ഉപദ്രവം ഒന്നും ഏല്പിക്കാതെ കാറില്‍നിന്ന് ഇറക്കിവിട്ടു. പിന്നീട്, സംഭവം വിവരിച്ച വില്ലി പറഞ്ഞത് അവന്റെ ഭയം വിശ്വാസത്തിനു വഴിമാറിയപ്പോള്‍ അവനെ തട്ടിയെടുത്തയാള്‍ പാട്ടു കേട്ട് കൂടുതല്‍ അസ്വസ്ഥനാകുകയായിരുന്നു എന്നായിരുന്നു.
തന്റെ അപകടകരമായ സാഹചര്യത്തില്‍ വില്ലിയുടെ പ്രതികരണം, പൗലൊസും ശീലാസും നേരിട്ട അനുഭവത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു. ചാട്ടവാറടിയേല്‍ക്കുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തപ്പോഴുണ്ടായ അവരുടെ പ്രതികരണം, ‘അര്‍ദ്ധരാത്രിക്കു പൗലൊസും ശീലാസും പ്രാര്‍ത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു; തടവുകാര്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. പെട്ടെന്നു വലിയൊരു ഭൂകമ്പം ഉണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതില്‍ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു’ (അപ്പൊ. പ്രവൃത്തികള്‍ 16:25-26).
ശക്തിയുടെ ഈ അതിശയകരമായ പ്രദര്‍ശനത്തിനു സാക്ഷ്യം വഹിച്ച കാരാഗൃഹപ്രമാണി പൗലൊസിന്റെയും ശീലാസിന്റെയും ദൈവത്തില്‍ വിശ്വസിക്കുകയും അവന്റെ കുടുംബം മുഴുവനും അവനോടൊപ്പം സ്നാനമേല്ക്കുകയും ചെയ്തു (വാ. 27-34). സ്തുതിയുടെ പാതയിലൂടെ, ശാരീരികവും ആത്മികവുമായ ചങ്ങലകള്‍ ആ രാത്രി തകര്‍ന്നുവീണു.
പൗലൊസിനും ശീലാസിനും അല്ലെങ്കില്‍ വില്ലിക്കും ഉണ്ടായതുപോലെയുള്ള നാടകീയമായ ഒരു രക്ഷപ്പെടുത്തല്‍ നാം ഒരുപക്ഷേ എല്ലായ്പ്പോഴും അനുഭവിച്ചു എന്നു വരികയില്ല. എങ്കിലും തന്റെ ജനത്തിന്റെ സ്തുതിക്ക് ദൈവം പ്രതികരിക്കുന്നു എന്നു നമുക്കറിയാം! അവന് ചലിക്കുമ്പോള്‍ ചങ്ങലകള്‍ അഴിഞ്ഞു വീഴും.
യിസ്രായേലിന്റെ സ്തുതികളിന്മേല് വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ. സങ്കീര്‍ത്തനം 22:3