ഒന്നാം ലോക മഹായുദ്ധം അവസാനിച്ചശേഷം, അമേരിക്കന്‍ പ്രസിഡന്റ് വൂഡ്രോ വില്‍സണ്‍ ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളിലൊരാളായി അംഗീകരിക്കപ്പെട്ടു. എങ്കിലും 1919 ല്‍ സംഭവിച്ച മാരകമായ ഒരു പക്ഷാഘാതത്തെത്തുടര്‍ന്ന്, ഏതെല്ലാം വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നു തുടങ്ങി അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നിര്‍വഹിച്ചിരുന്നത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നുവെന്ന് വളരെക്കുറച്ചു പേര്‍ക്കു മാത്രമേ അറിയുമായിരുന്നുള്ളു. യഥാര്‍ത്ഥത്തില്‍ എഡിത്ത് വില്‍സണ്‍ ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് ആധുനിക ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത് എന്നതാണ് വസ്തുത.

ആദിമ സഭയുടെ നേതാക്കന്മാരുടെ പേരു പറയാന്‍ പറഞ്ഞാല്‍, നമ്മില്‍ മിക്കവരും പത്രൊസ്, പൗലൊസ്, തിമൊഥെയൊസ് തുടങ്ങി കഴിവുകള്‍ ഉള്ളവരെന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ചുരുക്കം ചിലരുടെ പേരുകള്‍ പറയും. എന്നാല്‍ റോമര്‍ 16 ല്‍, വ്യത്യസ്ത പശ്ചാത്തലമുള്ള ഏതാണ്ട് നാലപതു പേരുടെ പേരുകള്‍ – പുരുഷന്മാര്‍, സ്ത്രീകള്‍, അടിമകള്‍, യെഹൂദന്മാര്‍, ജാതികള്‍ – പൗലൊസ് രേഖപ്പെടുത്തുന്നു; അവരെല്ലാവരും തന്നെ വ്യത്യസ്ത നിലകളില്‍ സഭാജീവിതത്തിനായി സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ്.

അവരെ സഭയിലെ രണ്ടാം സ്ഥാനക്കാരായ അംഗങ്ങള്‍ ആക്കുന്നതിനു പകരം, പൗലൊസ് ഈ ആളുകളെ ഏറ്റവും ഉന്നതമായ നിലയിലാണ് പരിഗണിക്കുന്നത്. ‘അപ്പൊസ്തലന്മാരുടെ ഇടയില്‍ പേര്‍ കൊണ്ടവര്‍’ എന്നാണ് പൗലൊസ് അവരെ വിവരിക്കുന്നത് (വാ. 7) – യേശുവിനുവേണ്ടിയുള്ള അവരുടെ സേവനത്തെ പ്രതി ആഘോഷിക്കപ്പെടേണ്ട ആളുകളാണവര്‍.

സഭയിലെ നേതാക്കള്‍ ആയിരിക്കാന്‍ കഴിയാത്തവണ്ണം വെറും സാധാരണക്കാരാണെന്നു നമ്മില്‍ പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ നമ്മിലോരോരുത്തര്‍ക്കും മറ്റുള്ളവരെ ശുശ്രൂഷിക്കാനും സഹായിക്കാനും ഉപയോഗിക്കാവുന്ന വരങ്ങള്‍ കൈമുതലായിട്ടുണ്ട് എന്നതാണു സത്യം. ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ച് അവന്റെ മഹത്വത്തിനായി നമ്മുടെ വരങ്ങള്‍ നമുക്ക് ഉപയോഗിക്കാം!