‘ഇതു ഞാനാണ്’ എന്ന ശക്തമായ ഗാനം, പി.റ്റി.ബര്നാമിന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ സഞ്ചാര സര്‍ക്കസിനെയും അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയായ ദി ഗ്രേറ്റസ്റ്റ് ഷോമാനില്‍ ഉള്ളതാണ്. സാമുദായിക നിയമങ്ങളോടു പൊരുത്തപ്പെടാത്തതിന് പരിഹാസവും നിന്ദയും ഏറ്റുവാങ്ങിയ കഥാപാത്രങ്ങള്‍ പാടുന്ന ഇതിലെ വരികള്‍ വിവരിക്കുന്നത്, വാക്കുകള്‍ നശിപ്പിക്കുന്ന വെടിയുണ്ടകള്‍ പോലെയും മുറിവേല്‍പ്പിക്കുന്ന കത്തികള്‍ പോലെയും ആണെന്നാണ്.
ഈ ഗാനം ജനങ്ങള്‍ നെഞ്ചോടു ചേര്‍ത്തു എന്നതില്‍നിന്നും മനസ്സിലാകുന്നത്, എത്രയധികം ആളുകള്‍ ആയുധമായി പ്രയോഗിക്കപ്പെട്ട വാക്കുകള്‍ ഏല്പിച്ച അദൃശ്യവും എന്നാല്‍ യഥാര്‍ത്ഥവുമായ മുറിവുകള്‍ വഹിക്കുന്നുണ്ട് എന്നാണ്.
വിനാശകരവും ദീര്‍ഘകാലം നില്ക്കുന്നതുമായ ഹാനി വരുത്തുവാന്‍ കഴിവുള്ള നമ്മുടെ വാക്കുകളുടെ അപകടശക്തിയെ മനസ്സിലാക്കിയ യാക്കോബ് അതിനെ ‘അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്’ എന്നാണു വിളിച്ചത് (യാക്കോബ് 3:8). അതിശയകരമാംവിധം ശക്തമായ ഈ സാദൃശ്യം ഉപയോഗിച്ചുകൊണ്ട്, വിശ്വാസികള്‍ തങ്ങളുടെ വാക്കുകളുടെ ഭയങ്കരമായ ശക്തി തിരിച്ചറിയേണ്ടതിന്റെ ആവശ്യകത യാക്കോബ് ഊന്നിപ്പറയുന്നു. അതിലുപരി, ഒരു ശ്വാസത്തില്‍ ദൈവത്തെ സ്തുതിക്കുകയും അടുത്തതില്‍ ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട ആളുകളെ മുറിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിരതയില്ലായ്മ അവന് എടുത്തുകാട്ടുന്നു (വാ. 9-10).
‘ഇതു ഞാനാണ്’ എന്ന ഗാനം സമാനമായ നിലയില്‍, നാം എല്ലാവരും മഹത്വപൂര്ണ്ണരാകയാല് – ബൈബിള്‍ ഉറപ്പിക്കുന്ന സത്യം – വാക്കുകള്‍ കൊണ്ടുള്ള ആക്രമണത്തിനെതിരായി നിലകൊള്ളുന്നു. ബാഹ്യസൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലോ എന്തു ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലോ അല്ല, മറിച്ച് ഓരോ വ്യക്തിയും ദൈവത്താല്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നു – അവന്റെ അതുല്യ മാസ്റ്റര്‍പീസ് – എന്നതിന്റെ അടിസ്ഥാനത്തിില്‍ ബൈബിള്‍ ഓരോ മനുഷ്യന്റെയും അതുല്യമായ മാന്യതയും സൗന്ദര്യവും സ്ഥാപിക്കുന്നു (സങ്കീര്‍ത്തനം 139:14). മറ്റുള്ളവരോടും മറ്റുള്ളവരെക്കുറിച്ചും ഉള്ള നമ്മുടെ വാക്കുകള്‍ക്ക്, ആ ഉറപ്പേറിയ യാഥാര്‍ത്ഥ്യത്തെ ദൃഢപ്പെടുത്തുവാനുള്ള ശക്തിയുണ്ട്.
സ്രഷ്ടാവായ ദൈവമേ, ഞങ്ങളോരോരുത്തരെയും സൃഷ്ടിച്ചതിനായി അങ്ങേയ്ക്കു നന്ദി. ഞങ്ങളുടെ വാക്കുകള്‍ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങ് കരവിരുതോടെ രൂപകല്‍പ്പന ചെയ്ത ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.