അത് കേവലം ഒരു സ്പര്ശനമായിരുന്നു, എങ്കിലും അത് കൊളിന് എല്ലാ നിലയിലും വ്യത്യാസം വരുത്തി. യേശുവില്‍ വിശ്വസിക്കുന്നവരോട് പക വെച്ചുപുലര്‍ത്തിയിരുന്ന തിനു പേരുകേട്ട പ്രദേശത്ത് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പോകുവാന്‍ അവന്റെ ചെറിയ സംഘം ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, അവന്റെ സമ്മര്‍ദ്ദം വല്ലാതെ ഉയരാന്‍ തുടങ്ങി. അദ്ദേഹം തന്റെ ഉത്ക്കണ്ഠകള്‍ ഒരു സംഘാംഗത്തോടു പങ്കുവെച്ചപ്പോള്‍, ആ സുഹൃത്ത് നിന്നിട്ട് തന്റെ കരം അദ്ദേഹത്തിന്റെ തോളില്വെച്ചു, എന്നിട്ട് പ്രോത്സാഹനത്തിന്റെ ചില വാക്കുകള്‍ പറഞ്ഞു. ആ ഹ്രസ്വമായ സ്പര്ശനത്തെ കൊളിന് ഇപ്പോള്‍ തിരിഞ്ഞുനോക്കി തന്റെ വഴിത്തിരിവായും, ദൈവം തന്നോടുകൂടെയുണ്ട് എന്ന കേവല സത്യത്തിന്റെ ശക്തമായ ഓര്‍മ്മപ്പെടുത്തലായും കാണുന്നു.
യേശുവിന്റെ പ്രിയ ശിഷ്യനും സ്നേഹിതനുമായിരുന്ന യോഹന്നാന്, സുവിശേഷം പ്രസംഗിച്ചതിന്റെ പേരില്‍ നിര്‍ജ്ജനമായ പത്മൊസ് ദ്വീപിലേക്കു നാടുകടത്തപ്പെട്ടപ്പോള്‍, ‘കാഹളത്തിനൊത്ത ഒരു മഹാനാദം’ അവന് കേട്ടു (വെളിപ്പാട് 1:10). ആ ഞെട്ടിപ്പിക്കുന്ന സംഭവത്തെത്തുടര്‍ന്ന് കര്‍ത്താവിന്റെ തന്നെ ഒരു ദര്‍ശനം അവന് കണ്ടു, അപ്പോള്‍ യോഹന്നാന് ‘മരിച്ചവനെപ്പോലെ അവന്റെ കാല്ക്കല് വീണു.’ എന്നാല്‍ ആ ഭയപ്പെടുത്തുന്ന നിമിഷത്തില്‍ അവന് ആശ്വാസവും ധൈര്യവും പ്രാപിച്ചു. യോഹന്നാന് എഴുതി, ‘അവന് വലംകൈ എന്റെമേല്‍ വച്ചു; ഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു’ (വാ. 17).
നമുക്കു പുതിയ കാര്യങ്ങളെ കാണിച്ചുതരുവാനും നമ്മെ വിശാലമാക്കുവാനും വളരുന്നതിനു നമ്മെ സഹായിക്കുവാനും ദൈവം നമ്മെ നമ്മുടെ സുരക്ഷിത മേഖലയ്ക്കു പുറത്തേക്കു കൊണ്ടുപോകാറുണ്ട്. എങ്കിലും ഓരോ സാഹചര്യത്തിലൂടെയും കടന്നുപോകുന്നതിനാവശ്യമായ ധൈര്യവും ആശ്വാസവും അവന് നമുക്കു നല്‍കും. നമ്മുടെ പരിശോധനകളില്‍ അവന് നമ്മെ ഉപേക്ഷിക്കുകയില്ല. സകലവും അവന്റെ നിയന്ത്രണത്തിലാണ്. അവന് നമ്മെ തന്റെ കരങ്ങളില്‍ വഹിച്ചിരിക്കുന്നു.
കര്‍ത്താവേ, എന്നെ ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ക്കു നടുവില്‍ അങ്ങയുടെ സാന്നിധ്യവും സ്പര്‍ശനവും തിരിച്ചറിയുവാന്‍ എന്നെ സഹായിക്കണമേ.