എന്റെ ഒരു സ്‌നേഹിത അവള്‍ നാല്‍പ്പതു വര്‍ഷത്തിലധികമായി പരിപാലിച്ചുപോന്ന ഒരു വീട്ടു ചെടി എനിക്കു സമ്മാനിക്കുകയുണ്ടായി. ചെടിക്ക് എന്റെ പൊക്കമുണ്ടായിരുന്നു, തീരെ വണ്ണം കുറഞ്ഞ മൂന്നു തണ്ടുകളില്‍നിന്ന് വലിയ ഇലകള്‍ അതിനുണ്ടായിരുന്നു. കാലക്രമേണ, ഇലയുടെ ഭാരം കൊണ്ട് തണ്ടുകള്‍ വളഞ്ഞ് നിലത്തു മുട്ടിക്കിടന്നിരുന്നു. അതിനെ നേരെയാക്കാനായി ഞാന്‍ ഒരു തടിക്കഷണം ചട്ടിയുടെ കീഴില്‍ വെച്ച് അതിനെ ജനാലയ്ക്കല്‍ സൂര്യപ്രകാശം ലഭിക്കുന്നിടത്തു വെച്ചു. സൂര്യപ്രകാശം ഇലകളെ മുകളിലേക്ക് ആകര്‍ഷിക്കുകയും അങ്ങനെ അതിന്റെ നില ശരിയാകയും ചെയ്യും എന്നു ഞാന്‍ ചിന്തിച്ചു.

ചെടി ലഭിച്ച് കുറച്ചു ദിവസത്തിനുശേഷം അതുപോലെ ഒരെണ്ണം പ്രാദേശിക ബിസ്സിനസ് സ്ഥാപനത്തിലെ വെയ്റ്റിംഗ് റൂമില്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു. അതും മൂന്ന് നേരിയ തണ്ടുകളായിട്ടാണു വളര്‍ന്നത്, എങ്കിലും അവ മൂന്നും കൂടിപ്പിരിഞ്ഞ് വലിയതും ബലമുള്ളതുമായ ഒരു തണ്ടായി തീര്‍ന്നിരുന്നു. ഈ ചെടി ഒരു സഹായവും കൂടാതെ നേരെ നിന്നിരുന്നു.

ഏതു രണ്ടു മനുഷ്യര്‍ക്കും ഒരേ ‘ചട്ടിയില്‍’ വര്‍ഷങ്ങളോളം നില്‍ക്കുവാനും അപ്പോള്‍ തന്നേ വേറിട്ടു നിന്നുകൊണ്ട് അവര്‍ അനുഭവിക്കണമെന്നു ദൈവം ആഗ്രഹിക്കുന്ന നന്മകള്‍ അനുഭവിക്കാതിരിക്കാനും കഴിയും. എന്നിരുന്നാലും അവരുടെ ജീവിതത്തെ ദൈവത്തോടു ചേര്‍ത്തു നെയ്യുമ്പോള്‍, വലിയ അളവില്‍ സ്ഥിരതയും അടുപ്പവും കൈവരും. അവരുടെ ബന്ധം ബലമുള്ളതായി വളരും. ‘മുപ്പിരിച്ചരട് വേഗത്തില്‍ അറ്റുപോകുകയില്ല’ (സഭാപ്രസംഗി 4:12).

വീട്ടുചെടികളെപ്പോലെ, വിവാഹങ്ങള്‍ക്കും സുഹൃദ്ബന്ധങ്ങള്‍ക്കും പരിപാലനം ആവശ്യമാണ്. ഈ ബന്ധങ്ങളുടെ പരിപാലനത്തില്‍ ആത്മീയത കൂട്ടിച്ചേര്‍ക്കേണ്ടതാവശ്യമാണ്. എങ്കില്‍ മാത്രമേ ഓരോ സുപ്രധാന ബന്ധത്തിന്റെ കേന്ദ്രത്തിലും ദൈവം സന്നിഹിതനാകയുള്ളു. അന്യോന്യം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കുന്നതിനാവശ്യമായ സ്‌നേഹത്തിന്റെയും കൃപയുടെയും അവസാനിക്കാത്ത ഉറവയാണ് അവന്‍.