എന്റെ അമ്മയുടെ പാന്‍സിച്ചെടിയുടെ പാണ്ട-മുഖമുള്ള പൂക്കളില്‍ പൂമ്പാറ്റ തത്തിക്കളിച്ചുകൊണ്ടിരുന്നു. കൊച്ചുകുട്ടിയായ എനിക്ക് അതിനെ പിടിക്കണമെന്നുണ്ടായിരുന്നു. ഞാന്‍ പുറകുവശത്തെ മുറ്റത്തുനിന്നും അടുക്കളയിലേക്ക് ഓടി ഒരു ഗ്ലാസ് ജാര് എടുത്തുകൊണ്ടുവന്നു. ധൃതിയിലുള്ള എന്റെ ഓട്ടത്തിനിടയില്‍ കാല് വഴുതുകയും കോണ്‍ക്രീറ്റ് തിണ്ണയില്‍ ഇടിച്ചുവീഴുകയും ചെയ്തു. എന്റെ കൈത്തണ്ടയ്ക്കു കീഴില്‍ ജാര് പൊട്ടിച്ചിതറി കൈയില്‍ തറച്ചു കയറി. പതിനെട്ടു തുന്നലുകള്‍ വേണ്ടിവന്നു മുറിവ് അടയ്ക്കാന്‍. ഇന്നും മുറിവിന്റെയും സൗഖ്യത്തിന്റെയും കഥ പറഞ്ഞുകൊണ്ട് ആ മുറിപ്പാട് ഒരു ചിത്രശലഭപ്പുഴു പോലെ എന്റെ കൈത്തണ്ടയില്‍ കാണാം.
തന്റെ മരണശേഷം യേശു ശിഷ്യന്മാര്ക്കു പ്രത്യക്ഷനായപ്പോള്‍, അവന് തന്റെ മുറിപ്പാടുകള്‍ കൊണ്ടുവന്നു. തോമസ് ‘അവന്റെ കൈകളില്‍ ആണിപ്പഴുതു’ കാണാനാവശ്യപ്പെട്ടതായി യോഹന്നാന് റിപ്പോര്‍ട്ടു എഴുതുന്നു. അതിനെത്തുടര്‍ന്നാണ് യേശു അവനോട് ‘നിന്റെ വിരല്‍ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണുക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക’ (യോഹന്നാന് 20:25,27) എന്ന പറഞ്ഞത്. അതേ യേശു തന്നെയാണ് താന്‍ തന്നെയെന്നു കാണിക്കേണ്ടതിന് അവന് ഇപ്പോഴും ദൃശ്യമായ തന്റെ കഷ്ടപ്പാടുകളുടെ മുറിപ്പാടുകളുമായിട്ടാണ് മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റത്.
യേശുവിന്റെ മുറിപ്പാടുകള്‍ അവന് രക്ഷകനാണെന്നു തെളിയിക്കുകയും നമ്മുടെ രക്ഷയുടെ കഥ പറയുകയും ചെയ്യുന്നു. അവന്റെ കൈയിലെയും കാലുകളിലെയും ആണിപ്പാടുകളും അവന്റെ വിലാപ്പുറത്തെ മുറിപ്പാടും അവന്റെ മേല്‍ ഏല്പിക്കപ്പെട്ടതും അവന് അനുഭവിച്ചതും തുടര്‍ന്ന് സൗഖ്യമാക്കപ്പെട്ടതുമായ -നമുക്കുവേണ്ടി-വേദനയുടെ കഥയാണ് പറയുന്നത്. അവന് ഇതെല്ലാം ചെയ്തത് നാം അവനിലേക്കു പുനഃസ്ഥാപിക്കപ്പെടുന്നതിനും നമ്മെ പൂര്‍ണ്ണതയുള്ളവരാക്കുന്നതിനുമാണ്.
ക്രിസ്തുവിന്റെ മുറിപ്പാടുകള്‍ പറയുന്ന കഥ നിങ്ങള്‍ എപ്പോഴെങ്കിലും പരിഗണിച്ചിട്ടുണ്ടോ?
ഓ, യേശുവേ, അങ്ങയുടെ മുറിപ്പാടുകള്‍ എന്നോടു - ലോകത്തോടും - പറയുന്ന കഥയെ ഞാന്‍ സ്നേഹിക്കുന്നു. അങ്ങയെ കൂടുതല്‍ സ്നേഹിക്കുവാന്‍, അങ്ങയുടെ മുറിപ്പാടുകള്‍ പറയുന്ന കഥകളിലൂടെ കൂടുതല്‍ പഠിക്കട്ടെ.