അയര്‍ലണ്ടിലെ ഡബ്ലിനിലുള്ള സെന്റ് പാട്രിക് കത്തീഡ്രലിനുള്ളില്‍ അഞ്ചു നൂറ്റാണ്ടു പഴക്കമുള്ള ഒരു കഥ പറയുന്ന ഒരു വാതിലുണ്ട്. 1492 ല്‍ ബട്ട്ലര്‍, ഫിറ്റ്സ്ജെറാള്‍ഡ് എന്നീ രണ്ടു കുടുംബങ്ങള്‍ തമ്മില്‍ ദേശത്തെ ഉന്നത അധികാരത്തെ ചൊല്ലി ഏറ്റുമുട്ടാനാരംഭിച്ചു. പോരാട്ടം രൂക്ഷമായതോടെ ബട്ട്ലര്‍മാര്‍ കത്തീഡ്രലില്‍ അഭയം തേടി. ഫിറ്റ്സ്ജെറാള്‍ഡ് ഒത്തുതീര്‍പ്പിനായി വന്നപ്പോള്‍, വാതില്‍ തുറക്കാന്‍ ബട്ട്ലര്‍മാര്‍ ഭയപ്പെട്ടു. അതുകൊണ്ട് ഫിറ്റ്സ്ജെറാള്‍ഡുകള്‍ വാതിലില്‍ ഒരു ദ്വാരം ഉണ്ടാക്കിയിട്ട് അവരുടെ നേതാവ് സമാധാന സൂചകമായി തന്റെ കൈ നീട്ടി. തുടര്‍ന്ന് രണ്ടു കുടുംബങ്ങളും രമ്യതയിലാകുകയും എതിരാളികള്‍ സ്നേഹിതരാകുകയും ചെയ്തു.
കൊരിന്തിലെ സഭയ്ക്കുള്ള തന്റെ ലേഖനത്തില്‍ അപ്പൊസ്തലനായ പൗലൊസ് ആവേശപൂര്‍വ്വം എഴുതുന്ന നിരപ്പിന്റെ ഒരു വാതില്‍ ദൈവത്തിന്റെ പക്കലുണ്ട്. തന്റെ അനന്തമായ സ്നേഹത്തിന്റെ ഫലമായി ദൈവം മുന്‍കൈയെടുത്ത് ക്രിസ്തുവിന്റെ ക്രൂശിലെ മരണത്താല്‍ മനുഷ്യരുമായുള്ള തന്റെ തകര്‍ന്ന ബന്ധത്തെ അവന് പുനഃസ്ഥാപിച്ചു. നാം ദൈവത്തില്‍നിന്നും വിദൂരത്തിലായിരുന്നു, എങ്കിലും അവന്റെ കരുണ നമ്മെ അവിടെ തുടരാന്‍ അനുവദിച്ചില്ല. ‘ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ” (2 കൊരിന്ത്യര്‍ 5:19) തന്നോടു നമ്മെ നിരപ്പിക്കുവാന്‍ അവന് മുന്നോട്ടു വന്നു. ‘പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന് അവന് നമുക്കു വേണ്ടി പാപം ആക്കി’യപ്പോള്‍ നീതി നിവര്‍ത്തിക്കപ്പെട്ടു (വാ. 21).
ഒരിക്കല്‍ നാം സമാധാനത്തിനായുള്ള ദൈവത്തിന്റെ കരം സ്വീകരിക്കുമ്പോള്‍, ആ സന്ദേശം മറ്റുള്ളവര്‍ക്കു എത്തിച്ചുകൊടുക്കാനുള്ള സുപ്രധാന ദൗത്യം നമ്മില്‍ ഭരമേല്പിക്കപ്പെടുകയാണ്. വിശ്വസിക്കുന്ന ഏവര്‍ക്കും സമ്പൂര്‍ണ്ണ പാപക്ഷമയും യഥാസ്ഥാപനവും വാഗ്ദാനം ചെയ്യുന്ന അതിശയവാനും സ്നേഹവാനുമായ ദൈവത്തെ നാം പ്രതിനിധീകരിക്കുന്നു.
ദൈവമേ, അങ്ങയില്‍ നിന്നുമകലെ പ്രതീക്ഷയ്ക്കു വകയില്ലാത്ത സ്ഥാനത്ത് എന്നെ എന്നേക്കുമായി ഉപേക്ഷിക്കാതിരുന്നതിനു നന്ദി. അങ്ങയുടെ പ്രിയ പുത്രനായ യേശുവിന്റെ ബലിമരണം എനിക്ക് അങ്ങയുടെ അടുത്തേക്കു വരാന്‍ വഴി തുറന്നതിനു നന്ദി.