ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് നോര്‍ത്ത് കരോലിനയിലെ വില്‍മിങ്ടണില്‍ നശീകരണ ശക്തിയോടെ ആഞ്ഞടിക്കാന്‍ തുടങ്ങിയപ്പോള്‍, എന്റെ മകള്‍ അവളുടെ ഭവനം വിട്ടുപോകാന്‍ തയ്യാറെടുത്തു. ചുഴലിക്കാറ്റ് വഴിമാറിപ്പോകുമെന്ന പ്രതീക്ഷയില്‍ അവള്‍ അവസാന നിമിഷം വരെ കാത്തിരുന്നു. ഒടുവില്‍ എന്തെല്ലാം കൊണ്ടുപോകണമെന്നു നോക്കി സുപ്രധാന കടലാസുകളും ചിത്രങ്ങളും സാധനങ്ങളും അവള്‍ പരതി. ”വീടുവിട്ടു പോകുന്നത് ഇത്രമാത്രം പ്രയാസമുള്ളതാണെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല’ പിന്നീട് അവള്‍ പറഞ്ഞു. ‘എങ്കിലും ഞാന്‍ മടങ്ങിവരുമ്പോള്‍ എന്തെങ്കിലും അവിടെ ശേഷിക്കുമോ എന്ന് ആ നിമിഷത്തില്‍ എനിക്കറിയില്ലായിരുന്നു.’

ജീവിതത്തിലെ കൊടുങ്കാറ്റുകള്‍ വിവിധ രൂപത്തിലാണ് വരുന്നത്: ചുഴലിക്കാറ്റുകള്‍, കൊടുങ്കാറ്റുകള്‍, ഭൂകമ്പങ്ങള്‍, ജലപ്രളയം, വിവാഹബന്ധത്തിലും മക്കളുടെ കാര്യത്തിലും അവിചാരിതമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ആരോഗ്യ, സാമ്പത്തിക നഷ്ടം എന്നിങ്ങനെ. നാം വിലമതിക്കുന്നവ നിമിഷാര്‍ദ്ധത്തിനുള്ളില്‍ ഇല്ലാതാകുന്നു.

കൊടുങ്കാറ്റിന്റെ നടുവില്‍ ഒരു സുരക്ഷിത സ്ഥാനം തിരുവചനം നമുക്കു ചൂണ്ടിക്കാണിച്ചു തരുന്നു: ‘ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ട് ഭൂമി മാറിപ്പോയാലും … നാം ഭയപ്പെടുകയില്ല” (സങ്കീര്‍ത്തനം 46:1-2).

ഈ സങ്കീര്‍ത്തനത്തിന്റെ രചയിതാക്കള്‍, തലമുറകളായി ദൈവത്തെ സേവിച്ചവരില്‍ പെട്ടവനും പിന്നീട് ദൈവത്തോടു മത്സരിച്ചതിന്റെ ഫലമായി ഒരു ഭൂകമ്പത്തില്‍ നശിച്ചുപോയവനുമായ ഒരു മനുഷ്യന്റെ സന്തതികളായിരുന്നു (സംഖ്യാപുസ്തകം 26:9-11 കാണുക). അവര്‍ പങ്കുവയ്ക്കുന്ന വീക്ഷണം, താഴ്മയും ദൈവത്തിന്റെ മഹിമ, മനസ്സലിവ്, വീണ്ടെടുപ്പിന്‍ സ്‌നേഹം എന്നിവയെക്കുറിച്ചുള്ള ആഴമായ അറിവുമാണ്.

പ്രശ്‌നങ്ങള്‍ വരാം, എന്നാല്‍ അതിലെല്ലാം അതീതനാണ് ദൈവം. രക്ഷകന്റെ അടുത്തേക്ക് ഓടിച്ചെല്ലുന്നവന്‍, അവന്‍ കുലുങ്ങിപ്പോകുകയില്ല എന്നറിയും. അവന്റെ നിത്യസ്‌നേഹത്തിന്റെ കരവലയത്തില്‍ നാം നമ്മുടെ സമാധാന സ്ഥാനം കണ്ടെത്തും.