ലണ്ടനിലെ ടെയ്റ്റ് മോഡേണ്‍ ഗാലറി സന്ദര്‍ശിച്ചപ്പോള്‍, ഒരു കലാസൃഷ്ടി എന്റെ ശ്രദ്ധയാകര്‍ഷിച്ചു. ബ്രസീലിയന്‍ കലാകാരന്‍ സില്‍ഡോ മെയ്ര്‍ലെസ് നൂറുകണക്കിനു പഴയ റേഡിയോകള്‍ ഉപയോഗിച്ചു നിര്‍മ്മിച്ച ഭീമാകാരമായ ഒരു ഗോപുരമായിരുന്നു അത്. ഓരോ റോഡിയോയും ട്യൂണ്‍ ചെയ്തിരുന്നു എന്നു മാത്രമല്ല ഓരോന്നും വിവിധ സ്‌റ്റേഷനുകളിലായി ട്യൂണ്‍ ചെയ്തിരുന്നു. നൂറുകണക്കിനാളുകള്‍ വിവിധഭാഷകളില്‍ ഒരേ സമയം സംസാരിച്ചാലുണ്ടാകുന്ന ആശയക്കുഴപ്പം അതു സൃഷ്ടിച്ചിരുന്നു. മെയ്ര്‍ലെസ് ആ ശില്പത്തിനിട്ട പേര് ബാബേല്‍ എന്നായിരുന്നു.

പേര് അനുയോജ്യമായിരുന്നു. യഥാര്‍ത്ഥ ബാബേല്‍ ഗോപുരത്തില്‍, സ്വര്‍ഗ്ഗം കീഴടക്കാനുള്ള മനുഷ്യന്റെ വഴിവിട്ട ശ്രമത്തെ മനുഷ്യന്റെ ഭാഷ കലക്കിക്കൊണ്ടു ദൈവം തടഞ്ഞു (ഉല്പത്തി 11:1-9). പരസ്പരമുള്ള ആശയവിനിമയം അസാദ്ധ്യമായതോടുകൂടി, മനുഷ്യവര്‍ഗ്ഗം വ്യത്യസ്ത ഭാഷകള്‍ ഉള്ള ഗോത്രങ്ങളായി ചിതറിപ്പോയി (വാ. 10-26). ഭാഷയാല്‍ വിഭജിക്കപ്പെട്ട നാം അന്നു മുതല്‍ അന്യോന്യം മനസ്സിലാക്കുന്നതിനായി പ്രയാസപ്പെടുന്നു.

ഈ കഥയ്ക്ക് ഒരു രണ്ടാം ഭാഗമുണ്ട്. പെന്തക്കോസ്തുനാളില്‍ പരിശുദ്ധാത്മാവ് ആദ്യ ക്രിസ്തീയ വിശ്വാസികളുടെമേല്‍ വന്നപ്പോള്‍, അന്നേ ദിവസം യെരുശലേം സന്ദര്‍ശിച്ചവരുടെ വ്യത്യസ്ത ഭാഷകളില്‍ ദൈവത്തെ സ്തുതിക്കാനായി അവരെ പ്രാപ്തരാക്കി (പ്രവൃത്തികള്‍ 2:1-12). ഈ അത്ഭുതത്തിലൂടെ, ദേശീയതയ്ക്കും ഭാഷയ്ക്കും അതീതമായി എല്ലാവരും ഒരേ സന്ദേശം കേട്ടു. ബാബേലിലെ കലക്കം നേരെ തിരിഞ്ഞുവന്നു.

ജാതീയവും സാംസ്‌കാരികവുമായ വിഭാഗീയതയുടെ ലോകത്തില്‍, ഇതു സുവാര്‍ത്തയാണ്. യേശുവിലൂടെ, ദൈവം സകല ജാതികളില്‍നിന്നും ഗോത്രങ്ങളില്‍നിന്നും ഭാഷകളില്‍നിന്നും ഒരു പുതിയ മാനവികത ഉളവാക്കുന്നു (വെളിപ്പാട് 7:9). ടെയ്റ്റ് മോഡേണില്‍ ഞാന്‍ നില്‍ക്കുമ്പോള്‍, ആ റേഡിയോകള്‍ എല്ലാം ഒരു സിഗ്നലിലേക്കു ട്യൂണ്‍ ചെയ്യുന്നതും മുറിയിലുള്ള എല്ലാവര്‍ക്കുംവേണ്ടി ‘അമേസിംഗ് ഗ്രെയ്‌സ്, ഹൗ സ്വീറ്റ് ദി സൗണ്ട്’ എന്ന ഒരേ ഗാനം പാടുന്നതും ഞാന്‍ ഭാവനയില്‍ കണ്ടു.