അവളെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയ്ക്കുശേഷം എത്യോപ്യന്‍ പോലീസ് അവളെ കണ്ടെത്തുമ്പോള്‍, കറുത്ത സടയുള്ള മൂന്നു സിംഹങ്ങള്‍ അവളെ വലയം ചെയ്ത് അവയുടെ സ്വന്തം എന്ന മട്ടില്‍ അവളെ സംരക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. പന്ത്രണ്ടുകാരിയായ അവളെ ഏഴുപേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. അവര്‍ അവളെ വനത്തിലേക്കു കൊണ്ടുപോയി മര്‍ദ്ദിച്ചു. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ സിംഹങ്ങളുടെ ഒരു ചെറിയ സംഘം അവളുടെ കരച്ചില്‍ കേട്ട് ഓടി വന്ന് അക്രമികളെ ഓടിച്ചു. ‘ഞങ്ങള്‍ അവളെ കണ്ടെത്തുന്നതുവരെ സംിംഹങ്ങള്‍ അവള്‍ക്കു കാവല്‍നിന്നു, എന്നിട്ട് ഒരു സമ്മാനം പോലെ അവളെ വിട്ടു തന്നിട്ട് കാട്ടിലേക്കു പിന്‍വാങ്ങി’ പോലീസ് സാര്‍ജന്റ് വോണ്ടിമൂ ഒരു റിപ്പോര്‍ട്ടറോടു പറഞ്ഞു.

ഈ കൊച്ചു പെണ്‍കുട്ടിക്കു സംഭവിച്ചതുപോലെയുള്ള അക്രമത്തിന്റെയും തിന്മയുടെയും നാളുകള്‍ നമ്മെ കീഴ്‌പ്പെടുത്തുകയും അശരണരും ഭയചകിതരുമാക്കി നമ്മെ തീര്‍ക്കുകയും ചെയ്‌തേക്കാം. പുരാതന കാലങ്ങളില്‍, യെഹൂദാ ജനം ഇതനുഭവിച്ചു. ക്രൂരരായ സൈന്യങ്ങള്‍ അവരെ കീഴ്‌പ്പെടുത്തുകയും രക്ഷപെടാന്‍ യാതൊരു സാധ്യതയും ഇല്ലാത്ത അവസ്ഥയില്‍ അവര്‍ ആയിപ്പോകയും ചെയ്തു. ഭയം അവരെ വിഴുങ്ങിക്കളഞ്ഞു. എങ്കിലും, ദൈവം തന്റെ ജനത്തോടുകൂടെയുള്ള തന്റെ മാറ്റമില്ലാത്ത സാന്നിധ്യത്തിന്റെ വാഗ്ദത്തം പുതുക്കിക്കൊണ്ടിരുന്നു: ‘യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനര്‍ത്ഥം കാണുകയില്ല” (സെഫന്യാവ് 3:15). നമ്മുടെ ദുരന്തങ്ങള്‍ നമ്മുടെ മറുതലിപ്പിന്റെ ഫലമായിരിക്കുമ്പോള്‍ പോലും ദൈവം നമ്മുടെ രക്ഷയ്ക്കായി എത്തുന്നു. ‘നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു’ (വാ. 17).

ഏതു പ്രതിസന്ധികള്‍ നമ്മെ എതിരിട്ടാലും, എന്തു തിന്മ നമുക്കെതിരെ വന്നാലും യെഹൂദാഗോത്രത്തിലെ സിംഹമായ യേശു നമ്മോടുകൂടെയുണ്ട് (വെളിപ്പാട് 5:5). എത്ര ഏകാന്തത നമുക്കനുഭവപ്പെട്ടാലും, നമ്മുടെ ശക്തനായ രക്ഷകന്‍ നമ്മോടുകൂടെയുണ്ട്. എന്തു ഭയം നമ്മെ അടിമപ്പെടുത്തിയാലും, നമ്മുടെ ദൈവം നമ്മുടെ സമീപേയുണ്ടെന്ന് ഉറപ്പ് അവന്‍ നമുക്കു തരുന്നു.