ഒരു യൂട്യൂബ് വീഡിയോയില്‍ ന്യൂയോര്‍ക്കിലെ ഗോശെനിലുള്ള ക്ഷീര കര്‍ഷകനായ ഓലന്‍ ഗ്ലസ്റ്റോഫ് ചീസിനെ പഴക്കമുള്ളതാക്കുന്നതിന് താന്‍ നടത്തുന്ന പ്രക്രിയയെക്കുറിച്ചു വിവരിക്കുന്നുണ്ട്. ചീസിന് ഗുണവും വര്‍ണ്ണവൈവിധ്യവും നല്കുന്ന പ്രക്രിയയാണത്. മാര്‍ക്കറ്റിലേക്ക് ചീസ് അയയ്ക്കുന്നതിനു മുമ്പ് ഓരോ കഷണവും ഭൂമിക്കടിയിലെ ഒരു ഗുഹയിലുള്ള ഷെല്‍ഫില്‍ ആറു മുതല്‍ പന്ത്രണ്ടു മാസം വരെ വെച്ചിരിക്കും. ഈ ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ ചീസ് ശ്രദ്ധാപൂര്‍വ്വം മൃദുവാക്കപ്പെടുന്നു. ‘അത് അഭിവൃദ്ധിപ്പെടുന്നതിന് … അതിന്റെ ശരിയായ ഗുണം വെളിപ്പെടുത്തുന്നതിന് … അനുയോജ്യമായ അന്തരീക്ഷം നല്കാന് ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു’ ഗ്ലസ്റ്റോഫ് വിശദീകരിച്ചു.
താന്‍ നിര്‍മ്മിക്കുന്ന ചീസിന്റെ ഗുണവിശേഷം പരമാവധി വികസിപ്പിക്കാനുള്ള ഗ്ലസ്റ്റോഫിന്റെ അഭിവാഞ്ഛ, തന്റെ മക്കള്‍ ഫലമുള്ളവരും പക്വത പ്രാപിച്ചവരുമായി മാറുന്നതിന് അവരുടെ ‘യഥാര്‍ത്ഥ സാധ്യത’ വികസിപ്പിക്കാനുള്ള ദൈവത്തിന്റെ അഭിവാഞ്ഛ എന്നെ ഓര്‍മ്മിപ്പിച്ചു. എഫെസ്യര്‍ 4 ല്‍, ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് വിവരിക്കുന്നു – അപ്പൊസ്തലന്മാര്, പ്രവാചകന്മാര്, സുവിശേഷകന്മാര്, ഇടയന്മാര്, ഉപദേഷ്ടാക്കന്മാര് (വാ. 11). ഈ വരങ്ങളുള്ള ആളുകള്‍ ഓരോ വിശ്വാസിയുടെയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ശുശ്രൂഷാ പ്രവര്‍ത്തനങ്ങളെ (വാ. 12 ല്‍ പറയുന്ന ‘വേല’) പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ലക്ഷ്യം നാം ‘തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുക’ എന്നതാണ് (വാ. 13).
നമ്മെ പക്വതയിലേക്കു നയിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രക്രിയയ്ക്കു നാം കീഴ്പ്പെടുമ്പോഴാണ് ആത്മീയ വളര്‍ച്ച കൈവരുന്നത്. അവന് നമ്മുടെ ജീവിതത്തില്‍ വെച്ചിരിക്കുന്ന ആളുകളുടെ നടത്തിപ്പിനെ നാം അനുസരിക്കുമ്പോള്‍, അവന് നമ്മെ ശുശ്രൂഷയ്ക്കായി അയയ്ക്കുന്ന സമയം നാം കൂടുതല്‍ ഫലം പുറപ്പെടുവിക്കുന്നവരായി മാറും.
സ്നേഹവാനായ ദൈവമേ, വളരുവാന്‍ എന്നെ സഹായിക്കുന്ന അങ്ങയുടെ സൗമ്യമായ വഴികള്‍ക്കായി ഞാന്‍ നന്ദി പറയുന്നു.