എമര്‍ജന്‍സി വാഹനം എന്റെ കാറിനോടടുത്തപ്പോള്‍ സൈറന്റെ ശബ്ദം വര്‍ധിച്ച് ചെവി തുളയ്ക്കുന്ന തലത്തിലേക്കെത്തി. അതിന്റെ ഫ്‌ളാഷിംഗ് ലൈറ്റ് എന്റെ വിന്‍ഡ് ഷീല്‍ഡിനെ പ്രകാശമാനമാക്കി. ട്രക്കിന്റെ വശത്തു രേഖപ്പെടുത്തിയ ‘അപകടകരമായ വസ്തുക്കള്‍’ തിളങ്ങി. ഒരു സയന്‍സ് ലബോറട്ടറിയിലേക്കാണ് അതു കുതിക്കുന്നതെന്നു ഞാന്‍ മനസ്സിലാക്കി. അവിടെ സള്‍ഫ്യൂരിക് ആസിഡിന്റെ 400 ഗ്യാലന്‍ കണ്ടെയ്‌നറിന് ചോര്‍ച്ച സംഭവിച്ചിരിക്കുന്നു. എമര്‍ജന്‍സി ജോലിക്കാര്‍ ഉടന്‍ തന്നെ ചോര്‍ച്ച പരിഹരിക്കണം അല്ലെങ്കില്‍ ആസിഡ് എവിടെയെല്ലാം പതിക്കുമോ അതിനെയെല്ലാം നശിപ്പിക്കും.

ഈ സംഭവത്തെക്കുറിച്ചു ഞാന്‍ ചിന്തിച്ചപ്പോള്‍, എന്റെ വായില്‍ നിന്ന് അപകടകരമായ ഒരു വാക്ക് ‘ചോര്‍ന്നാലുടന്‍” ഒരു എമര്‍ജന്‍സി അലാറം അടിക്കുകയാണെങ്കില്‍ എന്തു സംഭവിക്കുമെന്നു ഞാന്‍ അത്ഭുതപ്പെട്ടു. ദുഃഖമെന്നു പറയട്ടെ, അതു ഞങ്ങളുടെ വീടിനെ മുഴുവനും ശബ്ദ മുഖരിതമാക്കും.

യെശയ്യാ പ്രവാചകന്‍ പാപത്തെക്കുറിച്ച് ഈ ബോധ്യം പങ്കുവയ്ക്കുന്നു. ദര്‍ശനത്തില്‍ ദൈവത്തിന്റെ മഹത്വം അവന്‍ കണ്ടപ്പോള്‍ തന്റെ അയോഗ്യത അവനെ അസ്വസ്ഥനാക്കി. താന്‍ ‘ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളൊരു മനുഷ്യന്‍’ ആണെന്നും അതേ പ്രശ്‌നമുള്ള ജനത്തിന്റെ ഇടയിലാണ് വസിക്കുന്നതെന്നും അവന്‍ സമ്മതിച്ചു (യെശയ്യാവ് 6:5). അടുത്തു സംഭവിച്ച കാര്യം എനിക്കു പ്രതീക്ഷ നല്‍കുന്നു. ഒരു ദൂതന്‍ തീക്കനല്‍ കൊണ്ട് അവന്റെ അധരങ്ങളെ തൊടുകയും ‘നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിനു പരിഹാരം വന്നിരിക്കുന്നു’ എന്നു പറയുകയും ചെയ്തു (വാ. 7).

നമ്മുടെ വാക്കുകള്‍ – എഴുതുന്നതും പറയുന്നതും – എങ്ങനെ ഉപയോഗിക്കണമെന്ന് നിമിഷം തോറും നാം തിരഞ്ഞെടുപ്പു നടത്തേണ്ടിയിരിക്കുന്നു. അവ ‘അപകടകരമായ വസ്തുക്കള്‍’ ആണോ അതോ നമ്മുടെ വായില്‍ നിന്നും പുറപ്പെടുന്നവയാല്‍ ദൈവത്ത മഹത്വപ്പെടുത്തത്തക്കവിധം നമ്മെ പാപബോധമുള്ളവരാക്കാന്‍ നാം ദൈവത്തിന്റെ മഹത്വത്തെയൂം നമ്മെ സൗഖ്യമാക്കാന്‍ അവന്റെ കൃപയെയും അനുവദിക്കുമോ?