ഒരു പഴയ കഥയനുസരിച്ച്, നിക്കോളാസ് എന്നു പേരുള്ള ഒരു മനുഷ്യന് (ജനനം എ.ഡി. 270), തന്റെ മൂന്നു പെണ്മക്കളെ പോറ്റുവാന്‍ വകയില്ലാത്ത ഒരു ദരിദ്ര മനുഷ്യനെക്കുറിച്ചു കേട്ടു, തന്റെ മക്കളുടെ വിവാഹം നടത്താനും അയാള്‍ക്കു നിവൃത്തിയില്ലായിരുന്നു. അയാളെ സഹായിക്കാന്‍ നിക്കോളാസ് ആഗ്രഹിച്ചു; എന്നാല്‍ തന്റെ സഹായം രഹസ്യമായിരിക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹം ഒരു സഞ്ചി സ്വര്‍ണ്ണനാണയങ്ങള്‍ തുറന്നു കിടന്ന ജനാലയിലൂടെ അകത്തേക്കിട്ടു. അത് അടുപ്പിനു മുകളില്‍ ഉണക്കാന്‍ വെച്ചിരുന്ന ഒരു സോക്കിലോ ഷൂവിലോ ആണ് വീണത്. ആ മനുഷ്യന് പിന്നീട് വിശുദ്ധ നിക്കോളാസ് എന്നറിയപ്പെടുകയും സാന്താക്ലോസിനു പ്രചോദനമായിത്തീരുകയും ചെയ്തു.
മുകളില്‍ നിന്നും വരുന്ന സമ്മാനത്തെക്കുറിച്ചുള്ള ആ കഥ ഞാന്‍ കേട്ടപ്പോള്‍, തന്റെ സ്നേഹവും മനസ്സലിവും നിമിത്തം അത്ഭുതകരമായ ഒരു ജനനത്തിലൂടെ എക്കാലത്തെയും വലിയ സമ്മാനമായി തന്റെ പുത്രനെ ഭൂമിയിലേക്കയച്ച പിതാവായ ദൈവത്തെക്കുറിച്ചാണ് ചിന്തിച്ചത്. മത്തായി സുവിശേഷം അനുസരിച്ച്, കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും, അവന് ‘ദൈവം നമ്മോടു കൂടെ” എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് പേര് വിളിക്കും എന്നുള്ള പഴയ നിയമ പ്രവചനം യേശുവില്‍ നിവൃത്തിയായി (1:23).
നിക്കോളാസിന്റെ സമ്മാനം മനോഹരമായിരിക്കുന്നതുപോലെ, അതിലും എത്രയോ മനോഹരമാണ് യേശു എന്ന സമ്മാനം! ഒരു മനുഷ്യനാകാന്‍ അവന് സ്വര്‍ഗ്ഗം വിട്ടു, മരിച്ച്, ഉയിര്‍ത്തെഴുന്നേറ്റു, അങ്ങനെ ദൈവം നമ്മോടുകൂടെ ജീവിക്കുന്നു. നമുക്കു മുറിവേല്‍ക്കുകയും നാം ദുഃഖിതരാകുകയും ചെയ്യുമ്പോള്‍ അവന് നമുക്ക് ആശ്വാസം പകരുന്നു; നമ്മുടെ മനസ്സു തളരുമ്പോള്‍ അവന് നമ്മെ ധൈര്യപ്പെടുത്തുന്നു; നാം വഞ്ചിക്കപ്പെടുമ്പോള്‍ അവന് നമുക്കു സത്യം വെളിപ്പെടുത്തിത്തരുന്നു.
യേശുവേ, ഹീനമായ സാഹചര്യങ്ങളില്‍ പിറക്കുന്നതിനായി അങ്ങ് പിതാവിനെ വിട്ടു വന്ന മാര്‍ഗ്ഗത്തിനായി അങ്ങേയ്ക്കു നന്ദി. എന്റെ ജീവിതത്തിലെ അങ്ങയുടെ സാന്നിധ്യത്തെ ഞാന്‍ മുതലെടുക്കാതിരിക്കട്ടെ.